കോഴിക്കോട് : ബിജെപി സംസ്ഥാന പ്രസിഡന്റ് വിഭാഗീയെന്നാരോപിച്ച് വി മുരളീധരനെതിരെ ദേശീയനേതൃത്വത്തിന് പരാതി.സംഘടനാചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി വി രാംലാലിനാണ് ദേശീയനിര്‍വാഹകസമിതി അംഗം പി കെ കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ പരാതി നല്‍കിയത്.ബോര്‍ഡ് പുനഃസംഘടനയിലടക്കം കാട്ടുന്ന അനാസ്ഥയും പക്ഷപാതിത്വവുമെല്ലാം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടെയാണ് സംസ്ഥാന പ്രസിഡന്റിനെതിരെ പരാതി നല്‍കിയത്. കാലാവധി അവസാനിക്കാറായ മുരളീധരന്‍ ഏകപക്ഷീയമായി സംസ്ഥാന തെരഞ്ഞെടുപ്പിന് റിട്ടേണിങ് ഓഫീസറെ നിശ്ചയിച്ചതിലുള്ള പ്രതിഷേധവും പരാതിയിലുണ്ട്. സംഘടനാപ്രവര്‍ത്തനത്തില്‍ സഹകരിപ്പിക്കുന്നില്ലെന്നും പരാതിപ്പെടുന്നു. സംസ്ഥാനത്തെ പാര്‍ടി നേതാക്കള്‍ക്ക് ലഭിക്കേണ്ട ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ കിട്ടാത്തതിലും മുരളിയെ കുറ്റപ്പെടുത്തിയിട്ടുണ്ട്.
കയര്‍ ബോര്‍ഡിലേക്ക് ദേശീയസമിതി അംഗം സി കെ പത്മനാഭന്‍, റബര്‍ബോര്‍ഡ് ചെയര്‍മാനായി സംസ്ഥാന സെക്രട്ടറി ബി രാധാകൃഷ്ണമേനോന്‍, നാളികേര വികസനബോര്‍ഡിലേക്ക് ജനറല്‍ സെക്രട്ടറി കെ പി ശ്രീശന്‍ എന്നീ നേതാക്കളെയായിരുന്നു നിശ്ചയിച്ചത്. ഈ പട്ടികയില്‍ തീരുമാനമെടുത്തെങ്കിലും മുരളീധരന്‍ ഇത് പൂഴ്ത്തി. കയര്‍ബോര്‍ഡ് ചെയര്‍മാനായി കോയമ്പത്തൂരിലെ മുന്‍ എംപി സി പി രാധാകൃഷ്ണനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചുകഴിഞ്ഞു. മോഡിസര്‍ക്കാര്‍ വന്നശേഷം സംസ്ഥാനത്തിന് ഒരു സ്ഥാനവുമില്ല. വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് അറുനൂറോളം ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും വിവിധ കേന്ദ്രസമിതികളില്‍ അംഗത്വം കിട്ടി. ഇക്കുറി പ്രസിഡന്റിന്റെ നിലപാട് കാരണം റെയില്‍വേ, ടെലികോം (ബിഎസ്എന്‍എല്‍), ബാങ്ക്, നെഹ്റുയുവകേന്ദ്ര എന്നിവയിലൊന്നും കേരളത്തെ പരിഗണിച്ചിട്ടില്ല.
മുരളീധരന്റെ നിക്ഷിപ്ത താല്‍പ്പര്യമാണിതിന് പിന്നില്‍. സംസ്ഥാന ആര്‍എസ്എസ് നേതൃത്വം പ്രസിഡന്റിനെതിരെ രംഗത്തുവന്നതും പരാതിയില്‍ പറയുന്നു. ആര്‍എസ്എസ് ദേശീയ സെക്രട്ടറി രാംമാധവിന് നേരത്തെ കേരള ഘടകം പരാതി നല്‍കിയിരുന്നു.കൊല്ലത്ത് അമിത് ഷായുടെ പരിപാടിയിലേക്ക് പ്രധാന സംസ്ഥാന നേതാക്കളെപ്പോലും ക്ഷണിച്ചില്ല, സമുദായ സംഘടനകളുമായി സഖ്യത്തിന് മുന്‍കൈയെടുക്കുന്നില്ല എന്നീ കാര്യങ്ങളും പരാതിയിലുണ്ട്.
സംഘടനാ തെരഞ്ഞെടുപ്പിനുള്ള റിട്ടേണിങ് ഓഫീസറെ നിശ്ചയിക്കാന്‍ ഒ രാജഗോപാല്‍, അഡ്വ. പി എസ് ശ്രീധരന്‍പിള്ള, സി കെ പത്മനാഭന്‍, എം ടി രമേശ്, കെ സുരേന്ദ്രന്‍ എന്നിവരടങ്ങിയ കോര്‍കമ്മിറ്റിയെ നിയോഗിച്ചിരുന്നു. കോര്‍കമ്മിറ്റിയെ മറികടന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് ജോര്‍ജ് കുര്യനെ റിട്ടേണിങ് ഓഫീസറാക്കി മുരളീധരന്‍ പ്രഖ്യാപിച്ചു. ഇത് തിരുത്തണം- പരാതിയില്‍ ആവശ്യപ്പെടുന്നു. ദേശീയ കൗണ്‍സില്‍ അംഗം എം എസ് കുമാര്‍, സംസ്ഥാനവൈസ് പ്രസിഡന്റ് എം ടി രമേശ്, ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍, സംസ്ഥാന സെല്‍ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. ബി ഗോപാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് പരാതി നല്‍കിയത്.