![](https://dailyindianherald.com/wp-content/uploads/2016/05/biju-remesh.png)
തിരുവനന്തപുരം: മന്ത്രിയുടെ മകളെ തട്ടികൊണ്ടുപോയെന്ന വാര്‍ത്തയില്‍ പുതിയ വെളിപ്പെടുത്തലുമായി ബിജുരമേശ്. തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ വി എസ് ശിവകുമാറിന്റെ മകളെയാണു ഗുണ്ടകള്‍ തട്ടിക്കൊണ്ടു പോയതെന്നു ബാറുടമയും മണ്ഡലത്തിലെ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയുമായ ബിജു രമേശ് പറഞ്ഞു.
മരുന്നുകമ്പനികളില്‍ നിന്നു കമ്മീഷന്‍ വ്യവസ്ഥയില്‍ മന്ത്രി 15 കോടി വാങ്ങിയിരുന്നെന്നും ഇതു തിരികെ നല്‍കാത്തതുകൊണ്ടാണു തട്ടിക്കൊണ്ടു പോയതെന്നും വാര്‍ത്താസമ്മേളനത്തില്‍ ബിജു രമേശ് ആരോപിച്ചു.
തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലെ സ്വകാര്യ ആശുപത്രി 164 കോടി രൂപയ്ക്ക് മന്ത്രി ശിവകുമാര്‍ ബിനാമി പേരില്‍ വാങ്ങിയിട്ടുണ്ടണ്ടെന്നും ബിജു രമേശ് ആരോപിച്ചു. ഭാര്യാസഹോദരന്റെ പേരിലാണ് ആശുപത്രി വാങ്ങിയതെന്നും ബിജു പറഞ്ഞു.
മന്ത്രിയുടെ കള്ളപ്പണ ഇടപാടുകള്‍ക്കാണ് ഭാര്യാസഹോദരനെ ദുബായിലേക്ക് അയച്ചിരിക്കുന്നത്. മരുന്നുകമ്പനികളില്‍ നിന്നു കമ്മീഷന്‍ വ്യവസ്ഥയില്‍ കോടികള്‍ വാങ്ങിയെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ ഈ കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കാനായില്ല. ഇതോടെ കമ്മീഷനായി നല്‍കിയ പണം കമ്പനികള്‍ തിരികെ ചോദിച്ചു. എന്നാല്‍ പണം തിരികെ നല്‍കാന്‍ മന്ത്രി കൂട്ടാക്കിയില്ല. അതിനാലാണു ഡല്‍ഹിയില്‍ പഠിക്കുന്ന മകളെ മരുന്ന് കമ്പനിക്കാര്‍ തട്ടിക്കൊണ്ട് പോയത്.
ഒരു മന്ത്രിയുടെ മകളെ തട്ടിക്കൊണ്ടുപോയതു സംബന്ധിച്ച് നേരത്തെ മംഗളം പത്രം വാര്‍ത്ത നല്‍കിയിരുന്നു.
ഇത് ശ്രദ്ധയില്‍പെട്ടതിനാലാണ് ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണം നടത്തിയത്. അതുകൊണ്ടു കേരളത്തെ ഞെട്ടിക്കുന്ന അഴിമതിക്കഥ പുറത്തുകൊണ്ടുവരാനായി എന്നും ബിജു രമേശ് പറഞ്ഞു. അഴിമതിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി അഴിമതിക്കാരായ കെ എം മാണി, കെ ബാബു എന്നിവര്‍ക്കെതിരെ അവരുടെ മണ്ഡലങ്ങളിലെത്തി പ്രചാരണം നടത്തുമെന്നും ബിജു രമേശ് വ്യക്തമാക്കി.
തട്ടിക്കൊണ്ടുപോകപ്പെട്ട മകളെ സംസ്ഥാനത്തെ ഒരു മന്ത്രി ഡല്‍ഹിയിലെത്തി മോചിപ്പിച്ചെന്ന വാര്‍ത്ത മംഗളം പത്രമാണു റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയിലുണ്ടായിരുന്ന മകളെ മോചനദ്രവ്യം ആവശ്യപ്പെട്ട് ഒരു സംഘം തട്ടിക്കൊണ്ടുപോയെന്നും ക്രൈം ത്രില്ലറിനെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങളാണ് ഇതിനു പിന്നിലെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തട്ടിക്കൊണ്ട് പോകല്‍ അല്ല നടന്നതെന്നും മന്ത്രിയുടെ മകള്‍ ഇതരമതസ്ഥനൊപ്പം ഒളിച്ചോടുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. പെണ്‍കുട്ടിയുടെ കാമുകന് ബന്ധം ഉപേക്ഷിക്കാന്‍ അഞ്ച് കോടി നല്‍കിയെന്നും വാര്‍ത്തകളുണ്ടായിരുന്നു. അതീവ രഹസ്യമായി സൂക്ഷിച്ച ഇക്കാര്യം മംഗളത്തില്‍ തട്ടിക്കൊണ്ട് പോകല്‍ വാര്‍ത്തയാകുകയായിരുന്നു. എന്തായാലും ആരോഗ്യ മന്ത്രി പുതിയ വിവാദങ്ങള്‍ക്ക് എന്തായാലും മറുപടി പറയേണ്ടിവരും.