![](https://dailyindianherald.com/wp-content/uploads/2019/01/bjp-kaa.jpg)
പൊളിറ്റിക്കൽ ഡെസ്‌ക്
ന്യൂഡൽഹി: പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിൽ നൂറു കോടി രൂപ ചിലവഴിക്കാൻ ബിജെപി ദേശീയ നേതൃത്വത്തിന്റെ നീക്കം. പത്ത് പാർലമെന്റ് മണ്ഡലങ്ങളിലെ വിജയം ലക്ഷ്യമിട്ട് ഒരു മണ്ഡലത്തിൽ അഞ്ചു കോടി രൂപ ചിലവഴിക്കുന്നതിനാണ് ബിജെപി നേതൃത്വം പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ അധികമായി രണ്ടു കോടി രൂപ കൂടി ചിലവഴിക്കുന്നതിനുമാണ് ബിജെപി കേന്ദ്ര നേതൃത്വം വൻ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
സംസ്ഥാനത്ത് ശബരിമല വിഷയത്തോടെ ബിജെപിയുടെ സാധ്യതകൾ വർധിച്ചതായാണ് അമിത് ഷായുടെ നിർദേശത്തൈ തുടർന്ന് കേരളത്തിലെ സാഹചര്യം വിലയിരുത്തിയ നേതാക്കളുടെ സംഘവും, പഠനം നടത്തിയ ഏജൻസിയും കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാനത്തെ ഓരോ നിയോജക മണ്ഡലത്തിലും അഞ്ചു കോടി രൂപ വീതം തിരഞ്ഞെടുപ്പ് ചിലവിലേയ്ക്കായി അനുവദിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.
ഓരോ മണ്ഡലത്തിലും ബൂത്ത് തലം മുതൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ എന്തൊക്കെയാണ് എന്നും, ലഭിക്കുന്ന വോട്ട് എത്രയാണെന്നും കൃത്യമായി വിലയിരുത്തി നൽകുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഓരോ മണ്ഡലത്തിലും തുക അനുവദിക്കുന്നത്. ഈ വിവരം കൃത്യമായിരിക്കുകയും, തുക ചിലവഴിക്കുന്നതിനുള്ള പദ്ധതികൾ കൃത്യമായി കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട് ചെയ്യുകയും ചെയ്യണം. ഇതിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിക്കുന്നതെന്നും മുതിർന്ന ബിജെപി നേതാവ് അറിയിച്ചു.
തിരുവനന്തപുരം, കാസർകോട്, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശൂർ, പാലക്കാട്്, കണ്ണൂർ, ചാലക്കുടി, കോട്ടയം സീറ്റുകളിൽ വിജയിക്കാൻ സാധിക്കുമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. വിജയസാധ്യതയുള്ള ഈമണ്ഡലങ്ങളിൽ അധികമായി രണ്ടു കോടി രൂപ വീതം അനുനദിക്കുന്നതിനാണ് ബിജെപി കേന്ദ്ര നേതൃത്വം ആലോചിക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ അടിത്തട്ട് മുതൽ ഇളക്കിമറിച്ച് യു.പി മോഡൽ പ്രചാരണത്തിനാണ് ബിജെപി കേരളത്തിൽ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇതിനായി ആർഎസ്എസിന്റെ പിൻതുണയും തേടിയിട്ടുണ്ട്. സംഘം സഹായിക്കാൻ തയ്യാറായി രംഗത്ത് എത്തിയാൽ കേരളത്തിൽ സുഖമായി വിജയിച്ച് കയറാൻ സാധിക്കുമെന്ന പ്രതീക്ഷയാണ് ബിജെപി കേന്ദ്ര നേതൃത്വത്തിനുള്ളത്.