
തലശ്ശേരിയില്‍ ദളിത് യുവതികളെ പിഞ്ചു കുഞ്ഞിനോടൊപ്പം ജയിലിലടച്ചത് അങ്ങേയറ്റം ഹീനവും മനുഷ്യത്വരഹിതവുമായ പ്രവര്‍ത്തിയാണെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ അഡ്വ. ബിന്ദു കൃഷ്ണ അഭിപ്രായപ്പെട്ടു.
അധികാരത്തിലെത്തിയ അന്നു മുതല്‍ കണ്ണൂരില്‍ ജംഗിള്‍ രാജ് ആണ് നടപ്പിലാക്കുന്നത്. സി.പി.എം. ന്റെ ‘ബി’ ടീമായി കണ്ണൂരില്‍ പോലീസ് അധപതിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെതിരെ മത്സരിച്ചവരെയും പ്രവര്‍ത്തിച്ചവരെയും കുടുംബങ്ങളെയും തെരഞ്ഞു പിടിച്ചു സി.പി.എമ്മിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ പീഡിപ്പിക്കുകയാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ പേരില്‍ കണ്ണീരൊഴുക്കുന്ന സി.പി.എം. ദുര്‍ബല വിഭാഗത്തിലെ സ്ത്രീകളെയും കുഞ്ഞുങ്ങളെയും പോലും രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ വെറുതെ വിടുന്നില്ല. പയ്യന്നൂര്‍ കോളേജില്‍ പ്രൊഫസര്‍ ഡോ. പ്രജിതയെയും കല്യാശ്ശേരിയില്‍ ഡോ. നിതയെയും അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തത് ഇതിനുദാഹരണമാണ്. തലശ്ശേരിയില്‍ അഞ്ജനയും അഖിലയും കൈക്കുഞ്ഞുമായി സി.പി.എം. ഓഫീസില്‍ കയറി ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനെ ഷിജിനെ ആക്രമിച്ചു എന്ന കെട്ടുകഥ വിശ്വസനീയമല്ല. അത് അങ്ങേയറ്റം അപഹാസ്യവുമാണ്. ദളിത് യുവതികളെയും കുടുംബത്തെയും ആക്രമിക്കുകയും അപമാനിക്കുകയും ചെയ്ത സി.പി.എമ്മുകാരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് മെനക്കെടുന്നില്ല. അഞ്ജനയെയും അഖിലയെയും കുഞ്ഞിനെയും ജയിലിലടച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഗവണ്മെന്റ് തയ്യാറാകണം.