രാ്ഷ്ട്രീയ ലേഖകൻ
ഡൽഹി: രാജ്യമൊട്ടാകെയുള്ള ബിജെപി ജില്ലാകമ്മിറ്റി ഓഫീസുകൾക്ക് സ്വന്തം കെട്ടിടം നിർമ്മിക്കുകയെന്ന ലക്ഷ്യവുമായി പാർട്ടി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ.
ബിജെപിയുടെ ദേശീയ അദ്ധ്യക്ഷനായി ചുമതലയേറ്റെടുത്ത ശേഷം സംഘടനാ സംബന്ധമായി പന്ത്രണ്ട് മാർഗ്ഗ നിർദ്ദേശങ്ങളാണ് മൂന്ന് ദിവസത്തിനുള്ളിൽ അദ്ദേഹം പുറപ്പെടുവിച്ചത്. ഇതിൽ പ്രധാനമാണ് പാർട്ടി കാര്യാലയങ്ങൾ. ഇതുമായി ബന്ധപ്പെട്ട് അഖിലേന്ത്യാ ജനറൽ സെക്രട്ടറി അരുൺ സിംഗ് എല്ലാ പാർട്ടി അദ്ധ്യക്ഷൻമാർക്കും സംഘടനാ ജനറൽ സെക്രട്ടറിമാർക്കും നിർദ്ദേശം നൽകി കഴിഞ്ഞു.
ഓഫീസുകൾ വെറും ഓഫീസുകളല്ല, മറിച്ച് അവ സംഘടനാ സംവിധാനം കൃത്യമായി കൊണ്ടുപോകുന്നതിനുതകുന്ന രീതിയിലുള്ളവയായിരിക്കണം. കെട്ടിട നിർമ്മാണത്തിൽ ആധുനിക വത്ക്കരണം അനിവാര്യമാണ്. നിലവിലുള്ള ഓഫീസുകളും ഈ രീതിയിലേക്ക് ഉയർത്തി കൊണ്ടു വരേണ്ടതുണ്ട്.
നിലവിൽ ഏതെല്ലാം സംസ്ഥാനങ്ങളിൽ സംസ്ഥാന കാര്യാലയങ്ങളും ജില്ലാ കാര്യാലയങ്ങളും ഉണ്ടെന്നുള്ളതിന്റെ കണക്കെടുക്കാനും നിർദ്ദേശിച്ചു കഴിഞ്ഞു. ഇവയ്ക്ക് കേന്ദ്ര കാര്യാലയവുമായി ബന്ധപ്പെടുവാനുള്ള പദ്ധതിയും ഒരുക്കേണ്ടതുണ്ട്. ഓഫീസുകൾക്ക് നിർമ്മാണാനുമതി ലഭിക്കുന്നതിന് മുമ്പ് അവയുടെ ഘടനാ സംവിധാനത്തെ സംബന്ധിച്ച് കേന്ദ്ര ഘടകവുമായി ബന്ധപ്പെടേണ്ടതാണ്.
രജിസ്‌ട്രേഷൻ സംബന്ധമായ കാര്യങ്ങളുടെ രൂപരേഖ ഹെഡ്‌കോർടേഴ്‌സിൽ ലഭ്യമായിരിക്കണം. ബംഗളൂരുവിൽ നടന്ന കഴിഞ്ഞ പാർട്ടി ദേശീയ നിർവ്വാഹക സമിതി യോഗത്തിൽ ഇതു സംബന്ധമായ നിർദ്ദേശം അമിത് ഷാ നൽകിയിരുന്നു. ഓഫീസ് നിർമ്മാണവുമായി ബന്ധപ്പെട്ട രേഖകളെല്ലാം കൃത്യമായി സൂക്ഷിച്ചിരിക്കണമെന്നും നിർദ്ദേശമുണ്ട്.
ബിജെപിക്ക് ഒരു ശരിയായ സംഘടനാ സംവിധാനം ഒരുക്കുന്നതിന് മുന്നോടിയാണ് ഇത്തരമൊരു നീക്കം. അതായത് അടിത്തട്ട് മുതൽ മേൽത്തട്ട് വരെ എണ്ണയിട്ട യന്ത്രം പോലെ സംഘടനാ സംവിധാനം കൊണ്ടുപോകുന്നതിനാണ് ശ്രമം.