ബിഷപ്പ് ഫ്രാങ്കോ കന്യാസ്ത്രീയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി;രണ്ട് വര്‍ഷത്തിനിടെ 13 തവണ പീഡിപ്പിച്ചു.വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയെന്ന് എഫ്.ഐ.ആര്‍

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കന്യാസ്ത്രീയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് എഫ്.ഐ.ആര്‍. വിവരം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.   2014 മെയ് 5നാണ് ആദ്യ പീഡനം നടന്നത്. രണ്ട് വര്‍ഷത്തിനിടെ 13 തവണ പീഡനത്തിന് ഇരയായെന്ന് കന്യാസ്ത്രീ മൊഴി നല്‍കിയതായി എഫ്.ഐ.ആറില്‍ പറയുന്നു.

കേസില്‍ 81 സാക്ഷികളെ വിസ്തരിച്ചു. 34 രേഖകള്‍ പിടിച്ചെടുത്തു. കുറവിലങ്ങാട് പൊലീസാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കന്യാസ്ത്രീ മജിസ്ട്രേറ്റിനും പൊലീസിനും നല്‍കിയ മൊഴി സമാനമാണ്. അതേസമയം നാല് വര്‍ഷം മുന്‍പാണ് സംഭവം നടന്നതെന്നിരിക്കെ തെളിവുകള്‍ ശേഖരിക്കാന്‍ സ്വാഭാവികമായും കാലതാമസമുണ്ടാകുമെന്നാണ് പൊലീസിന്‍റെ വാദം.

അതേസമയം, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരം വ്യാപിപ്പിക്കും. തിങ്കളാഴ്ച്ച മുതല്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് നിരാഹാര സമരം തുടങ്ങും. സേവ് അവര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സിലിന്റേതാണ് തീരുമാനം.

ഇതിനിടെ, ജലന്തര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പരാതിയില്‍ അന്വേഷണം ശരിയായ ദിശയിലെന്ന് ഹൈക്കോടതി അറിയിച്ചു. സ്വതന്ത്രവും കാര്യക്ഷമവുമായ അന്വേഷണവുമാണ് നടക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി.

കന്യാസ്ത്രീ നൽകിയ പീഡന പരാതിയിൽ ജലന്തർ ബിഷപ്പിനെ അറസ്റ്റ് ചെയ്യണോയെന്ന് പൊലീസിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി ഉച്ചയ്ക്ക് വ്യക്തമാക്കിയിരുന്നു. കുറ്റസമ്മതമൊഴി മാത്രംപോര, അറസ്റ്റിന് തെളിവും വേണം. കേസിൽ സിബിഐ അന്വേഷണം ഈ ഘട്ടത്തിൽ ആവശ്യമില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. ബിഷപ്പിനെ ചോദ്യം ചെയ്യാതെ അറസ്റ്റു ചെയ്യാനാവില്ലെന്ന് പൊലീസ് വ്യക്തമാക്കി.

പൊലീസ് മുദ്രവച്ച കവറിൽ സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയത്.  സ്വതന്ത്രമായ അന്വേഷണം നടക്കേണ്ടതുണ്ട്. പരാതിക്കിടയായ സംഭവങ്ങൾ നടന്നത് മൂന്നു നാലു വർഷങ്ങൾക്ക് മുൻപാണ്.  തെളിവുകൾ ശേഖരിക്കാൻ സമയം എടുക്കുക സ്വാഭാവികമാണ്. പ്രതിയുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ആദ്യം പൊലീസ് പ്രതിയെ ചോദ്യം ചെയ്യട്ടെ.

അറസ്റ്റ് ആവശ്യപ്പെടുന്നവർ കന്യാസ്ത്രീ പ്രകടിപ്പിച്ച ക്ഷമയെങ്കിലും  കാണിക്കണം. പരാതിക്കാരിക്കോ സാക്ഷികൾക്കോ ഭീഷണി ഉണ്ടായാൽ കോടതിയെ അറിയിക്കാമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അന്വേഷണം ഊർജിതമായി പുരോഗമിക്കുകയാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു. അഞ്ച് സംസ്ഥാനങ്ങളിലായും കേരളത്തിൽ ഏഴു ജില്ലകളിലായും അന്വേഷണം പുരോഗമിക്കുന്നു.

സാക്ഷിമൊഴികളിൽ വൈരുധ്യമുണ്ട്. പ്രതിയെ ചോദ്യം ചെയ്യൽ കൂടാതെ അറസ്റ്റ് ചെയ്യാനാവില്ല. പരാതിക്കാരിക്കും സാക്ഷികൾക്കും സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും  സർക്കാർ അറിയിച്ചു. പൊലീസിന്റെ വിശദീകരണത്തിൽ തൃപ്തി പ്രകടിപ്പിച്ച കോടതി ബിഷപ്പിനെ ചോദ്യം ചെയ്ത ശേഷം ഹർജി പരിഗണിക്കുന്നതാവും ഉചിതമെന്ന് നിരീക്ഷിച്ചു. തുടർന്ന് കേസ് ഈ മാസം 24 ലേക്ക് മാറ്റി.

Top