പരാതി പറയാൻ ചെന്ന യുവാവിന് നിറപുഞ്ചിരിയോടെ പോലീസ് നൽകിയത് പിറന്നാൾ കേക്ക്. സംഭവം സത്യമാണ്. മുംബൈയിലെ സാക്കിനക പോലീസ് സ്റ്റേഷനിൽ പരാതി പറയാൻ എത്തിയതായിരുന്നു അനീഷ് എന്ന യുവാവ്. പരാതി കേട്ട് എഫ്ഐആർ തയാറാക്കുന്നതിനിടയിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ തിരിച്ചറിഞ്ഞു ഇന്ന് പരാതിക്കാരന്റെ പിറന്നാളാണെന്ന്. ഉടൻ തന്നെ ജോലി വേഗത്തിൽ പൂർത്തിയാക്കിയ ശേഷം സ്റ്റേഷനിലുണ്ടായിരുന്ന ഉദ്യോസ്ഥർ എല്ലാവരും കൂടി അനീഷിന്റെ പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിക്കുകയായിരുന്നു. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ മുംബൈ പോലീസ് ട്വിറ്ററിൽ പങ്കുവെച്ചതിനെ തുടർന്ന് വൈറലായി. നിരവധിയാളുകളാണ് പോലീസുദ്യോഗസ്ഥർക്ക് അഭിന്ദനവുമായി രംഗത്തെത്തിയിരിക്കുന്നത്.