
സിനിമാ ഡെസ്ക്
കൊല്ലം: ബിജെപി സ്ഥാനാർഥിയായതോടെ താൻ ഒറ്റപ്പെട്ടതായി തുറന്നു പറഞ്ഞ് ഭിമൻ രഘു. ശ്രീശാന്തിനു പിന്നാലെ കേരളത്തിൽ ബിജെപി സ്ഥാനാർഥികൾക്കുണ്ടാകുന്ന ദുരനുഭവങ്ങൾ തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ സിനിമകളിൽ നിറഞ്ഞു നിന്നിരുന്ന ഭീമൻ രഘു. പത്തനാപുരം തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായ ശേഷമുള്ള പേരിലുള്ള ദുരനുഭവങ്ങളാണ് ഇപ്പോൾ ഇദ്ദേഹം തുറന്നു പറഞ്ഞിരിക്കുന്നത്. പ്രധാനമന്ത്രി നരേദ്ര മോദിയോടുള്ള വ്യക്തിപരമായ താൽപര്യമാണ് താൻ ബിജെപിയിൽ എത്താനും, സ്ഥാനാർഥിയാകാനുമുള്ള കാരണം. എന്നാൽ, സംസ്ഥാന ബിജെപി നേതൃത്വം തന്നെ തഴഞ്ഞതാണ് തോൽവിക്കു കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
താൻ പത്തനാപുരം സ്കൂളിലെ പൂർവ്വ വിദ്യാർഥിയാണ്. മൽസരത്തിന്റെ തുടക്കത്തിൽ വിജയ സാധ്യത ശക്തമായിരുന്നു. ആദ്യ 10 ദിവസം നല്ല രീതിയിലുള്ള പ്രചാരണവും പ്രതികരണവും കിട്ടി.
അതോടെ പ്രതീക്ഷയും കൂടിയെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ പ്രവർത്തകരായി കൂടെ നിന്നവർ പലരും കാലുവാരിയതായും ഭീമൻരഘു തുറന്നടിച്ചു.
മറ്റ് വല്ല സ്വാധിനന്റെയും ഫലമായായിരിക്കും പ്രവർത്തകർ പിന്നോട്ട് പോയതും തന്നോട് ആ രീതിയിൽ പെരുമാറിയതും എന്നും തോന്നി. തെരഞ്ഞെടുപ്പ് ദിവസം അടുക്കുംതോറും കൂടെ പാർട്ടിയും പാർട്ടിക്കാരും ഇല്ലാത്ത അവസ്ഥയായി.
സുരേഷ് ഗോപിയെ പലവട്ടം പ്രചരണത്തിനു വിളിച്ചിട്ടും അദ്ദേഹം പത്തനാപുരത്ത് മാത്രം വന്നില്ല. ഒരു ദിവസം മാത്രം 10 തവണ താൻ ഫോണിൽ വിളിച്ചിട്ടും വരാത്തപ്പോൾ വിഷമം തോന്നി. ഫലം വന്നപ്പോൾ തനിക്ക് വോട്ട് കിട്ടിയതിൽ കൂടുതലും മുസ്ലിം സുഹൃത്തുക്കളുടെതായിരുന്നു. അവരുമായി മണ്ഡലത്തിൽ തനിക്ക് നല്ല അടുപ്പമുണ്ടായിരുന്നതാണ് വോട്ട് കിട്ടാൻ കാരണമായത്. ഇപ്പോഴും ബി.ജെ പി യിൽ വിശ്വസിക്കുന്നുവെങ്കിലും നേതാവായി തുടരാനില്ല.
ജനങ്ങളുടെ ഇടയിലേക്ക് ഈ പാർട്ടി ഇറങ്ങി വരുന്നില്ല. നേതാക്കൾ അതിനു മെനക്കെടാത്തതുകൊണ്ടാകാം പാർട്ടി ഇപ്പോഴും നിൽക്കുന്നിടത്ത് നിന്ന് ഒരു ചുവട് മുന്നോട്ട് പോകാത്തത് എന്നും രഘു പറയുന്നു.
ഇനി സിനിമയാണ് പ്രധാനം. ബി.ജെപി സ്ഥാനാർഥി ആയതിന്റെ പേരിൽ കുറെ മൈനസ് പോയിൻറുകൾ ഉണ്ടായെന്നും സിനിമയിലും പലരും വിളിക്കാതായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.