കോട്ടയം :
കോട്ടയം നഗരമധ്യത്തിൽ ബൈക്കിലെത്തി സ്‌കൂട്ടർ യാത്രക്കാരിയായ വീട്ടമ്മയുടെ മാല കവർന്ന സംഭവത്തിലെ പ്രതികൾ പിടിയിൽ. തിരുവനന്തപുരം കഠിനംകുളം തെരുവിൽ തെവിളാകം പുതുകുറിപ്പി നിശാന്ത് (29), കടയ്ക്കാവൂർ റോയി നിവാസ് റോക്കി റോയ് (26) എന്നിവരാണ് പൊലീസ് പിടിയിലായത്. ആലപ്പുഴയിൽ ആരോഗ്യ പ്രവർത്തകയെ ആക്രമിച്ചു സ്വർണ്ണമാല കവർന്ന കേസിലെ പ്രതികൾ തന്നെയാണ് കോട്ടയത്തും ആക്രമണം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കൊല്ലത്തു നിന്നും മോഷ്ടിച്ച ബൈക്കിലെത്തിയാണ് സംഘം മോഷണം നടത്തിയിരുന്നത്.
ഇരുവരെയും കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അനൂപ് കൃഷ്ണയുടെയും, എസ്.ഐ ടി.ശ്രീജിത്തിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം കൊല്ലത്ത് എത്തി അറസ്റ്റ് രേഖപ്പെടുത്തും. ആരോഗ്യ പ്രവർത്തകയെ ആക്രമിച്ച സംഭവത്തിനു പിന്നിൽ പ്രഫഷണൽ സംഘമാണ് എന്നു പൊലീസ് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നു പൊലീസ് പ്രതികൾക്കായി അന്വേഷണവും ആരംഭിച്ചിരുന്നു. സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് സ്ഥിരം കുറ്റവാളികളായ നിശാന്തും, റോക്കിയുമാണ് സംഭവത്തിനു പിന്നിലെന്നു കണ്ടെത്തി ഇതോടെ പൊലീസ് സംഘം ഇവർക്കായി അന്വേഷണം ആരംഭിച്ചു.
തുടർന്നു, പൊലീസ് അന്വേഷണം നടത്തുന്നതിനിടെ പ്രതികൾ ബസിൽ പോകുന്നതായി വിവരം ലഭിക്കുകയും, പിന്തുടർന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. കൊല്ലത്തു നിന്നും മോഷ്ടിച്ചെടുത്ത ബൈക്കിൽ ആലപ്പുഴയിൽ എത്തിയ പ്രതികൾ ഇവിടെ ആരോഗ്യ പ്രവർത്തകയുടെ മാല മോഷ്ടിച്ച ശേഷം ഇതേ ബൈക്കിൽ തന്നെ കോട്ടയത്ത് എത്തി മറിയപ്പള്ളി സ്വദേശിയായ യുവതിയുടെ മാല മോഷ്ടിച്ചതായാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം. രണ്ടു പ്രതികളെയും ചോദ്യം ചെയ്ത ശേഷം മാത്രമേ ഇതു സംബന്ധിച്ചു കൂടുതൽ വ്യക്തമായ വിവരങ്ങൾ പൊലീസിനു ലഭിക്കു. ഇതിനുള്ള നടപടികൾ ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെയും, ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാറിന്റെയും നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്.കൂടുതൽ അന്വേഷണങ്ങൾക്കായി കൊല്ലത്തു നിന്നും രണ്ടു പ്രതികളെയും വെസ്റ്റ് പൊലീസ് കസ്റ്റഡിയിൽ വാങ്ങും.