ബിജെപിയുമായുള്ള എതിര്‍പ്പ് വീണ്ടും പരസ്യമാക്കി എന്‍എസ്എസ്; പ്രതിഷേധം കുമ്മനം രാജശേഖരനെ പരസ്യമായി അറിയിച്ചു

കോട്ടയം: ബിജെപിയുമായുള്ള എതിര്‍പ്പ് നിലപാട് പരസ്യമായി പ്രഖ്യാപിച്ച് എന്‍എസ്എസ് നേതൃത്വം വീണ്ടും. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താനെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെയാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ അത്ൃപ്തി അറിയിച്ചത്.
ഒരു കാവി ഉടുത്ത് വേറൊരുകാവി പുതപ്പിക്കാന്‍ നോക്കേണ്ടതില്‌ളെന്ന നിലപാട് ആവര്‍ത്തിക്കാനും മറന്നില്ല. എന്‍.എസ്.എസിനെക്കുറിച്ച് നന്നായി പഠിക്കുകയും ആഭ്യന്തരകാര്യത്തില്‍ ഇടപെടാതിരിക്കുകയും വേണം. ബി.ജെ.പിയിലെ ഒരുവിഭാഗം തരംതാണ രീതിയില്‍ നായര്‍ സര്‍വീസ് സൊസൈറ്റിക്കെതിരെ ചില എതിര്‍പ്പുമായി രംഗത്തുവന്നിട്ടുണ്ട്. അവരെ നിലക്കുനിര്‍ത്താന്‍ ബി.ജെ.പി. നേതൃത്വം തയാറാവണം. ബി.ജെ.പി. നേതൃത്വത്തിലിരിക്കുന്ന മുഴുവന്‍ ആളുകളും എന്‍.എസ്.എസിന്റെ ശത്രുക്കളല്‌ളെന്നും അലോസരപ്പെടുത്തുന്ന ചെറിയൊരുവിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൂടിക്കാഴ്ചയില്‍ സുകുമാരന്‍നായര്‍ ധരിപ്പിക്കുകയും ചെയ്തു. ബി.ജെ.പി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച സുകുമാരന്‍നായര്‍ വേദിയിലുള്ളവരെ കൂടാതെ മുന്‍ബി.ജെ.പി നേതാവ് പി.പി.മുകുന്ദന്റെ പേര് എടുത്തുപറഞ്ഞ് സ്വാഗതം ആശംസിച്ചിരുന്നു.
എന്‍.എസ്.എസുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ബി.ജെ.പി സംസ്ഥാനപ്രസിഡന്റ് കുമ്മനംരാജശേഖരന്‍. പെരുന്ന എന്‍.എസ്.എസ് ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. നായര്‍സര്‍വീസ് സൊസൈറ്റിക്കോ ജനറല്‍സെക്രട്ടറിക്കോ വേദനയുണ്ടാക്കുന്നവിധത്തില്‍ ബി.ജെ.പി നേതാക്കള്‍ പെരുമാറിയിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കും. മഹാരഥന്മാരുടെ കൈപിടിച്ചാണ് നായര്‍സര്‍വീസ് സൊസൈറ്റിയിലേക്ക് വന്നിട്ടുള്ളത്. ആയതിനാല്‍ സംഘടനയുമായും ജനറല്‍സെക്രട്ടറിയുമായും വൈകാരികമായബന്ധമാണുള്ളത്. ജ്വലിക്കുന്ന ഓര്‍മകള്‍ സമ്മാനിച്ച മന്നത്ത് പത്മനാഭനും പ്രസ്ഥാനത്തിനും ആദരവ് അര്‍പ്പിക്കാനാണ് പെരുന്നയിലത്തെിയത്. വേദനിപ്പിക്കുന്ന അനുഭവം ഉണ്ടായതായി ജനറല്‍സെക്രട്ടറി പറഞ്ഞതായും അദ്ദേഹം കൂട്ടിചേര്‍ത്തു. ബി.ജെ.പി ദേശീയസെക്രട്ടറി പി.കെ.കൃഷ്ണദാസ്, മുന്‍ സംസ്ഥാനപ്രസിഡന്റ് വി.മുരളീധരന്‍, സംസ്ഥാനസെക്രട്ടറി ബി.രാധാകൃഷ്ണമേനോന്‍, എ.എന്‍.രാധാകൃഷ്ണന്‍, പ്രതാപചന്ദ്രവര്‍മ, ബി.കൃഷ്ണകുമാര്‍, ചങ്ങനാശേരി നിയോജകമണ്ഡലം പ്രസിഡന്റ് എന്‍.പി കൃഷ്ണകുമാര്‍, നടന്‍ കൃഷ്ണപ്രസാദ് എന്നിവരും പുഷ്പാര്‍ച്ചനയര്‍പ്പിക്കാന്‍ ഒപ്പമുണ്ടായിരുന്നു.

Top