ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഏകദേശ ധാരണ:കുമ്മനം നേമത്തും ,വി. മുരളീധരന്‍ കഴക്കൂട്ടത്തും പി.കെ. കൃഷ്ണദാസ് കാട്ടാക്കടയിലും മല്‍സരിക്കുമെന്ന് സൂചന

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സംസ്ഥാനത്തെ പ്രമുഖ നേതാക്കളെല്ലാം മല്‍സരിക്കണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. നേതാക്കള്‍ മണ്ഡലങ്ങളുടെ കാര്യത്തിലും ഏകദേശ ധാരണയായതായാണ് സൂചന. ഇതനുസരിച്ച് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നേമത്തും മുന്‍ പ്രസിഡന്റുമാരായ വി. മുരളീധരന്‍ കഴക്കൂട്ടത്തും പി.കെ. കൃഷ്ണദാസ് കാട്ടാക്കടയിലും മല്‍സരിക്കുമെന്നാണ് സൂചന. കെ. സുരേന്ദ്രന്‍ കാസര്‍കോട്ടോ മഞ്ചേശ്വര&സ്വ്ജ്;ത്തോ മല്‍സരിച്ചേക്കും.

അമിത് ഷായുടെ നേതൃത്വത്തില്‍ ആലുവയില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച് ഏകദേശ ധാരണയായത്. സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച് അന്തിമ ധാരണയുണ്ടാക്കാന്‍ കേരളത്തിന്റെ സംഘടനാ ചുമതലയുള്ള കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയെ ചുമതലപ്പെടുത്തി. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി 15 അംഗ സമിതിയെ നിയോഗിക്കും. അതേസമയം, മുതിര്‍ന്ന നേതാവ് ഒ.രാജഗോപാല്‍ മല്‍സരിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കും. എന്നാല്‍, തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ താല്‍പര്യമില്ലെന്ന് അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.
അതേസമയം ബി.ജെ.പിയുടെ കവാടങ്ങള്‍ തുറന്നു കിടക്കുകയാണെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. പാര്‍ട്ടിയുടെ നയപരിപാടികളുമായി യോജിക്കുന്ന ആര്‍ക്കും വരാം. പാര്‍ട്ടിയുമായി ചേരാന്‍ ആഗ്രഹിക്കുന്നവരുമായി ചര്‍ച്ച നടത്തുമെന്നും കുമ്മനം പറഞ്ഞു.ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പങ്കെടുത്ത കോര്‍ പാര്‍ട്ടി കമ്മിറ്റി യോഗത്തിന് ശേഷമാണ് കുമ്മനം ഇക്കാര്യം പറഞ്ഞത്. ഇത്തവണ ബി.ജെ.പി ജയിക്കാനും ഭരിക്കാനുമാണ് മത്സരിക്കുന്നതെന്നും കുമ്മനം രാജശേഖരന്‍ അവകാശപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top