ഇനി തിരഞ്ഞെടുപ്പ്‌ കാലം: ബീഹാറില്‍ അഞ്ചു ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ്‌

പാട്‌ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഒക്ടോബര്‍ 12, 16, 28, നവംബര്‍ ഒന്ന്, അഞ്ച്, തീയതികളിലായി അഞ്ചു ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടം ഒക്‌ടോബര്‍ 12നും രണ്ടാം ഘട്ടം ഒക്‌ടോബര്‍ 16നും നടക്കും. ഒക്ടോബര്‍ 28ന് മൂന്നാം ഘട്ടവും നവംബര്‍ ഒന്നിന് നാലാം ഘട്ടവും നവംബര്‍ അഞ്ചിന് അഞ്ചാം ഘട്ടവും വോട്ടെടുപ്പ് നടക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം സെപ്റ്റംബര്‍ 16ന് നിലവില്‍ വരും. നവംബര്‍ എട്ടിനായിരിക്കും ഫലപ്രഖ്യാപനം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ബീഹാറില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ബീഹാറിലെ 47 മണ്ഡലങ്ങളില്‍ മാവോയിസ്റ്റുകള്‍ക്ക് സ്വാധീനം കൂടുതലായതിനാല്‍, പ്രത്യേക സുരക്ഷാസംവിധാനങ്ങളുടെ അകമ്പടിയോടെയാകും തെരഞ്ഞെടുപ്പ് നടത്തുകയെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഫോട്ടോ പതിച്ച വോട്ടിങ് മെഷീന്‍ ഉപയോഗിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക. 6.68 കോടി വോട്ടര്‍മാരാണ് ബീഹാറില്‍ ഉള്ളത്.

നിതീഷ് കുമാറും നരേന്ദ്രമോദിയും നേര്‍ക്കുനേര്‍ വരുന്ന തെരഞ്ഞെടുപ്പായിരിക്കും ബീഹാറില്‍ നടക്കുക. തെരഞ്ഞെടുപ്പില്‍ ബിജെപി നേട്ടം കൊയ്താല്‍ അത് പാര്‍ട്ടിയിലും സര്‍ക്കാരിലും മോദിയുടെ പ്രമാദിത്വം അരക്കിട്ട് ഉറപ്പിക്കും. അതേസമയം നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സഖ്യമാണ് വിജയം നേടുന്നതെങ്കില്‍ മോദിയ്ക്കെതിരെ പാര്‍ട്ടിയിലും സര്‍ക്കാരിലുമുള്ള എതിര്‍പ്പ് ശക്തിപ്രാപിക്കും. അതുകൊണ്ടുതന്നെ ദേശീയ രാഷ്‌ട്രീയത്തിലും ഏറെ നിര്‍ണായകമാണ് ബീഹാര്‍ തെരഞ്ഞെടുപ്പ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top