
പൊളിറ്റിക്കൽ ഡെസ്ക്
മലപ്പുറം: പി.കെ കുഞ്ഞാലിക്കുട്ടി പാർലമെന്റിലേയ്ക്കു തിരഞ്ഞെടുക്കപ്പെട്ട ഒഴിവിൽ വേങ്ങരയിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്കു കനത്ത തിരിച്ചടിയുണ്ടാകുമെന്ന സൂചന. ബിജെപിയിലെ ഗ്രൂപ്പ് പോരും മെഡിക്കൽ കോഴയും മൂലം നിർജീവമായ തിരഞ്ഞെടുപ്പ് പ്രചാരണം ബിജെപിക്കു കനത്ത തിരിച്ചടിയാവുമെന്നും, ഇത് രണ്ടായിരത്തിൽ താഴെ വോട്ട് മാത്രമേ ഇവിടെ ബിജെപിക്കു ലഭിക്കൂ എന്നുമാണ് വ്യക്തമാകുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെമ്പാടൂം ബിജെപിക്ക് അനുകൂല തരംഗം ആഞ്ഞടിച്ചപ്പോൾ പോലും ബിജെപിയ്ക്ക് വേങ്ങരയിൽ കെട്ടിവച്ച കാശ് പോലും ബിജെപിക്കു നേടാനായില്ല. യുഡിഎഫിന്റെ പാനലിൽ മുസ്ലീം ലീഗ് സ്ഥാനാർഥിയായി മത്സരിച്ച പി.കെ കുഞ്ഞാലിക്കുട്ടിക്കു 72,181 വോട്ട് ലഭിച്ചപ്പോൾ ബിജെപി സ്ഥാനാർഥിയ്ക്കു ലഭിച്ചത് 7055 വോട്ട്ാണ്. അതുകൊണ്ടു തന്നെ ബിജെപിയ്ക്ക് വേങ്ങര മണ്ഡലത്തിൽ കഴിഞ്ഞ തവണ മത്സരിച്ചപ്പോൾ കെട്ടി വച്ച കാശ് പോലും കിട്ടിയില്ല. അന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലാണ് കേരളത്തിൽ ബിജെപി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. കേന്ദ്രത്തിൽ മോദി സർക്കാർ അധികാരത്തിൽ എത്തിയതിന്റെ പ്രഭാവത്തിലായിരുന്നു അന്ന് തിരഞ്ഞെടുപ്പും. എന്നിട്ടു പോലും വേങ്ങരയിൽ കാര്യമായ പ്രതികരണം ഉണ്ടാക്കാൻ സാധിച്ചിട്ടില്ല.
ഇതിനിടെയാണ് ഇത്തവണ വേങ്ങരയിൽ ഉപതിരഞ്ഞെടുപ്പ് വരുന്നത്. ഇത്തവണയാകട്ടെ ബിജെപി കടുത്ത പ്രതിസന്ധിയെയാണ് നേരിടുന്നതും. നോട്ട് നിരോധനവും, അശാസ്ത്രീയമായ രീതിയിൽ ജിഎസ്ടി നടപ്പാക്കിയതും, ഇതോടൊപ്പം കേരളത്തിലെ ബിജെപിയിലുണ്ടായിരുന്ന ആഭ്യന്തര പ്രശ്നങ്ങളും മെഡിക്കൽ കോഴയും എല്ലാം വേങ്ങര ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.