ഭോപ്പാല്‍: ഫേയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട യുവതിയുമായി ഒരുമിച്ച് താമസിക്കുകയു പിന്നീട് കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. അവിശ്വസനീയമായ കഥയാണ് ഇയാളെ കുറിച്ച് പോലീസിന് പറയാനുണ്ടായിരുന്നത്.
വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിക്കുകയായിരുന്ന യുവതിയെ യുവാവ് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി മൃതദേഹം വീട്ടിനുള്ളില്‍ തന്നെ കുഴിച്ചുമൂടിയ ശേഷം മാര്‍ബിള്‍ കൊണ്ട് ശവകുടീരവും നിര്‍മിക്കുകയായിരുന്നു. കൊലപാതകം മറച്ചുവയ്ക്കുന്നതിനു വേണ്ടിയാണ് ശവകുടീരം പണിതത്. സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട ശ്വേതയും ഉദയനും വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിക്കുകയായിരുന്നു.
ഭോപ്പാലിലാണ് മനുഷ്യമനസ്സാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരകൃത്യം അരങ്ങേറിയത്. ഉദയന്‍ ദാസ് എന്ന യുവാവാണ് ശ്വേത ശര്‍മ എന്ന തന്റെ ലിവിംഗ് ടുഗദര്‍ പങ്കാളിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയത്. ഉദയനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ഡിസംബര്‍ 27നാണ് സംഭവം നടന്നത്. മുന്‍ കാമുകനുമായി ശ്വേത ഫോണില്‍ സംസാരിച്ചതാണ് കൊലയ്ക്കു പ്രേരിപ്പിച്ചതെന്നു ഉദയന്‍ പൊലീസിനോടു സമ്മതിച്ചിട്ടുണ്ട്. ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും പ്രതി കുറ്റസമ്മതം നടത്തി
പശ്ചിമ ബംഗാള്‍ സ്വദേശിയായ ശ്വേത, സോഷ്യല്‍ മീഡിയയിലൂടെയാണ് ഉദയനുമായി പരിചയപ്പെട്ടത്. കഴിഞ്ഞ ജൂണില്‍ ഉദയനൊപ്പം താമസിക്കുന്നതിനായി ശ്വേത വീട് വിട്ടു. ന്യുയോര്‍ക്കില്‍ ജോലി കിട്ടിയെന്ന് വീട്ടുകാരെ ധരിപ്പിച്ച ശേഷമാണ് ശ്വേത വീടു വിട്ടത്. ന്യൂയോര്‍ക്കില്‍ നിന്നെന്ന വ്യാജേന ഒരു മാസത്തോളം ശ്വേത വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. പിന്നീട് വീട്ടില്‍ വിളിച്ചിട്ടില്ല. ഇതേതുടര്‍ന്ന് വീട്ടുകാര്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.
ശ്വേത ശര്‍മയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പശ്ചിമ ബംഗാള്‍ പൊലീസ് ഭോപ്പാലില്‍ എത്തിയതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. മൃതദേഹം അടക്കം ചെയ്ത മാര്‍ബിള്‍ കുടീരം പൊളിച്ച് മൃതദേഹഭാഗങ്ങള്‍ പോലീസ് വീണ്ടെടുത്തു.
ശ്വേത മുന്‍ കാമുകനുമായി ഫോണില്‍ സംസാരിക്കുന്നതിനെച്ചൊല്ലി നിരന്തരം വഴക്കുണ്ടായിരുന്നതായി ഉദയന്‍ പോലീനിനോട് പറഞ്ഞു. സംഭവ ദിവസവും ശ്വേതയുമായി വഴക്കുണ്ടായി. തുടര്‍ന്ന് ശ്വേതയെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നെന്ന് ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് മൃതദേഹം ഒരു തടിപ്പെട്ടിയിലാക്കി. അതിന് മുകളില്‍ സിമന്റ് ഇട്ട് ഉറപ്പിച്ചു. പിന്നീട് അതിന് മുകളിലായി മാര്‍ബിള്‍ ഒട്ടിക്കുകയായിരുന്നു. ഉദയന്‍ ദാസിന് പ്രത്യേക ജോലിയൊന്നുമില്ല. എന്നാല്‍ ഇയാള്‍ ആഡംബര ജീവിതമാണ് നയിക്കുന്നത്. ആഡംബര ജീവിതം നയിക്കുന്ന ഉദയന്‍ രണ്ട് ആഡംബര കാറുകളുടെ ഉടമയാണ്. ഇയാളുടെ സാമ്പത്തിക സ്രോതസും പൊലീസ് അന്വേഷിക്കുന്നുണ്ട്.