തിരുവനന്തപുരത്തും,പത്തനംതിട്ടയിലും,തൃശൂരിലും സ്ഥാനാർത്ഥിയെ അമിത്ഷാ തീരുമാനിക്കും: ഗ്രൂപ്പ് കളികൾ നിയന്ത്രിക്കാൻ അമിത് ഷാ എത്തുന്നു: മൂന്ന് മണ്ഡലങ്ങളിലെ പ്രചാരണം നേരിട്ട് നിയന്ത്രിക്കാൻ വാർ ഗ്രൂപ്പുമായി അമിത് ഷായും ടീമും; ലക്ഷ്യം 60 നിയമസഭാ സീറ്റ്

സ്വന്തം ലേഖകൻ
തിരുവനന്തപുരം: വിജയസാധ്യതയുള്ള സംസ്ഥാനത്തെ മൂന്ന് പാർലമെന്റ് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് നിയന്ത്രിക്കാൻ ഡൽഹിയിൽ വാർ ഗ്രൂപ്പ് തുറന്ന് അമിത്ഷാ. സംസ്ഥാനത്തെ മറ്റൊരു മണ്ഡലത്തെയും പരിഗണിക്കാതെ ഈ മൂന്ന് മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥി നിർണ്ണയം മുതൽ, വോട്ട് എണ്ണൽ വരെയുള്ള ഓരോ ഘട്ടത്തിലെയും പ്രവർത്തനങ്ങൾ കൃത്യമായി വിലയിരുത്തി നിരീക്ഷിച്ച് പ്രവർത്തിക്കുന്നതിനായാണ് അമിത്ഷായുടെ നേതൃത്വത്തിൽ വാർ ഗ്രൂപ്പ് തുറന്നിരിക്കുന്നത്. ഇരുപതിൽ മൂന്ന് സീറ്റ് വിജയിക്കുകയും, അറുപത് നിയമസഭാ സീറ്റിൽ രണ്ടാം സ്ഥാനത്ത് എത്തുകയുമാണ് അമിത്ഷാ ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനുള്ള തയ്യാറെടുപ്പുകളാണ് ഇപ്പോൾ അമിത് ഷായും സംഘവും വാർ ഗ്രൂപ്പിലൂടെ ഒരുക്കിയിരിക്കുന്നത്..
ഇതിന്റെ അടിസ്ഥാനത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഏറ്രവുമധികം വിജയസാദ്ധ്യതയുള്ള മൂന്നു മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ തങ്ങൾ നിശ്ചയിച്ചുകൊള്ളാമെന്ന് അമിത് ഷായും സംഘവും കേരള നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. മറ്റ്് സീറ്രുകളിലെ സ്ഥാനാർത്ഥികളെ സംസ്ഥാന നേതൃത്വം തീരുമാനിച്ച ശേഷം ദേശീയ നേതൃത്വത്തെ അറിയിക്കും. ഈ മൂന്ന് സീറ്റുകളിലും പല പേരുകളും പറഞ്ഞുകേൾക്കുന്നുണ്ടെങ്കിലും വിജയ സാദ്ധ്യതയുള്ള മൂന്നുപേരെ ദേശീയ നേതൃത്വം കണ്ടുവച്ചിട്ടുണ്ടെന്നാണ് സൂചന.
കഴിഞ്ഞ തവണ 15,000 വോട്ടിന് രണ്ടാം സ്ഥാനത്തായ തിരുവനന്തപുരം മണ്ഡലത്തിൽ ഇക്കുറി വിജയസാദ്ധ്യത ഏറെയാണെന്നാണ് ബി.ജെ.പി വിലയിരുത്തൽ. ഇതോടൊപ്പം ശബരിമല പ്രക്ഷോഭം ഏറ്രവുമധികം സ്വാധീനം ചെലുത്തിയ പത്തനംതിട്ട മണ്ഡലം, നിയമസഭാ തിരഞ്ഞെടുപ്പിൽ വൻതോതിൽ വോട്ടുനേടുകയും ശബരിമല പ്രക്ഷോഭത്തിന് നല്ല പ്രതികരണം ലഭിക്കുകയും ചെയ്ത തൃശൂർ എന്നിവിടങ്ങളിലും ഇക്കുറി വിജയിച്ച് കയറുക എന്ന ലക്ഷ്യത്തോടെയാണ് പാർട്ടി നീങ്ങുന്നത്. പാർട്ടി ദേശീയ നേതൃത്വം നിയോഗിച്ച പ്രത്യേകം സംഘം നടത്തിയ സർവേയിലും ഈ മൂന്നു സീറ്രുകളിൽ നല്ല വിജയസാദ്ധ്യതയാണ് വിലയിരുത്തുന്നത്. ഇവിടെ ഏത് സ്ഥാനാർത്ഥികൾക്കാണ് വിജയ സാദ്ധ്യത എന്നതും സർവേ സംഘം കണ്ടെത്തിയിട്ടുണ്ട് . ഇതുകൂടി കണക്കിലെടുത്ത് സംസ്ഥാനത്തെ വിവിധ മേഖലകളിലുള്ളവരുമായി അനൗപചാരിക കൂടിക്കാഴ്ച നടത്തിയാവും സ്ഥാനാർത്ഥി നിർണയം ദേശീയ നേതൃത്വം നടത്തുക.bjp cpm congress
ഈ മണ്ഡലങ്ങളിൽ പ്രമുഖ ദേശീയ നേതാക്കളെ കൊണ്ടുവന്ന് തുടക്കം മുതൽ പ്രചാരണത്തിൽ മുൻകൈ നേടാനും ബി.ജെ.പി നീക്കമുണ്ട്. ഇതിന്റെ ഭാഗമായി ഈ മാസം 14 നോ 15 നോ യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് പത്തനംതിട്ടയിൽ ബി.ജെ.പി റാലിയിൽ പങ്കെടുക്കും. തിരുവനന്തപുരത്തെ റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ പങ്കെടുക്കാൻ സാദ്ധ്യതയുണ്ട്. തൃശൂരിൽ മോദി ജനുവരി 27ന് റാലിയിൽ പങ്കെടുത്തിരുന്നു. കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ, നടൻ മോഹൻലാൽ, സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ, ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല തുടങ്ങിയവരൊക്കെ ഈ മൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളായി പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.
അതേസമയം ആറ്രിങ്ങൽ, കൊല്ലം, മാവേലിക്കര, പാലക്കാട്, കാസർകോട് മണ്ഡലങ്ങളിലും ശക്തമായ മത്സരം കാഴ്ചവയ്ക്കാൻ കഴിയുമെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ വിശ്വാസം. ഇന്നലെ തിരുവനന്തപുരത്ത് ചേർന്ന ബി.ജെ.പി കോർകമ്മിറ്രി യോഗം സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച പ്രാഥമിക ചർച്ച നടത്തിയതായാണ് സൂചന. കേന്ദ്ര ബഡ്ജറ്റിലെ ആദായ നികുതി പരിധി കൂട്ടിയതും അസംഘടിത തൊഴിലാളികൾക്ക് പെൻഷൻ പ്രഖ്യാപിച്ചതും കർഷകർക്ക് ധനസഹായം പ്രഖ്യാപിച്ചതും തങ്ങൾക്കനുകൂലമായ അന്തരീക്ഷമുണ്ടാക്കിയിട്ടുണ്ടെന്നാണ് ബി.ജെ.പി നേതാക്കളുടെ വിലയിരുത്തൽ. അതിനനുസരിച്ച് പ്രചാരണ തന്ത്രങ്ങൾക്ക് രൂപംനൽകി ഇക്കുറി കേരളത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പി നീങ്ങുന്നത്.
Top