
തിരുവനന്തപുരം:കേരളം ബി.ജെ.പിയിൽ തമ്മിലടി രൂക്ഷം. കോര്‍കമ്മിറ്റിയിലും ഭാരവാഹിയോഗത്തിലും നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം. കുമ്മനം രാജശേഖരനെ ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നു മാറ്റിയത് കെ. സുരേന്ദ്രനെ അധ്യക്ഷനാക്കാനാണെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.കൃഷ്ണദാസ് പക്ഷമാണ് വിമര്‍ശനമുന്നയിച്ചത്. ബി.ജെ.പി അഖിലേന്ത്യാ സെക്രട്ടറിക്കെതിരെയാണ് വിമര്‍ശനം.
കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറാക്കിയതിനുശേഷം സംസ്ഥാന ബി.ജെ.പിയ്ക്ക് അധ്യക്ഷനെ പ്രഖ്യാപിച്ചിട്ടില്ല.നേരത്തെ കെ.സുരേന്ദ്രനെ അധ്യക്ഷനായി നിയമിക്കുന്നതില്‍ എതിര്‍പ്പുമായി ആര്.എസ്.എസും രംഗത്തെത്തിയിരുന്നു. സംസ്ഥാന ഭാരവാഹികളും ജില്ലാ പ്രസിഡന്റുമാരടക്കമുള്ള നേതൃനിരയില്‍ ഭൂരിപക്ഷവും സുരേന്ദ്രനെ പ്രസിഡന്റാക്കുന്നതിനോട് വിമുഖത അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.ഇതോടെ പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ നിലപാട് ഇനി നിര്‍ണായകമാകും. കഴിഞ്ഞ മാസം മേയ് 25 നാണ് കുമ്മനത്തെ മിസോറാം ഗവര്‍ണറാക്കിയത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടുമുന്‍പായിരുന്നു കുമ്മനത്തെ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയത്.
അതേഅസമയം വിഭാഗീയത ശക്തമായ സംസ്ഥാന നേതൃത്വത്തിനു പകരം ആര്.എസ്.എസില്‍നിന്നു പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്നാണു ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. കേന്ദ്ര തീരുമാനം നടപ്പായാല്‍ പ്രജ്ഞാ പ്രവാഹക് ജെ. നന്ദകുമാറിനോ ബാലശങ്കറിനോ നറുക്കു വീഴും.അതേസമയം, അധ്യക്ഷ സ്ഥാനത്തേക്ക് മുരളീധരന് വിഭാഗത്തിന്റെ പ്രതിനിധിയായി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ പേരും മറു വിഭാഗത്തില്‍ നിന്ന് പി.കെ. കൃഷ്ണദാസിന്റെ പേരുമാണ് ഉയര്‍ന്നു വന്നിരിക്കുന്നത്. കൃഷ്ണദാസ് വിഭാഗത്തിലെ പ്രമുഖരായ എം.ടി. രമേശ്, എ.എന്‍. രാധാകൃഷ്ണന് എന്നിവരുടെ പേരുകളും പറഞ്ഞു കേള്‍ക്കുന്നു. എന്നാല്‍, കൂടുതല്‍ സാധ്യതകള്‍ കല്‍പ്പിക്കപ്പെടുന്ന രമേശിനെതിരെ കടുത്ത ആരോപണങ്ങളാണു മറുവിഭാഗം ഉയര്‍ത്തുന്നത്.
ഈ സാഹചര്യത്തിലാണ് ആര്.എസ്.എസിനെ കേന്ദ്രീകരിച്ചുള്ള കേന്ദ്ര നീക്കം. ജെ. നന്ദകുമാര്‍, പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ ഭാഗമായ ബാലശങ്കര്‍, വല്സന് തില്ലങ്കേരി എന്നിവരുടെ പേരുകളാണു പ്രധാനമായും പരിഗണിക്കുന്നത്. ഇതില്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന നന്ദകുമാര്‍ പക്ഷെ, അധ്യക്ഷ പദം ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടില്ല. അതേസമയം, ജൂലൈയ്, ഓഗസ്റ്റ് മാസങ്ങളിലായി ഉണ്ടാകാനിടയുള്ള കേന്ദ്ര മന്ത്രിസഭാ പുനസംഘടയ്ക്ക് ശേഷം മാത്രമേ പുതിയ അധ്യക്ഷനെ തീരുമാനിക്കുകയുള്ളൂ എന്നും സൂചനയുണ്ട്.
എന്നാല്‍, ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പുതിയ അധ്യക്ഷനെ ഉടന്‍ പ്രഖ്യാപിക്കണമെന്ന സമ്മര്‍ദവും കേന്ദ്രത്തിനു മേല്‍ ശക്തമാണ്. ഇതിനു പുറമേ ജില്ലാ, പ്രാദേശിക ഘടകങ്ങളിലും സ്ഥാനമാറ്റത്തിനുള്ള ചര്‍ച്ചകള്‍ സജീവമാണ്. ഇതില്‍ പ്രധാനം തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്. സുരേഷനെ മാറ്റി പകരം ആളെ എത്തിക്കാനുള്ള ശ്രമമാണ്. അച്ചടക്ക നടപടിക്കു വിധേയനായ വി.വി. രാജേഷിനെ തിരിച്ചെത്തിക്കാനും നീക്കം നടക്കുന്നുണ്ട്