കോൺഗ്രസ് നേതാക്കളെ അടർത്താനുള്ള ശ്രമം പുറത്താക്കി: പത്ത് ബിജെപി നേതാക്കൾക്കെതിരെ നടപടി വരും; കുമ്മനം തെറിക്കും

പൊളിറ്റിക്കൽ ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിലെ പ്രമുഖരായ നേതാക്കളെ അടർത്തിയെടുക്കാനുള്ള ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ശ്രമം പാളിയതിനു പിന്നിൽ സംസ്ഥാനത്തു നിന്നുള്ള ഒരു വിഭാഗം നേതാക്കളെന്നു സൂചന. സംസ്ഥാന നേതൃത്വത്തിലെ ചിലരെ മാത്രം അറിയിച്ച് കേന്ദ്ര ബിജെപി നേതൃത്വവും – ആർഎസ്എസ് സംസ്ഥാന നേതൃത്വവും മാത്രം ഇടപെട്ട് നടത്തിയ നീക്കം പുറത്തായതിനു പിന്നിൽ പത്ത് സംസ്ഥാന നേതാക്കളാണെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. ഇത്തരത്തിൽ പാർട്ടി രഹസ്യം ചോർത്തിയവർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നും ബിജെപി കേന്ദ്ര നേതൃത്വം സൂചന നൽകുന്നു. പാർട്ടി രഹസ്യം കൃത്യമായി സൂക്ഷിക്കാനും നേതാക്കളെ നിലയ്ക്കു നിർത്താനും സാധിക്കാത്ത കുമ്മനം രാജശേഖരനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തു നിന്നു നീക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ശശി തരൂർ, പി.ജെ കുര്യൻ, ടി.എൻ പ്രതാപൻ എന്നിവർ അടക്കം ജനപിൻതുണയുള്ള കോൺഗ്രസ് നേതാക്കളെ തിരഞ്ഞെു പിടിച്ചു ബിജെപി പാളയത്തിൽ എത്തിക്കുന്നതിനായിരുന്നു പദ്ധതി. എന്നാൽ, പദ്ധതിയുടെ ആദ്യഘട്ട ചർച്ചകൾ പുരോഗമിക്കുന്നതിനിടെ തന്നെ വാർത്ത പുറത്തായതോടെ ഇത് പാളുകയായിരുന്നു. തുടർന്നാണ് ബിജെപി കേന്ദ്ര നേതൃത്വം പ്രശ്‌നത്തിൽ ഇടപെട്ടതും സംസ്ഥാന നേതാക്കൾക്കെതിരെ നടപടികൾക്കു കോപ്പു കൂട്ടു തുടങ്ങിയതും. മറ്റു സംസ്ഥാനങ്ങളിൽ വിജയകരമായി നടപ്പാക്കിയ ഓപ്പറേഷൻ ലോട്ടസ് കേരളത്തിൽ പരാജയമാകുന്നതിന്റെ കാരണം സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ നിസഹകരണമാണെന്ന സൂചനയാണ് കേന്ദ്ര നേതാക്കൾ നൽകുന്നത്.
സംസ്ഥാന നേതൃത്വത്തിൽ ഒരു വിഭാഗത്തിനു പാർട്ടിയുടെ നിലവിലെ അവസ്ഥയോടു യോജിപ്പില്ല. മുൻപ് സംസ്ഥാന ഭാരവാഹികളായി പാർട്ടിയെ അടക്കി ഭരിച്ചവരാണ് ഇവർ. നിലവിൽ പാർട്ടിയിൽ സംഘപരിവാർ സംഘടനകൾ പിടിമുറുക്കിയിരിക്കുകയാണ്. ഈ രീതി അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് ഇവർ സ്വീകരിച്ചിരിക്കുന്നത്. പാർട്ടിയിൽ തങ്ങൾക്കുള്ള സ്വാധീനം നഷ്ടമാകുന്നതിൽ ഇവർ കടുത്ത അസംതൃപ്തരാണ്. അതുകൊണ്ടു തന്നെയാണ് ഇവർക്കു സ്വാധീനമുള്ള പല മണ്ഡലങ്ങളിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെടാൻ കാരണമായതെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് ഇത്തരക്കാർക്കെതിരെ നടപടിയെടുക്കാൻ കേന്ദ്ര നേതൃത്വം തയ്യാറെടുക്കുന്നത്. ഇവരെ ഒഴിവാക്കിയെങ്കിൽ മാത്രമേ പാർട്ടിയ്ക്കു കേരളത്തിൽ രക്ഷപെടാനാവൂ എന്നും ബിജെപി കണക്കു കൂട്ടുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top