ഗുജറാത്തില്‍ വീണ്ടും ഫോട്ടോഷോപ്പ് രാഷ്ട്രീയവുമായി ബിജെപിയുടെ വ്യാജപ്രചരണം

ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും ഫോട്ടോഷോപ്പ് രാഷ്ട്രീയവുമായി ബിജെപി. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഭരത് സിംഗ് സോളങ്കി രാജിവെച്ചുവെന്നായിരുന്നു വ്യാജ എഴുത്ത് പ്രചരിപ്പിച്ചുകൊണ്ടുള്ള ബിജെപിയുടെ നാടകം. ബിജെപി നടത്തിയ ഈ കള്ളത്തരം ഇതിനോടകം സോഷ്യല്‍ മീഡിയയിലാകെ ചര്‍ച്ചയായി കഴിഞ്ഞു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റു വിഭജനത്തിലെ അസംതൃപ്തിയില്‍ ഭരത് സോളങ്കി രാജിവെച്ചുവെന്നായിരുന്നു ബിജെപി പ്രചരിപ്പിച്ചിരുന്നത്. അദ്ദേഹത്തിന്റെ ലെറ്റര്‍ പാഡ് വ്യാജമായി നിര്‍മ്മച്ചാണ് ബിജെപി പ്രചരണം നടത്തിയത്. ഹര്‍ദ്ദിക് പട്ടേലിനെതിരായ സെക്‌സ് ടേപ്പ് വിവാദം കെട്ടടങ്ങുന്നതിന് മുന്‍പാണ് ബിജെപി അടുത്ത പുലിവാല് പിടിച്ചിരിക്കുന്നത്. കോണ്‍ഗ്രസുമായി സഖ്യം ചേരുന്ന ഹര്‍ദ്ദിക് പട്ടേലിന്റെ വിശ്വാസ്യത തകര്‍ക്കുന്നതിനും മുഖം വികൃതമാക്കുന്നതിനുമായിരുന്നു ബിജെപി അദ്ദേഹത്തിന്റെ സ്വകാര്യ നിമിഷങ്ങള്‍ ഉള്‍പ്പെടെ പുറത്തുവിട്ടത്. ബിജെപിയുടെ വ്യാജ പ്രചരങ്ങള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി കൊടുത്തിട്ടുണ്ടെന്ന് സോളങ്കി അറിയിച്ചു. സോണിയാ ഗാന്ധിക്ക് സോളങ്കി എഴുതിയ കത്ത് എന്ന പേരിലാണ് ബിജെപി വ്യാജ ലെറ്റര്‍പാഡിലുള്ള എഴുത്ത് പ്രചരിപ്പിച്ചത്. അര്‍ഹതയില്ലാത്തവര്‍ക്ക് സീറ്റ് നല്‍കിയത് തന്നെ വിഷമിപ്പിച്ചുവെന്നാണ് എഴുത്തിന്റെ ഉള്ളടക്കം. ഇതും ഹര്‍ദ്ദിക് പട്ടേലിനെ ലക്ഷ്യം വെച്ചുള്ള ബിജെപി തന്ത്രമാണ്. ബിജെപിയുടെ ഇത്തരം തന്ത്രങ്ങള്‍ കോണ്‍ഗ്രസിന്റെ മുഖത്ത് കരിവാരി തേക്കാനാണെന്നും പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയ്ക്ക് ഇടവരുത്തുന്നതാണെന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് ദോഷി പറഞ്ഞു. സോണിയാ ഗാന്ധിയോടും രാഹുല്‍ ഗാന്ധിയോടും എന്നും കൂറുള്ള വ്യക്തിയാണ് താന്‍. അതിനാല്‍തന്നെ എന്റെ രാജിയെ പറ്റിയുള്ള ചോദ്യം ഉയരുന്നില്ല- അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ അഴിമതി മറച്ചുവയ്ക്കാനുള്ള ബിജെപിയുടെ നീചമായ ശ്രമമാണിത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍?ഗ്രസ് അധികാരത്തിലെത്തുമെന്ന് മനസ്സിലായതിനെ തുടര്‍ന്നുള്ള ഗൂഡാലോചനയും വിറളിയുമാണ് ഇതിനു പിന്നിലെന്നും ഭരത് സിങ് സോളങ്കി ആരോപിച്ചു.

Top