കോട്ടയം: വർഷങ്ങളോളം സി.പി.എമ്മിൻ്റെ പാർട്ടിക്കോട്ടയിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന വനിതാ നേതാവ് മിനർവ മോഹൻ്റെ കോട്ടയത്തെ സ്ഥാനാർത്ഥിത്വം പാർട്ടിക്കോട്ടയുടെ അടിത്തറയിളക്കുമെന്ന ആശങ്ക. മണ്ഡലത്തിലെ സി.പി.എം പ്രവർത്തകരുമായി വ്യക്തി ബന്ധമുള്ള മിനർവയുടെ സ്ഥാനാർത്ഥിത്വം വോട്ട് ചോർത്തുമെന്ന ആശങ്കയാണ് സി.പി.എം ക്യാമ്പിലുള്ളത്. മണ്ഡലത്തിലുടനീളം കുടുംബ വേരുകളുള്ളതും ബി.ജെ.പി സ്ഥാനാർത്ഥിയെ തുണയ്ക്കുമെന്നാണ് സി.പി.എം ക്യാമ്പിലെ റിപ്പോർട്ടുകൾ.
സംസ്ഥാനത്ത് കോൺഗ്രസും ബി.ജെ.പിയും തമ്മിൽ രഹസ്യ ബന്ധമുണ്ടെന്നാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സി.പി.എം ക്യാമ്പ് പ്രചരിപ്പിച്ചിരുന്നത്. എന്നാൽ , ഈ പ്രചാരണത്തിൻ്റെ മുന ഒടിക്കുന്നതായിരുന്നു മിനർവ മോഹൻ്റെ സ്ഥാനാർത്ഥിത്വം. മുൻ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന മിനർവ മീനച്ചിൽ എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡൻ്റ് കൂടിയായിരുന്നു.
കോട്ടയം നിയോജകമണ്ഡലത്തിൽ 2016 ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ച എം.എസ് കരുണാകരൻ 12582 വോട്ടാണ് നേടിയത്. നിയോജക മണ്ഡലത്തിലെ എസ്.എൻ.ഡി.പി നേതൃത്വവും പ്രവർത്തകരുമായി അടുത്ത ബന്ധമുള്ള മിനർവയുടെ സ്ഥാനാർത്ഥിത്വം സി.പി.എമ്മിൻ്റെ വോട്ട് ബാങ്കിലാവും വിള്ളൽ വീഴ്ത്തുക എന്നാണ് വിലയിരുത്തൽ.
നിയോജക മണ്ഡലത്തിലെ സി.പി.എം വോട്ടുകളിൽ ഏറെയും ഈഴവ സമുദായത്തിൽ നിന്നാണ്. എസ്.എൻ.ഡി.പിയുടെ അംഗങ്ങളാണ് സി.പി.എം പ്രവർത്തകരിൽ ഏറെയും. പാർട്ടിയിലും എസ്.എൻ.ഡി.പിയിലും ആഴത്തിലുള്ള ബന്ധങ്ങളുള്ള മിനർവ ഈ വോട്ടുകളിൽ നല്ലൊരു ശതമാനവും ചോർത്തിയെടുക്കുമെന്ന് സി.പി.എം ഭയക്കുന്നു. ഇങ്ങനെ സംഭവിച്ചാൽ കോൺഗ്രസും ബി.ജെ.പിയും തമ്മിലാവും കോട്ടയത്ത് മത്സരം. ഇത് സി.പി.എമ്മിന് വൻ തിരിച്ചടിയാവുകയും ചെയ്യും.