
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ബിജെപി നേതാക്കൾ ഉൾപ്പെട്ട മെഡിക്കൽ കോളേജ് കോഴയിടപാടിൽ പണമിടപാട് നടന്നിട്ടുണ്ടെന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ആർ.എസ്.വിനോദ്. ബിജെപി സഹകരണ സെൽ മുൻ കൺവീനറായിരുന്നു വിനോദ്. വിജിലൻസിന് നൽകിയ മൊഴിയിലാണ് വിനോദ് ഇക്കാര്യം സ്ഥിരീകരിച്ചത്.
കൺസൾട്ടൻസി ഫീസായി 25 ലക്ഷം രൂപ വാങ്ങി നൽകിയെന്നാണ് മൊഴി. കോളേജ് ഉടമയിൽ നിന്ന് ഇടനിലക്കാരനായ സതീഷ് നായർക്കാണ് പണം വാങ്ങി നൽകിയത്. സതീഷ് നായരെ മുൻ പരിചയമില്ല. രാജേഷ് എന്നയാൾ മുഖേനയാണ് സതീഷ് നായരെക്കുറിച്ച അറിഞ്ഞത്.
തന്റെ ബാങ്കിൽ അക്കൗണ്ടുള്ളയാളാണ് രാജേഷ്. കോളേജ് ഉടമയിൽ നിന്ന് അഞ്ച് ലക്ഷം രൂപ വീതം 5 തവണയായി വാങ്ങിയാണ് സതീഷ് നായരുടെ അക്കൗണ്ടിൽ നിക്ഷേപിച്ചത്. മെഡിക്കൽ കോളേജുകളുടെ വാർഷിക ഇൻസ്പെക്ഷന് മുന്നോടിയായാണ് പണം വാങ്ങിയതെന്നും ഈ ഇടപാടിൽ കൺസൾട്ടൻസിയായിട്ടില്ലെന്നും വിനോദ് പറഞ്ഞു.
മെഡിക്കൽ കോളേജിനുവേണ്ടി പണം നൽകിയെന്ന് ഉടമ ഷാജി നേരത്തേ പറഞ്ഞിരുന്നു. ബിജെപി നേതാക്കൾക്ക് ഇതിൽ പങ്കില്ലെന്നാണ് വിനോദിന്റെ മൊഴി. തനിക്കും ഇക്കാര്യത്തിൽ വ്യക്തിപരമായ ലാഭമുണ്ടായിട്ടില്ലെന്നും വിനോദ് വ്യക്തമാക്കി.