പാറ്റ്‌ന: ബീഹാറില്‍ എന്‍ഡിഎ സഖ്യം വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് ബിജെപിയുടെ പുതിയ കണക്കെടുപ്പ്. 160 മുതല്‍ 170 വരെ സീറ്റുകളില്‍ സഖ്യം വിജയിക്കുമെന്നാണ് ബിജെപിയുടെ ഏറ്റവും പുതിയ വിലയിരുത്തല്‍. ഏറിയാല്‍ ഇത് 123 മുതല്‍ 13ദവരെ സീറ്റുകളായി കുറഞ്ഞേക്കാമെന്നും സര്‍വ്വെ വിശദീകരിക്കുന്നു.ജെഡിയു, ആര്‍ജെഡി കോണ്‍ഗ്രസ് പാര്‍ട്ടികളുടെ മഹാസഖ്യം 70 സീറ്റുകളിലൊതുങ്ങുമെന്ന് ബിജെപി കേന്ദ്രങ്ങള്‍ പറയുന്നു. ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡി തെരഞ്ഞെടുപ്പില്‍ കുറച്ചെങ്കിലും നേട്ടം കൈവരിക്കുമെങ്കിലും, നിതീഷ് കുമാറിന്റെ ജെഡിയുവിന് വലിയ തിരിച്ചടി നേരിടും.
ബിജെപി സംസ്ഥാന യൂണിറ്റിനെ പങ്കെടുപ്പിക്കാതെ അമിത് ഷാ ദൗത്യമേല്‍പിച്ച പ്രത്യേക സംഘമാണ് സര്‍വ്വേ നടത്തിയത്. എന്‍ഡിഎ സീറ്റ് വിഭജനം പൂര്‍ത്തിയായ ശേഷം പുറത്ത് വരുന്ന ആദ്യസര്‍വ്വേ കൂടിയാണ് ഇത്. ജനതാ പരിവാര്‍ രൂപീകരിക്കാനിടയായ സാഹചര്യത്തെ കുറിച്ച് നിതീഷ് കുമാറിന് ജനങ്ങള്‍ക്ക് കൃത്യമായ വിശദീകരണം നല്‍കാന്‍ കഴിയില്ല എന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുക വഴി പ്രമുഖ സോഷ്യലിസ്റ്റ് നേതാവായ റാം മനോഹര്‍ ലോഹ്യയെ ജനതാ പരിവാര്‍ വഞ്ചിച്ചുവെന്ന് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ബീഹാര്‍ മോഡല്‍ വികസനം സംസ്ഥാനത്തെ രാജ്യത്തെ വികസനപട്ടികയില്‍ 21 ാമതാക്കിയെന്നും ജെയ്റ്റ്‌ലി പരിഹസിച്ചിരുന്നു.ബീഹാറില്‍ ഏറെ നിര്‍ണായകമായ ജാതി വോട്ടിംഗ് കണക്കുകള്‍ തങ്ങള്‍ക്ക് അനുകൂലമാണെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. മുപ്പത് ശതമാനത്തോളം വരുന്ന ദളിത് ,മഹാദളിത് കൊയ്‌റി ജാതി വോട്ടുകള്‍ ബിജെപിയെ തുണക്കുമെന്നും ബിജെപി വൃത്തങ്ങള്‍ വിശദീകരിക്കുന്നു. അസദുദ്ദീന്‍ ഒവൈസിയുടെ സാന്നിധ്യം ജനതാപരിവാറിന്റെ മുസ്ലിം വോട്ട് ബാങ്കിനെ തകര്‍ത്തിരിക്കുകയാണെന്നും ബിജെപി കണക്ക് കൂട്ടുന്നു.
മൂന്നാം മുന്നണിയായി മത്സരിക്കാനുള്ള മുലായംസിംഗിന്റെ സമാജ്വാദി പോലുള്ള പാര്‍ട്ടികളുടെ തീരുമാനവും ജനതാപരിവാറിന് വലിയ തിരിച്ചടിയാകും. 2010 ലെ തെരഞ്ഞെടുപ്പില്‍ സഖ്യക്ഷികളായിരുന്ന ജെഡിയു(115 സീറ്റ്) ബിജെപി(94 സീറ്റ് ) മികച്ച വിജയം നേടിയിരുന്നു. ആര്‍ജെഡി 22 സീറ്റുകളും, കോണ്‍ഗ്രസ് നാല് സീറ്റും ലോക് ജന്‍ ശക്തി പാര്‍ട്ടി മൂന്ന് സീറ്റുകളും നേടിയിരുന്നു. ബിജെപി സഖ്യം വിട്ട നിതീഷിന് പഴയ ജനപ്രിയതയില്ലെന്ന് ഇതുവരെ പുറത്ത് വന്ന എല്ലാ സര്‍വ്വേകളും വ്യക്തമാക്കുന്നു.