കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ബുധനാഴ്ച ഏഴു മണിക്കൂറിലേറെയാണ് ചോദ്യം ചെയ്തത്. അന്വേഷണ സംഘം 150ലേറെ ചോദ്യങ്ങളാണു ബിഷപ്പിനോടു ചോദിച്ചത്. പകുതിയിലേറെ ചോദ്യങ്ങള്‍ക്കും ബിഷപ്പിനു വ്യക്തമായ മറുപടി നല്‍കാനായില്ലെന്നാണ് വിവരം. ഇനിയുള്ള ചോദ്യംചെയ്യലിലും കൃത്യമായ മറുപടി നല്‍കാനായില്ലെങ്കില്‍ അറസ്റ്റ് അനിവാര്യമായേക്കുമെന്നാണ് പൊലീസ് നിലപാട്. മറ്റു മൊഴികളും തെളിവുകളും കൂടി പരിശോധിച്ചു ചോദ്യംചെയ്യല്‍ തുടരുമെന്നു കോട്ടയം എസ്പി ഹരിശങ്കര്‍ വ്യക്തമാക്കി.
രാവിലെ വന്നതുപോലെ നാടകീയമായി തന്നെയായിരുന്നു ബിഷപ്പിന്റെ മടക്കവും. മാധ്യമങ്ങള്‍ക്കു മുഖം നല്‍കാതിരിക്കാന്‍ പരമാവധി ശ്രമിച്ചു. ബിഷപ്പിനെ തൃപ്പൂണിത്തുറയില്‍ അന്വേഷണസംഘം ചോദ്യം ചെയ്തതു റിപ്പോര്‍ട്ടു ചെയ്യാന്‍ ദേശീയ മാധ്യമങ്ങളടക്കം വന്‍പടയാണ് എത്തിയത്. കന്യാസ്ത്രീക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടിയുടെ പ്രതികാരമാണു പരാതിക്ക് അടിസ്ഥാനമെന്നാണ് ബിഷപ്പ് ആവര്‍ത്തിച്ചത്. കുറവിലങ്ങാട് മഠത്തില്‍ തങ്ങിയിട്ടില്ലെന്ന മൊഴിയിലും ഉറച്ചുനിന്നു.
ചില തെളിവുകള്‍ പൊലീസിനു കൈമാറിയിട്ടുണ്ടെന്നു ബിഷപ്പിന്റെ അഭിഭാഷകര്‍ വ്യക്തമാക്കി. ബിഷപ്പിന്റെ വിശദീകരണത്തില്‍ അന്വേഷണ സംഘം തൃപ്തരല്ലെന്നാണു സൂചന. ബിഷപ്പിനെ ചോദ്യം ചെയ്തത് കേരളത്തിലെ ഏറ്റവും ആധുനിക കേന്ദ്രങ്ങളിലൊന്നിലാണ്. ഇവിടെ മണിക്കൂറുകള്‍ നീണ്ട വിശദമായ ചോദ്യം ചെയ്യലിന് ആദ്യമായി വിധേയനാവുന്ന വ്യക്തിയാണു ബിഷപ്. സംസ്ഥാനത്തെ 19 പൊലീസ് ജില്ലകളിലും സമാനമായ മുറികള്‍ സജ്ജമാണ്. ചോദ്യം ചെയ്യലിനു നിരവധി ആധുനിക സൗകര്യങ്ങളുമായി ഉദ്യോഗസ്ഥരെ കൂടുതല്‍ കാര്യക്ഷമമാക്കുക, പ്രതികളുടെ മനോനില വരെ മനസ്സിലാക്കി കുടുക്കുക തുടങ്ങിയ സംവിധാനങ്ങളാണ് ഇത്തരം ഹൈടെക് ഇന്ററോഗേഷന്‍ മുറികളിലുള്ളത്.
പുറത്തുനിന്നുള്ള ശബ്ദമോ വെളിച്ചമോ ഉള്ളിലേക്കു കടക്കാത്ത ഗ്ലാസ് ചേംബറിന്റെ ഉള്ളില്‍ ഇരുത്തുന്ന പ്രതിക്കു പുറത്തേക്കു കാണാനാവില്ല . എന്നാല്‍ സമീപത്തെ മുറിയിലിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കു പ്രതിയുടെ ഓരോ ചലനവും നിരീക്ഷിക്കാനാവും. ഉള്ളില്‍ കടക്കുന്ന പ്രതിയുടെ ഓരോ വാക്കും റെക്കോര്‍ഡ് ചെയ്യപ്പെടും. നാലു ഭാഗത്തും ക്യാമറകളുണ്ട്. സംസ്ഥാനത്തെ ഏതു പ്രധാന പൊലീസ് ഓഫീസുമായും വിഡിയോ കോണ്‍ഫറന്‍സിങ് വഴി ബന്ധപ്പെടാനാകും. ചോദ്യം ചെയ്യലിന്റെ വിഡിയോയും ഓഡിയോയും റെക്കോര്‍ഡ് ചെയ്യാം. ലോകത്ത് എവിടെനിന്നും ഉദ്യോഗസ്ഥര്‍ക്കു പ്രതികളെ നിരീക്ഷിക്കാം, ചോദ്യം ചെയ്യാം. ചോദ്യം ചെയ്യുന്നവര്‍ക്കു നിര്‍ദേശങ്ങള്‍ നല്‍കാനും കഴിയും.