![](https://dailyindianherald.com/wp-content/uploads/2018/08/rss-kerala.jpg)
സ്വന്തം ലേഖകൻ
തിരുവനന്തപുരം: അടുത്തവർഷം നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ഒരു ബിജെപിക്കാരനു പോലും സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായി. ബിജെപി മത്സരിക്കുന്ന പന്ത്രണ്ട് സീറ്റിലും ആർഎസ്എസ് നേതൃത്വത്തിനു താല്പര്യമുള്ള പുതുമുഖങ്ങളെ രംഗത്ത് ഇറക്കുകയാണ് ഇപ്പോൾ ലക്ഷ്യമിട്ടിരിക്കുന്നത്. ആർഎസ്എസ് നേതൃത്വത്തിന്റെ ഈ നീക്കത്തിന് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പിൻതുണ ലഭിച്ചതായും സൂചനയുണ്ട്.
ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഗ്രൂപ്പ് വിഭജനവും തമ്മിൽത്തല്ലുമാണ് ഇപ്പോൾ ആർഎസ്എസ് നേതൃത്വത്തെക്കൊണ്ട് ഇത്തരം ഒരു തീരുമാനം എടുപ്പിച്ചതിനു പിന്നിലെന്നാണ് ലഭിക്കുന്ന സൂചന. ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പി.എസ് ശ്രീധരൻപിള്ള എത്തിയതോടെ ഗ്രൂപ്പ് നീക്കങ്ങൾക്ക് ഒരു പരിധിവരെ ആശ്വാസമുണ്ടാകുമെന്നാണ് കേന്ദ്ര നേതൃത്വം കരുതിയത്. എന്നാൽ, പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിജെപിയെ മുന്നിലെത്തിക്കാതിരിക്കാനുള്ള തന്ത്രങ്ങളെല്ലാം സംസ്ഥാനത്തെ ഗ്രൂപ്പ് മാനേജർമാർ ഒരുക്കിയിട്ടുണ്ടെന്ന വിവരമാണ് ഇപ്പോൾ വരുന്നത്. നിലവിലെ സാഹചര്യത്തിൽ പാർലമെന്റിലേയ്ക്ക് മത്സരിച്ചാൽ ബിജെപിയ്ക്ക് വോട്ട് ശതമാനത്തിൽ വൻ ഇടിവുണ്ടാകുമെന്നും കണക്കു കൂട്ടുന്നു. ഇതോടെയാണ് ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാനത്തിന്റെ പൂർണ നിയന്ത്രണം ആർഎസ്എസിനു കൈമാറിയിരിക്കുന്നത്.
ആർഎസ്എസ് നേതൃത്വത്തിന്റെ തീരുമാനം അനുസരിച്ച് സംസ്ഥാനത്തെ ആറ് സീറ്റുകൾ ഘടകക്ഷിയായ ബിഡിജെഎസിനു കൈമാറിയേക്കും. ആറ്റിങ്ങൽ, കൊല്ലം, ആലപ്പുഴ, കോട്ടയം, ചാലക്കുടി സീറ്റുകൾ ബിഡിജെഎസിനു ഉറപ്പായും നൽകും. ഇടുക്കിയോ ആലത്തൂരോ നൽകണമെന്ന് ബിഡിജെഎസ് നേതൃത്വം ആവശ്യപ്പെട്ടിട്ടുമുണ്ട്. എന്നാൽ, എൻഡിഎയുടെ ഭാഗമായ കേരള കോൺഗ്രസിന് ഇടുക്കി സീറ്റ് നൽകുന്നതിനാണ് ബിജെപി നേതൃത്വത്തിനു താല്പര്യമുള്ളത്. ഇതു കൂടാതെ എൻഡിഎയുടെ ഭാഗമായി നിൽക്കുന്ന ആർഎസ്പി നേതൃത്വത്തിനും ഒരു സീറ്റ് നൽകുന്നതിനും പദ്ധതിയുണ്ട്.
ബിഡിജെഎസിനു വിട്ടുകിട്ടുന്ന ആലപ്പുഴ സീറ്റിൽ ദേശീയ പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി തന്നെ മത്സരിക്കുമെന്നാണ് സൂചന. തുഷാർ മത്സരിക്കുന്നതിനോടാണ് എൻഡിഎ സംസ്ഥാന നേതൃത്വത്തിനും താല്പര്യം. എന്നാൽ, ഇടഞ്ഞു നിൽക്കുന്ന ബിഡിജെഎസ് നേതൃത്വം കൂടുതൽ സീറ്റ് ആവശ്യപ്പെടുമോ എന്ന ആശങ്കയിലാണ് ഇപ്പോഴും ബിജെപി നേതൃത്വം.