ന്യൂഡല്‍ഹി:ബീഹാര്‍ ഭരണം പിടിക്കാന്‍ പ്രധാനമന്ത്രി മോദിയും ബിജെപിയും കടുത്ത പരിശ്രമം നടത്തുന്നു.മോദിയുടെ തരംഗം നിലനിര്‍ത്തണമെങ്കില്‍ നിതീഷിനെ പരാജയപ്പെടുത്തിയേ പറ്റൂ.അതിനായി ഒരു കോടി എഴുപത്താറു ലക്ഷത്തിന്റെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിരിക്കയാണ് ബിജെപിക്ക് .എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം തിരിച്ചടിയായാല്‍ അത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വലിയ പ്രതിസന്ധിയാകും.വിദേശരാജ്യങ്ങളിലെ സന്ദര്‍ശനത്തിലടക്കം ലക്ഷക്കണക്കിന് പ്രവാസികളെ സ്വാധീനിക്കുകയും അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്ന് ലോകനേതാവ് പട്ടത്തിനരികെ എത്തുകയും ചെയ്ത മോഡിക്ക് സ്വന്തം രാജ്യത്തെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ അന്താരാഷ്ട്ര രംഗത്തെ പ്രതിച്ഛായക്കാണ് കോട്ടം തട്ടുക.
ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞാണ് ബീഹാര്‍ ഭരണം പിടിക്കാന്‍ അരയും തലയും മുറുക്കി ബിജെപി നേതൃത്വവും കേന്ദ്രസര്‍ക്കാരും ഇപ്പോള്‍ രംഗത്തിറങ്ങിയിരിക്കുന്നത്.നേരത്തെ മോഡി പ്രഖ്യാപിച്ച 1.65 ലക്ഷം കോടി രൂപയുടെ പ്രത്യേക പാക്കേജിന് പുറമേയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഊര്‍ജ മേഖലയിലെ വികസനത്തിന് മാത്രമായി 11,050 കോടിയുടെ പാക്കേജും പ്രഖ്യാപിച്ചിട്ടുള്ളത്.
ബീഹാര്‍ തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന ഉത്തര്‍പ്രദേശ്,തമിഴ്‌നാട്,കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ബീഹാര്‍ ഫലം സ്വാധീനം ചെലുത്തുമെന്നതിനാല്‍ പ്രതിപക്ഷവും രണ്ടും കല്‍പിച്ചാണ് രംഗത്തിറങ്ങിയിട്ടുള്ളത്.ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തിനെതിരെ ജെഡിയു-ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യമാണ് മത്സരിക്കുന്നത്.100 സീറ്റുകളില്‍ വീതം ജെഡിയുവും ആര്‍ജെഡിയും കോണ്‍ഗ്രസ് 40 സീറ്റുകളിലുമാണ് മത്സരിക്കുന്നത്.
വിശാല സഖ്യത്തില്‍ നിന്ന് മുലായംസിങിന്റെ സമാജ്‌വാദി പാര്‍ട്ടി ഉടക്കി നില്‍ക്കുകയാണെങ്കിലും ബീഹാറിന് ശേഷം നടക്കുന്ന യുപി തിരഞ്ഞെടുപ്പില്‍ ബീഹാര്‍ ‘എഫക്ട്’ ഉണ്ടാകുമെന്നതിനാല്‍ ഒടുവില്‍ സമാജ്‌വാദി പാര്‍ട്ടി പിന്‍തുണയ്ക്കുമെന്നു തന്നെയാണ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രതീക്ഷ.നക്‌സലൈറ്റുകള്‍ക്കും സിപിഎം,സിപിഐ (എംഎല്‍) സിപിഐ തുടങ്ങിയ ഇടത്പക്ഷ പാര്‍ട്ടികള്‍ക്കും ചില ജില്ലകളില്‍ കാര്യമായ സ്വാധീനമുണ്ടെങ്കിലും മൂന്നാം മുന്നണിയായി മത്സരിക്കാനാണ് അവരുടെ തീരുമാനം. എന്നാല്‍ ആത്യന്തികമായി ബിജെപി സ്ഥാനാര്‍ത്ഥികളുടെ പരാജയം ഉറപ്പു വരുത്താനായിരിക്കും ഇടതുപക്ഷം ശ്രമിക്കുകയെന്നാണ് സൂചന.
ബിജെപി സഖ്യത്തിന് ബീഹാറില്‍ രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി മാത്രമാണ് കാര്യമായ സ്വാധീനമുള്ള ഘടകകക്ഷി. ഇതിനാല്‍ തന്നെ ബഹുഭൂരിപക്ഷം സീറ്റുകളിലും ബിജെപി സ്ഥാനാര്‍ത്ഥികളോടാണ് വിശാല സഖ്യത്തിന്റെ നേരിട്ടുള്ള ഏറ്റുമുട്ടല്‍.കോണ്‍ഗ്രസും ജനതാപരിവാറും മറ്റും യോജിച്ചിട്ടും ബീഹാറില്‍ ബിജെപി വിജയ രഥത്തിലേറിയാല്‍ അത് ആത്മഹത്യാപരമായിരിക്കും രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.
സര്‍ക്കാരിനെതിരെ ഉയര്‍ന്ന് വന്ന ഒരു റാങ്ക് ഒരു പെന്‍ഷന്‍ വിവാദത്തിലെ വിമുക്ത ഭടന്മാരുടെ പ്രതിഷേധം അണക്കാനും സമവായത്തിനും കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചതും ബീഹാര്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്.നരേന്ദ്ര മോഡിയുടെ വ്യക്തിത്വത്തേയും ബിജെപിയുടെ നിലനില്‍പ്പിനേയും ബാധിക്കുന്ന തിരഞ്ഞെടുപ്പായി ബീഹാര്‍ തിരഞ്ഞെടുപ്പിനെ കണ്ട് പ്രചരണ രംഗത്ത് സജീവമാകാനാണ് ആര്‍എസ്എസ് നേതൃത്വം അണികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.പ്രധാനമന്ത്രിയും ബിജെപി പ്രസിഡന്റും കേന്ദ്രമന്ത്രിമാരടക്കമുള്ള വിശാല പടയെയാണ് ബീഹാറിലെ വിശാല സഖ്യത്തെ നേരിടാന്‍ നിയോഗിച്ചിരിക്കുന്നത്.
ബോളിവുഡ് സൂപ്പര്‍താരങ്ങള്‍ അടക്കമുള്ളവരേയും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറക്കാന്‍ ബിജെപിക്ക് പദ്ധതിയുണ്ട്.അതേസമയം, രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ അഭിമാന പോരാട്ടമാണ് ബീഹാറില്‍ നടക്കുന്നത് എന്നതിനാല്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, സാംസ്‌കാരിക നായകര്‍ തുടങ്ങി പ്രമുഖരെ രംഗത്തിറക്കാനാണ് വിശാല സഖ്യത്തിന്റെ തീരുമാനം.
കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, എന്നിവരും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങും.ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ക്ലീന്‍ ഇമേജ് വോട്ടാക്കാനാണ് വിശാല സഖ്യത്തിന്റെ നീക്കം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡിയുടെ പ്രചാരണം നയിച്ച ഈവന്റ് മാനേജ്‌മെന്റ് വിദഗ്ദ്ധന്‍ പ്രശാന്ത് കിഷോര്‍ ഇക്കുറി നിതീഷിനു വേണ്ടിയാണ് തന്ത്രങ്ങള്‍ മെനയുന്നത്. ഇത് മോഡിക്കും ബിജെപിക്കും പ്രധാന വെല്ലുവിളിയാണ്.ഗുജറാത്ത് കലാപത്തിലെ ‘പാപക്കറ’ നരേന്ദ്ര മോഡിക്കു മേല്‍ ആരോപിച്ച പ്രതിപക്ഷത്തിന്റെ മുനയൊടിച്ചു കളയാനും പൊതുസമൂഹത്തിനിടയില്‍ കരുത്തുറ്റ നേതാവായും വികസന നായകനായും മോഡിക്കു പ്രതിച്ഛായയുണ്ടാക്കാനും പ്രശാന്ത് കിഷോറിന്റെ ‘ടീം മോഡി’ ക്കു കഴിഞ്ഞിരുന്നു. ഈ ടീമാണ് ഇപ്പോള്‍ ‘ടീം നിതീഷായി’ മാറിയിരിക്കുന്നത്.
ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത് എന്നത് വിശാല സഖ്യത്തിന് ആത്മ വിശ്വാസം നല്‍കുന്ന ഘടകമാണ്.നരേന്ദ്ര മോഡി അധികാരത്തില്‍ വന്നതിന് ശേഷം നടന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി ബിജെപിയെ തകര്‍ത്ത് ഒറ്റയ്ക്ക് അധികാരം പിടിച്ചതിനാല്‍ , അതിന് ശേഷം നടക്കുന്ന ബീഹാര്‍ തിരഞ്ഞെടുപ്പിലും ചരിത്രം ആവര്‍ത്തിച്ചാല്‍ ബിജെപിയും മോഡിയും പ്രതിരോധത്തിലാകുമെന്നതിനാല്‍ കെജ്‌രിവാളിനെ മുഖ്യ പ്രചാരകനാക്കാനാണ് നിതീഷ് കുമാറിന് താല്‍പര്യം.
ഡല്‍ഹി ജനസംഖ്യയില്‍ 50 ലക്ഷത്തോളം പേര്‍ ബീഹാറുകാരായതിനാല്‍ ബീഹാറിനു പുറമേ ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ സഹായത്തോടെ സംയുക്ത പ്രചാരണം നടത്താനാണ് നിതീഷ് കുമാറിന്റെ തീരുമാനം. നിലവില്‍ എഎപി എംഎല്‍എമാരില്‍ 12 പേര്‍ ബീഹാര്‍ സ്വദേശികളാണ്.കേന്ദ്രസര്‍ക്കാരുമായി ഏറ്റുമുട്ടുന്ന ഡല്‍ഹി സര്‍ക്കാര്‍ അഴിമതി വിരുദ്ധ വിഭാഗം രൂപീകരിച്ചപ്പോള്‍ തലപ്പത്തേക്ക് ബീഹാര്‍ പോലീസില്‍ നിന്ന് ഉദ്യോഗസ്ഥരെ വിട്ടു നല്‍കിയത് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ്. കെജ്‌രിവാളുമായി അടുത്ത ബന്ധമുള്ള നിതീഷ് കുമാറിനു വേണ്ടി ആം ആദ്മി പാര്‍ട്ടി ചൂലെടുത്ത് രംഗത്തിറങ്ങിയാല്‍ അത് ബിജെപിക്ക് വലിയ വെല്ലുവിളിയാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
എന്നാല്‍ കാലിത്തീറ്റ കുംഭകോണമുള്‍പ്പെടെയുള്ള കേസില്‍പ്പെട്ട ലാലു പ്രസാദുമായി വേദി പങ്കിടാന്‍ അഴിമതി വിരുദ്ധ പ്രതിച്ഛായയുള്ള കെജ്‌രിവാളിന് കഴിയില്ലെന്നാണ് ബിജെപി നേതൃത്വം കരുതുന്നത്. ബിജെപിയുടെ ഈ ആരോപണം മുന്നില്‍ കണ്ട് ലാലു പ്രസാദിനെ ഒഴിവാക്കി നിതീഷ് കുമാറിനു വേണ്ടി സ്വന്തം നിലയ്ക്ക് പ്രചരണം നടത്താനാണ് കെജ്‌രിവാളിന്റെ നീക്കമെന്നാണ് ലഭിക്കുന്ന സൂചന.കാര്യങ്ങള്‍ എന്തായാലും രാജ്യം ഉറ്റുനോക്കുന്ന തീപാറുന്ന പോരാട്ടത്തിനാണ് ബീഹാറില്‍ ആരവങ്ങളുയര്‍ന്നിരിക്കുന്നത്.