
പത്തനംതിട്ട: അമ്പലം വിഴുങ്ങി എന്ന പ്രയോഗത്തിന് അച്ചട്ടായ ഉദാഹരണം ഉണ്ടായിരിക്കുകയാണ് പത്തനംതിട്ടയില്‍. ബിജെപിയുടെ സംസ്ഥാന കമ്മിറ്റിയിലെ അംഗമാണ് ഇത്തരമൊരു സാഹചര്യം ഉണ്ടാക്കിയിരിക്കുന്നത്. അടൂര്‍ തൃച്ചേന്ദമംഗലം ക്ഷേത്രത്തിന്റെ നാലമ്പല പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ചെമ്പുപാളി പൊളിച്ചെടുത്ത് മറിച്ചു വിറ്റതിന് ബിജെപി മുന്‍ജില്ലാ പ്രസിഡന്റും നിലവില്‍ സംസ്ഥാന കമ്മിറ്റിയംഗവും ക്ഷേത്രം പ്രസിഡന്റുമായ ടി.ആര്‍. അജിത് കുമാര്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെയാണ് പൊലീസ് കുറ്റപത്രം തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. സെക്രട്ടറി എ.വി. അനു, മുന്‍ സെക്രട്ടറി മുകേഷ് ഗോപിനാഥ്, മുന്‍ ട്രഷറര്‍ മാധവനുണ്ണിത്താന്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.
ചെമ്പ് പാളി മറിച്ചുവിറ്റ് ലക്ഷങ്ങളുടെ അഴിമതി നടത്തിയ സംഭവത്തെപ്പറ്റിയാണ് അന്വേഷണം നടന്നത്. വിശ്വാസവഞ്ചന, തട്ടിപ്പ്, തെളിവുനശിപ്പിക്കല്‍, സംഘംചേരല്‍ എന്നീ ജാമ്യമില്ലാ വകുപ്പുകളാണ് കുറ്റപത്രത്തില്‍ ചേര്‍ത്തിട്ടുള്ളത്. ക്ഷേത്ര പുനരുദ്ധാരണത്തിനായി 2009-12 കാലയളവില്‍ തിരുപ്പൂരില്‍ നിന്നും 9626 കി.ഗ്രാം ചെമ്പുപാളികളാണ് ഭരണസമിതി വാങ്ങിസൂക്ഷിച്ചത്. ഇതില്‍ 6500 കി.ഗ്രാം ചെമ്പുപാളികള്‍ ഉപയോഗിച്ച് നാലമ്പലനിര്‍മ്മാണം പൂര്‍ത്തിയാക്കി. ബാക്കിവന്ന 3126 കി.ഗ്രാം ചെമ്പുപാളികളില്‍നിന്നും നിയമം ലംഘിച്ച് 1329 കി.ഗ്രാം പാളികള്‍ ക്ഷേത്രം പണിക്കാരനായ മാന്നാര്‍ സ്വദേശി അനന്തനാചാരിക്ക് കൂലിക്ക് പകരമായി നല്‍കി. ബാക്കിവന്ന 1797 കി.ഗ്രാം ചെമ്പുപാളികള്‍ 2012-13 കാലത്തെ ഭരണസമിതി ഭാരവാഹികള്‍ ക്ഷേത്രത്തില്‍ നിന്നും കടത്തിയതായാണ് ആരോപണം.
പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചതോടെ ഭക്തജനസംഘം കഴിഞ്ഞ മൂന്നുവര്‍ഷമായി ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. മൂന്നുവര്‍ഷകാലത്തിനുള്ളില്‍ അഞ്ച് എസ്പിമാര്‍, രണ്ട് ഡിവൈ.എസ്പിമാര്‍, മൂന്ന് സിഐമാര്‍ എന്നിവര്‍ കേസ് സംബന്ധിച്ച് അന്വേഷണം നടത്തി. ഇവരുടെയെല്ലാം കണ്ടെത്തലുകള്‍ ശരിയായിരുന്നുവെന്ന് കുറ്റപത്രം വ്യക്തമാക്കുന്നു. കേസ് സംബന്ധിച്ച് നൂറില്‍പരം ക്ഷേത്രരേഖകള്‍ പൊലീസ് പരിശോധിച്ചിരുന്നു. ഇതില്‍ നാല്‍പ്പത്താറ് രേഖകളാണ് കോടതി തെളിവായി സ്വീകരിച്ചത്.
ഭക്തജനസംഘത്തിന്റെ പരാതി വ്യാജമാണെന്ന് ജനങ്ങളെ വിശ്വസിപ്പിച്ച് കേസിലെ ചില പ്രതികള്‍ ഇപ്പോഴും ഭരണത്തില്‍ തുടരുന്നുണ്ട്. അതിനാല്‍ ഇവര്‍ രാജിവച്ച് ഭക്തജനങ്ങളോട് മാപ്പുപറയണമെന്ന് ഭക്തജനസംഘം ആവശ്യപ്പെട്ടു. വന്‍ തട്ടിപ്പ് നടത്തിയെന്ന് ബോധ്യമായ സ്ഥിതിക്ക് പ്രതികളെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് തയ്യാറാകണം. അറസ്റ്റ് ഒഴിവാക്കുന്നതിനായി പ്രതികള്‍ ക്ഷേത്രത്തില്‍ത്തന്നെ തുടരുകയാണ്. കുറ്റപത്രത്തിന്റെ കോപ്പികള്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട പത്തു കരകളിലേയും ഹൈന്ദവസമിതികള്‍ക്ക് നല്‍കും. അധികൃതരുടെ ഭാഗത്തുനിന്നും ഉചിതമായ നടപടി ഉണ്ടായില്ലെങ്കില്‍ നിയമനടപടി സ്വകരിക്കുമെന്ന് ഭക്തജനസംഘം ഭാരവാഹികളായ ഹരികുമാര്‍ വാഴപ്പള്ളി, വിജയകുമാര്‍ മലമേക്കര എന്നിവര്‍ മുന്നറിയിപ്പുനല്‍കി.