
കൊച്ചി: ക്രൈസ്തവ സഭയുടെ കാരുണ്യ വര്‍ഷത്തില്‍ സ്വ ജീവിതത്തിലൂടെ കാരുണ്യംകാട്ടി മാര്‍ ജേക്കബ് മുരിക്കന്‍.അവയവദാനത്തിന്റെ ചരിത്രത്തില്‍ പുത്തന്‍ അധ്യായം കുറിച്ച് കൊണ്ട് ബിഷപ്പ് ജേക്കബ് മുരിക്കന്റെ വൃക്ക സൂരജ് എന്ന യുവാവില്‍ വെച്ചു പിടിപ്പിച്ചു. ശസ്ത്രക്രിയ വിജയകരമണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രാവിലെ കൊച്ചി ആശുപത്രിയിലെ ചാപ്പലില്‍ കുര്‍ബാനയില്‍ പങ്കെടുത്ത ശേഷം പത്തരയോടെയാണ് ബിഷപ്പിന്റെ വൃക്ക നീക്കം ചെയ്തത്.
ഈ കുര്‍ബാനക്ക് ശേഷം ബിഷപ്പ് ജേക്കബ് മുരിക്കന്‍ നടന്നുകയറിയത് ചരിത്രത്തിലേക്കായിരുന്നു. മറ്റൊരു ജീവന് രക്ഷിക്കാന്‍ സ്വന്തം ശരീരത്തിന്റെ ഒരു ഭാഗം പകുത്ത് നല്കിയ ആദ്യ ബിഷപ്പ്. കത്തോലിക്കാ സഭക്ക് ഇത് കാരുണ്യത്തിന്റെ വര്‍ഷമാണ്. അതെ വെറും പ്രചാരണം മാത്രമല്ലെന്ന് പ്രവര്‍ത്തിയിലൂടെ തെളിയിച്ചിരിക്കുകയാണ് പാല രൂപതാ സഹായ മെത്രാന് കൂടിയായ ജേക്കബ് മുരിക്കന്‍.
പത്തരയോടെ ബിഷപ്പിന്റെ ഒരു വൃക്ക നീക്കം ചെയ്തു. ജന്മനാ തന്നെ ഒരു വൃക്കയുമായി ജനിച്ച മുപ്പത്കാരന് സൂരജിന്റെ ശരീരത്തില്‍ വൈകിട്ടോടെ വൃക്ക വെച്ചുപിടിപ്പിച്ചു. അവയവദാനത്തോടുള്ള സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റം വരാന്‍ തന്റെ പുണ്യകര്‍മം സഹായിക്കട്ടെ എന്ന് മാത്രമായിരുന്നു ശസ്ത്രകിയക്ക് മുമ്പ് ബിഷപ്പ് ജേക്കബ് മുരിക്കന്റെ പ്രതികരണം.
ബിഷപ്പിന്റെ മൂന്ന് സഹോദരന്മാരും സുരജിന്റെ ഭാര്യവീട്ടുകാരും ആശുപത്രിയിലെത്തിയിരുന്നു. ഒരു വര്‍ഷം മുമ്പ് മൂത്രാശയ രോഗം വന്നപ്പോഴാണ് തനിക്ക് ഒരു വൃക്ക മാത്രമേയുള്ളൂ എന്ന് സൂരജ് തിരിച്ചറിഞ്ഞത്. രോഗം കടുത്തതോടെ വൃക്ക മാറ്റിവെക്കാതെ നിവൃത്തിയില്ലെന്നായി. ഒടുവില്‍ കിഡ്നി ഫൗണ്ടേഷന് ചെയര്മാന് ഫാ ഡേവിസ് ചിറമേലിലൂടെയാണ് ബിഷപ്പ് ജേക്കബ് മുരിക്കന്‍ പുതുജീവനുമായി സൂരജിന് മുന്നിലെത്തിയത്. ഇപ്പോള്‍ ഐസിയുവില്‍ നിരീക്ഷണത്തിലാണ് സൂരജ്.
എറണാകുളം ലേക്ഷോര് ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയക്ക് ഡോ. ജോര്‍ജ് പി. ഏബ്രാഹം, ഡോ.മോഹന്‍ എ. മാത്യു,ഡോ. എബി എബ്രഹാം എന്നീ ഡോക്ടര്‍മാര്‍ അടങ്ങിയ ടീമാണ് നേതൃത്വം നല്‍കിയത്. ശസ്ത്രക്രിയ അഞ്ചരമണിക്കൂര്‍ നീണ്ടുനിന്നു.