തിരുവനന്തപുരം: ഈ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയാണ് പ്രധാന എതിരാളിയെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ബി.ജെ.പിയുടെ സാന്നിധ്യമില്ലാത്ത നിയമസഭയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബിന്റെ തിരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി അക്കൗണ്ട് തുറന്നാല്‍ കേരളത്തിലെ മതസൗഹാര്‍ദ അന്തരീക്ഷം തകരും. കേരളത്തിലെ മതനിരപേക്ഷത കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് ഒരിക്കലും വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ചിട്ടില്ല. 10 വോട്ട് കൂടുതല്‍ നേടാനാണ് സി.പി.എം അത്തരത്തില്‍ ആരോപണം ഉന്നയിക്കുന്നത്. സി.പി.എമ്മിന്റെ വികസന നയം 25 വര്‍ഷം പിന്നിലാണ്. അഴിമതിയും ആരോപണവും രണ്ടും രണ്ടാണ്. അഴിമതി ആരോപണം ഉന്നയിക്കുന്നതില്‍ സി.പി.എം വിദഗ്ധരാണ്. ഇരുമുന്നണികളും ഇപ്പോള്‍ ഒപ്പത്തിനൊപ്പമാണ്. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അപകടം പതിയിരിക്കുന്നുണ്ട്. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ഒരുമിച്ചെത്തുന്നത് ഇതിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ബി.ജെ.പിയുടെ മുന്നേറ്റം തടയാന്‍ സി.പി.എമ്മുമായി യോജിക്കുന്നതില്‍ തെറ്റില്ളെന്നും എന്നാല്‍, ഈ സാഹചര്യം കേരളത്തില്‍ നിലനില്‍ക്കുന്നില്ളെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മലപ്പുറം പ്രസ്ക്ളബില്‍ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എമ്മിനെക്കാള്‍ മുഖ്യശത്രു ബി.ജെ.പിയാണ്. കേരളത്തില്‍ ബി.ജെ.പിയെ ചെറുക്കാനുള്ള കരുത്ത് യു.ഡി.എഫിനുണ്ട്. അതിനാല്‍ സി.പി.എം സഖ്യത്തിന്‍െറ ആവശ്യമില്ല. വി.പി. സിങ്ങിന്‍െറ ഭരണകാലത്തടക്കം ദേശീയതലത്തില്‍ അത്തരം നീക്കങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. കോണ്‍ഗ്രസ് ഇടതുപക്ഷത്തോട് വിമുഖത കാണിച്ചിട്ടില്ല. ഇടതുപക്ഷമാണ് അന്ധമായ കോണ്‍ഗ്രസ് വിരോധം വെച്ചുപുലര്‍ത്തുന്നത്. സംസ്ഥാനത്ത് ബി.ജെ.പിക്ക് സാധ്യത കല്‍പ്പിക്കുന്ന സീറ്റുകളില്‍ യു.ഡി.എഫ് ശക്തരായ സ്ഥാനാര്‍ഥികളെയാണ് നിര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു. മതേതരത്വത്തെ അപകടത്തിലാക്കുകയാണ് ബി.ജെ.പി. വര്‍ഗീയ ധ്രുവീകരണത്തിലൂടെ അക്കൗണ്ട് തുറക്കാന്‍ കേരളത്തിന്‍െറ മതേതര മനസ്സ് അനുവദിക്കില്ല. ബി.ജെ.പിയെ ചെറുക്കാന്‍ യു.ഡി.എഫിന് കൂടുതല്‍ ശക്തി പകരുന്നത് മുസ്ലിംലീഗാണ്. സംഘ്പരിവാര്‍ രാഷ്ട്രീയത്തിന് എതിരായി ദേശീയ ബദല്‍ ഉണ്ടാക്കാനുള്ള കോണ്‍ഗ്രസ് ശ്രമത്തിന് കേരളം പിന്തുണ നല്‍കണം.
ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ ബന്ധമുണ്ടെന്ന ഇടതു പ്രചാരണത്തിന്‍െറ ലക്ഷ്യം ന്യൂനപക്ഷവോട്ടുകളാണ്. പിണറായിയുടെ മതേതരസര്‍ട്ടിഫിക്കറ്റ് യു.ഡി.എഫിന് വേണ്ടെന്നും അദ്ദേഹം പറഞ്ഞു.