ഇടുക്കി : തെരഞ്ഞെടുപ്പ് സമയത്ത് തന്നെ വധിക്കാന്‍ ശ്രമമുണ്ടായതായി പീരുമേട് എം.എല്‍.എ ഇ.എസ് ബിജിമോള്‍. ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായതിന്റെ പേരിലാണ് തന്നെയും കുടുംബത്തെയും വിഷം കലര്‍ത്തി കൊല്ലാന്‍ നോക്കിയത്. ഇതിനായി തെരഞ്ഞെടുപ്പ് സമയത്ത് എല്‍.ഡി.എഫ് ക്യാമ്പില്‍ ഭക്ഷ്യവിഷബാധ ഉണ്ടാക്കാനായിരുന്നു ശ്രമമെന്നും ഒപ്പമുണ്ടായിരുന്നവര്‍ തന്നെയാണ് ഇതിന് ശ്രമിച്ചതെന്നും ബിജിമോള്‍ പറഞ്ഞു.
പോളിങ് ദിവസം ഇടതുമുന്നണി പ്രവര്‍ത്തകര്‍ ഉണ്ടാക്കിയ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി ഭക്ഷ്യവിഷബാധ ഉണ്ടാക്കാനും അതുവഴി മറ്റ് ബൂത്തുകളില്‍ ഇതിന്റെ പ്രതിഫലനമുണ്ടാക്കി തന്നെ പരാജയപ്പെടുത്താനുമാണ് ശ്രമം നടന്നതെന്നും ബിജിമോള്‍ പറഞ്ഞു. ഒപ്പമുള്ളവര്‍ തന്നെയാണ് ഈ ഗൂഡാലോചനയ്ക്ക് പിന്നിലെന്നും ബിജിമോള്‍ വെളിപ്പെടുത്തി.
താന്‍ അനധികൃത സ്വത്ത് സമ്പാദിച്ചതായി ലേഖനം തയ്യാറാക്കി വിതരണം ചെയ്തവര്‍ വരെ ഒപ്പമുണ്ട്. വിശുദ്ധി തെളിയിക്കാന്‍ അഗ്‌നിശുദ്ധി നടത്താന്‍ വരെ താന്‍ തയ്യാറാണെന്നും എന്നാല്‍, ഇതിന് പകരം തന്നെയും ഭര്‍ത്താവിനെയും പ്രായപൂര്‍ത്തിയാകാത്ത രണ്ട് മക്കളെയും ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളും തനിക്കെതിരെ നടന്നുവെന്നും ബിജിമോള്‍ പറഞ്ഞു. തെരഞ്ഞെടുപ്പിനു ശേഷം വോട്ടര്‍മാരെ നേരില്‍ കണ്ട് നന്ദി പറയുന്നതിന്റെ ഭാഗമായി അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു ബിജിമോള്‍ ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയത്.