സ്വന്തം ലേഖകൻ
മലപ്പുറം: ഉപതിരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിലധികം വോട്ട് കണക്കു കൂട്ടിയിരുന്ന ബിജെപിയ്ക്കു തിരിച്ചടിയായത് ബിഡിജെഎസിന്റെ പിണക്കം. പാർലമെന്റ് ഉപതിരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിലധികം വോട്ട് പ്രതീക്ഷിച്ചിരുന്ന ബിജെപിയ്ക്കു വോട്ടെണ്ണൽ അവസാനഘട്ടത്തിലേയ്ക്കു കടക്കുമ്പോഴും കഷ്ടിച്ചു അരലക്ഷം വോട്ട് മാത്രമാണ് ലഭിച്ചിരിക്കുന്നത്. 2009 ൽ ബിജെപി ഒറ്റയ്ക്കു മത്സരിച്ചപ്പോൾ 36,016 വോട്ടും, 2014 ൽ 64,705 വോട്ടുമാണ് ബിജെപി സ്ഥാനാർഥികൾക്കു ലഭിച്ചിരുന്നത്. എന്നാൽ, ഇത്തവണ അവസാന ഘട്ടത്തിലേയ്ക്കു വോട്ടെണ്ണൽ കടന്നിട്ടും 56,661 വോട്ട് മാത്രമാണ് ബിജെപി സ്ഥാനാർഥിയ്ക്കു ഇത്തവണ നേടാൻ സാധിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവം മറ്റു സംസ്ഥാനങ്ങളിലെല്ലാം നേട്ടമുണ്ടാക്കുമ്പോൾ, ഇതിന്റെ അലയൊലികൾ കേരളത്തിലുമുണ്ടാകും എന്നായിരുന്നു ബിജെപി സംസ്ഥാന കേന്ദ്ര നേതൃത്വങ്ങളുടെ പ്രതീക്ഷ. ഇത്തവണ മലപ്പുറത്ത് ഒരു ലക്ഷം വോട്ട് പിടിക്കാൻ സാധിച്ചാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും കേരളത്തിൽ വൻ നേട്ടമുണ്ടാക്കാൻ സാധിക്കുമെന്നാണ് ബിജെപി കരുതിയിരുന്നത്. എന്നാൽ, ഒരു മണ്ഡലത്തിലും ബിജെപിയ്ക്കു കാര്യമായ പ്രയോജനമുണ്ടാക്കാൻ ബിജെപിയ്ക്കു സാധിച്ചില്ല.
മലപ്പുറത്ത് ബിഡിജെഎസിന്റെ പിൻതുണയോടെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏഴു മണ്ഡലങ്ങളിൽ 72,0000 വോട്ടാണ് ബിജെപിയ്ക്കു ലഭിച്ചിരുന്നത്. എന്നാൽ, ഇത്തവണ അറുപതിനായിരം കടക്കാൻ സാധിക്കുമെന്ന പ്രതീക്ഷ ബിജെപി സംസ്ഥാന ഘടകത്തിനില്ല. എല്ലാ സംവിധാനങ്ങളും പാർട്ടിയുടെ ഫണ്ടും കൃത്യമായി ഉപയോഗിച്ചിട്ടും മലപ്പുറത്ത് വോട്ട് ശരാശരി ഉയർത്താൻ പാർട്ടിയ്ക്കു സാധിക്കാത്തതിൽ കടുത്ത എതിർപ്പാണ് ബിജെപി സംസ്ഥാന നേതൃത്വം ഇപ്പോൾ പ്രകടിപ്പിച്ചിരിക്കുന്നത്.
ഇതിനിടെ മലപ്പുറം തിരഞ്ഞെടുപ്പോടെ ബിഡിജെഎസ് നേതൃത്വം യുഡിഎഫുമായി കൂടുതൽ അടുത്തു. കുഞ്ഞാലിക്കുട്ടിയുടെ വിജയത്തോടെ യുഡിഎഫ് നേതൃത്വം ബിഡിജെഎസുമായി ചർച്ചകൾ സജീവമാക്കിയിട്ടുണ്ട്. ബിഡിജെഎസിനു ബിജെപിയിൽ നിന്നു കാര്യമായ പിൻതുണ ലഭിക്കുന്നില്ലെന്ന ആരോപണം നേരത്തെ തന്നെ വെള്ളാപ്പള്ളി നടേശൻ അടക്കമുള്ള എസ്എൻഡിപി നേതാക്കൾ ഉന്നയിച്ചിട്ടുണ്ട്. ബിജെപിയും – ബിഡിജെഎസും ഒന്നിച്ചു നിന്നിട്ടും കേരളത്തിൽ ഒരു സീറ്റിൽ കൂടുതൽ വിജയിക്കാനാവാതെ പോയതും ചർച്ചയായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ബിജെപിയോടൊപ്പം നിന്നാൽ കേരളത്തിൽ രാഷ്ട്രീയ വളർച്ചയുണ്ടാകില്ലെന്നാണ് ബിഡിജെഎസും- എസ്എൻഡിപി നേതൃത്വവും വിലയിരുത്തുന്നത്.
ഇതോടെയാണ്ബിഡിജെഎസ് എൻഡിഎ മുന്നണി വിടുകയാണെന്ന രീതിയിൽ ചർച്ചകൾ ആരംഭിച്ചത്.