മൂന്നു പേര്‍ സഞ്ചരിച്ച ബൈക്കില്‍ ബസിടിച്ച്‌ യുവാവ്‌ മരിച്ചു

കുറവിലങ്ങാട്: കോഴാ പാലാ റോഡില്‍ വളകുഴിജംഗ്ഷനില്‍ മൂന്ന് പേര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് ബസിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. ബൈക്കോടിച്ചിരുന്ന കോതനല്ലൂര്‍ ചെമ്പകത്തടത്തില്‍ ഗോപാലകൃഷ്ണന്‍നായരുടെ മകന്‍ അരുണ്‍സാജ്(25) ആണ് മരിച്ചത്. സഹയാത്രികരായ കുറുപ്പന്തറ പാളിയില്‍ ആല്‍ബിന്‍(19), കോട്ടയം ഇളംപള്ളി മാഞ്ചേരിയില്‍ സജോപീറ്റര്‍(20) എന്നിവരെ ഗുരുതരപരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണ്ണുത്തി വെറ്റിനറി കോളേജിലെ എംഎസ്‌സി വിദ്യാര്‍ത്ഥിയാണ് മരിച്ച അരുണ്‍രാജ്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു അപകടം. പാലായില്‍നിന്നും വൈക്കത്തേക്ക് വരികയായിരുന്ന പവിത്ര എന്ന സ്വകാര്യബസ് വളകുഴിസ്റ്റോപ്പില്‍ നിര്‍ത്താന്‍ തുടങ്ങുമ്പഴായിരുന്നു അപകടം. പാലാ ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിനെ മറികടന്നെത്തിയ ബൈക്ക് നിയന്ത്രണംവിട്ട് സ്വകാര്യബസിന്റെ മുന്നിലിടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. കുറുപ്പന്തറഭാഗത്തുനിന്നും ബൈക്കില്‍ പാലാഭാഗത്തേക്ക് പോവുകയായിരുന്നു അപകടത്തില്‍പ്പെട്ടയുവാക്കള്‍. അപകടത്തില്‍പ്പെട്ടവരെ ആദ്യം കുറവിലങ്ങാട്ടുള്ള സ്വകാര്യശുപത്രിയിലെത്തിച്ചശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അരുണ്‍രാജിന്റെ ജീവന്‍രക്ഷിക്കാനായില്ല.
കോതനല്ലൂര്‍ ജംഗ്ഷനില്‍ തയ്യല്‍ക്കടനടത്തുന്ന ഗോപാലകൃഷ്ണന്റെ രണ്ടാമത്തെമകനാണ് അരുണ്‍സാജ് തൃശൂര്‍ മണ്ണുത്തി കോളേജില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയതായിരുന്നു. കളത്തൂര്‍ ആല്‍ബര്‍ട്ട് സ്കൂളിനടുത്ത് പുതുതായി നിര്‍മ്മിക്കുന്ന വീടിന്റെ പണിസൈറ്റില്‍ ഉച്ചയ്ക്ക് 1.45 വരെ അച്ഛനൊപ്പം അരുണ്‍ ഉണ്ടായിരുന്നു. ഇതിനുശേഷമാണ് ബൈക്കില്‍ സുഹൃത്തുക്കള്‍ക്കൊപ്പം പോയത്. സഹോദരന്‍ കിരണ്‍സാജ്(കണ്ണന്‍ കുവൈറ്റ്), അമ്മ ജെസി വെളിഞ്ഞാലില്‍കുടുംബാംഗം കുറുപ്പന്തറ.

Top