പൂഞ്ഞാറിൽ ബിഷപ്പ് ഇടപെട്ടു; പി.സി ജോർജ് തെറിച്ചു: സിപിഎമ്മിന്റെ സീറ്റിൽ കേരള കോൺഗ്രസ് ഡമോക്രാറ്റിക്

രാഷ്ട്രീയ ലേഖകൻ

കാഞ്ഞിരപ്പള്ളി: യുഡിഎഫിൽ നിന്നു പുറത്തു വന്ന പി.സി ജോർജ് എംഎൽഎയുടെ കേരള കോൺഗ്രസ് സെക്യുലറിനു ഇടതു മുന്നണിയിൽ സീറ്റില്ലെന്നു ഉറപ്പായി. പൂഞ്ഞാർ സീറ്റ് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്കിനു നൽകണമെന്ന കാഞ്ഞിരപ്പള്ളി ബിഷപ്പിന്റെ കർശന നിർദേശത്തെ തുടർന്നാണ് ഇപ്പോൾ പി.സി ജോർജിനെ ഇടതു മുന്നണിയിൽ നിന്നു ഒഴിവാക്കിയിരിക്കുന്നത്. ഇവിടെ ഇടതു മുന്നണി സ്ഥാനാർഥിയായി കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് നേതാവ് കെ.സി ജോസഫിന്റെ പേരാണ് ഇപ്പോൾ ഇടതു മുന്നണി സ്ഥാനാർഥിയാകാൻ കാഞ്ഞിരപ്പള്ളി ബിഷപ്പ് നിർദേശിച്ചിരിക്കുന്നത്.
യുഡിഎഫ് മുന്നണി വിട്ടു വന്നപ്പോൾ ഇടതു മുന്നണി പി.സി ജോർജിനു സീറ്റ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, കേരള കോൺഗ്രസ് എം വിട്ട് ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ജനാധിപത്യ കേരള കോൺഗ്രസ് രൂപീകരിച്ചതോടെയാണ് ഇടതു മുന്നണി മാറി ചിന്തിച്ചു തുടങ്ങിയത്. ഇടതു മുന്നണിയുമായി സഹകരിക്കുന്ന ജനാധിപത്യ കേരള കോൺഗ്രസിനു കോട്ടയം ജില്ലയിലെ പൂഞ്ഞാർ, കടുത്തുരുത്തി, ചങ്ങനാശേരി സീറ്റുകൾ നൽകുന്നതിനു തത്വത്തിൽ ധാരണയായിട്ടുണ്ടെന്നാണ് സൂചന. കാഞ്ഞിരപ്പള്ളി ബിഷപ്പിന്റെ അനുഗ്രഹാശിസുകളോടെയാണ് ഇപ്പോൾ കേരള കോൺഗ്രസ് എം പിളർത്തി ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിൽ ജനാധിപത്യ കേരള കോൺഗ്രസ് രൂപീകരിച്ചത്.
പൂഞ്ഞാർ നിയോജക മണ്ഡലത്തിലും കാഞ്ഞിരപ്പള്ളിയിലും ചങ്ങനാശേരിയിലും കേരള കോൺഗ്രസ് പാർട്ടികൾക്കു ശക്തമായ സ്വാധീനമുള്ള മണ്ഡലങ്ങളാണ്. ഈ രണ്ടു മണ്ഡലങ്ങളിലും ജനാധിപത്യ കേരള കോൺഗ്രസുമായി യോജിച്ചു മത്സരിച്ചാൽ നേട്ടമുണ്ടാക്കാനാവുമെന്നാണ് സിപിഎമ്മും ഇടതു മുന്നണിയും പ്രതീക്ഷിക്കുന്നതും. ഇതു മുന്നിൽ കണ്ടാണ് സിപിഎം കേരള കോൺഗ്രസിനു തങ്ങളുടെ സീറ്റ് നൽകുന്നതും. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ യുഡിഎഫും ഇടതു മുന്നണിയും സ്ഥാനാർഥിയെ നിർത്തിയാൽ ഒറ്റയ്ക്കു മത്സരിക്കുന്നതിനുള്ള നീക്കത്തിലാണ് പി.സി ജോർജ്. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ എസ്ഡിപിഐ അടക്കമുള്ള മുസ്ലീം സംഘടനകളുമായി പി.സി ജോർജ് ഇതിനോടകം ധാരണയിൽ എത്തിച്ചേർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ രണ്ടു മുന്നണികളെയും പരാജയപ്പെടുത്താൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് പി.സി ജോർജ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top