ന്യൂഡല്‍ഹി: അഭിപ്രായ സ്വാതന്ത്ര്യം രാജ്യത്തെ തകര്‍ക്കാനുള്ള അവകാശമല്ലെന്ന് ബിജെപി. ദേശീയതയ്ക്കും അഭിപ്രായ സ്വാതന്ത്യത്തിനും ഒരുമിച്ച് പോകാന്‍ കഴിയുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അഭിപ്രായപ്പെട്ടു. ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന അനുവദിക്കുന്നുണ്ടെന്നും എന്നാല്‍ രാജ്യത്തെ തകര്‍ക്കാന്‍ അത് അനുവദിക്കുന്നില്ലെന്നും ജയ്റ്റ്‌ലി പറഞ്ഞു. കോണ്‍ഗ്രസ് തീര്‍ത്തും ദുര്‍ബലപ്പെട്ടിരിക്കുകയാണ്. ബിഹാര്‍, പശ്ചിമബംഗാള്‍, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഏതെങ്കിലും ഒരു കക്ഷിയുടെ വാലില്‍ തൂങ്ങി നടക്കേണ്ട അവസ്ഥയിലാണ് അതെന്നും ജയ്റ്റ്‌ലി പരിഹസിച്ചു.
യാതൊരു ദിശാബോധവുമില്ലാത്ത ഒരു സര്‍ക്കാര്‍ ഭരിച്ചിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിശ്ചയദാര്‍ഢ്യമുള്ള നേതൃത്വമുണ്ട്. ദേശീയതയില്‍ ഊന്നിയ നയങ്ങളുണ്ട്. പുരോഗതി കൊണ്ടുവരുന്ന ഭരണമുണ്ടെന്നും ജയ്റ്റ്‌ലി പറഞ്ഞു. ദേശീയതയില്‍ അടിയുറച്ചതാണ് നമ്മുടെ തത്വശാസ്ത്രമെന്നും ജയ്റ്റ്‌ലി ചൂണ്ടിക്കാട്ടി. നമ്മെ നയിക്കുന്നതും ഇതേ ദേശീയതയാണ്. ജെഎന്‍യു സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരെ നീങ്ങാനും പാര്‍ട്ടി തീരുമാനിച്ചു. ‘ഭാരത് മാതാ കീ ജയ്’ എന്ന മുദ്രാവാക്യവുമായി ബന്ധപ്പെട്ട് അടുത്തിടെ ഉയര്‍ന്ന വിവാദം പാര്‍ട്ടി യോഗത്തില്‍ ചര്‍ച്ചെചയ്‌തോയെന്ന ചോദ്യത്തിന് അത് ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണെന്ന് തോന്നുന്നില്ലെന്നും ജെയ്റ്റ്‌ലി മറുപടി പറഞ്ഞു.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേരളത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കും. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.