
കറാച്ചി: ഏഷ്യയിലെ ഏറ്റവും ഉയരമുള്ള കുരിശുകളിലൊന്നു സ്ഥിതി ചെയ്യുന്നത് ക്രൈസ്തവ പീഡനങ്ങള്‍ക്ക് പേരുകേട്ട പാക്കിസ്ഥാനിൽ. ക്രൈസ്തവ വിശ്വാസിയായ പർവേസ് ഹെൻറിയാണ് നൂറ്റിനാല്പത് അടിയോളം ഉയരമുളള കുരിശ്, കറാച്ചിയിലെ ഗോറ ഖബ്രിസ്ഥാൻ സെമിത്തേരിയിൽ സ്ഥാപിച്ചത്. ക്രൈസ്തവ സമൂഹത്തിനായി ഉദ്യമിക്കണമെന്ന ദർശനത്തെ തുടർന്നാണ് മുസ്ളിം ഭൂരിപക്ഷ രാജ്യത്ത് ഏറ്റവും ഉയരമുള്ള കുരിശ് സ്ഥാപിക്കുവാനുള്ള പ്രചോദനം ലഭിച്ചതെന്ന് അദ്ദേഹം ‘ക്രിസ്ത്യന്‍സ് ഇന്‍ പാക്കിസ്ഥാന്‍’ എന്ന മാധ്യമത്തോട് പറഞ്ഞു.
പത്ത് ലക്ഷത്തോളം ക്രൈസ്തവര്‍ മാത്രമുള്ള പാക്കിസ്ഥാനിൽ, ദൈവത്തിന്റെ അടയാളവും പ്രതീക്ഷയുടെ ചിഹ്നവുമായ വിശുദ്ധ കുരിശ്, രാജ്യത്ത് തുടരാൻ ക്രൈസ്തവർക്ക് പ്രതീക്ഷ നല്കുന്നുവെന്നും ഗിൽ പറഞ്ഞു. ആയിരക്കണക്കിന് കിലോ തൂക്കമുള്ള സ്റ്റീൽ, ഇരുമ്പ്, സിമന്റ് എന്നിവ കൊണ്ടാണ് വിശുദ്ധ കുരിശിന്റെ നിർമ്മാണം. അതിനാൽ വെടിയുണ്ടകളെ പോലും അതിജീവിക്കാൻ കുരിശിന് സാധിക്കുമെന്നാണ് ഗില്‍ പറയുന്നത്. സാമൂഹ്യ വിരുദ്ധരുടെ ആക്രമണവും മാലിന്യം നിക്ഷേപവും രൂക്ഷമായ ഗോറ ഖബ്രിസ്ഥാൻ സെമിത്തേരിയിലാണ് ഗിലിന്റെ നേതൃത്വത്തിൽ ദൗത്യം പൂർത്തീകരിച്ചത്.
2013 ൽ മതസ്പർദ്ധയെ തുടർന്ന് നൂറോളം ക്രൈസ്തവരാണ് ദേവാലയത്തിനു നേരെ നടന്ന ബോംബാക്രമണത്തിൽ മരണമടഞ്ഞത്. കൂടാതെ, ഒരു ക്രൈസ്തവ കുടുംബം അന്ന്‍ അഗ്നിക്കിരയാക്കപ്പെട്ടു. ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ അരക്ഷിതാവസ്ഥകൾക്കിടയിലും രാഷ്ട്ര സ്ഥാപകനായ മുഹമ്മദ് അലി ജിന്നയുടെ മതസ്വാതന്ത്ര്യമെന്ന സ്വപ്നത്തിന്റെ പ്രകടമായ അടയാളമാണ് ഈ കുരിശെന്ന് ‘ക്രിസ്ത്യന്‍സ് ഇന്‍ പാക്കിസ്ഥാന്‍’ റിപ്പോർട്ട് ചെയ്യുന്നു.