ഭാര്യക്ക് വോട്ട് ചെയ്തില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ബിജെപി നേതാവ്

തിരഞ്ഞെടുപ്പിനിടെ മുസ്ലീം വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി ബിജെപി നേതാവിന്റെ പ്രസംഗം വിവാദമാകുന്നു. ബി.ജെ.പിയുടെ പ്രാദേശിക നേതാവും കൗണ്‍സിലറുമായരണ്‍ജീത് കുമാര്‍ ശ്രീവാസ്തവയാണ് ഭീഷണി മുഴക്കിയത്. ”മര്യാദക്ക് എന്റെ ഭാര്യക്ക് നിങ്ങളെല്ലാവരും വോട്ട് ചെയ്യണം, ഇല്ലെങ്കില്‍ ഊഹിക്കാന്‍ കഴിയുന്നതിനുമപ്പുറമുള്ള പ്രത്യാഘാതം നേരിടേണ്ടി വരും” എന്നായിരുന്നു കാമ്പയിനിടെ ശ്രീവാസ്തവയുടെ വാക്കുകള്‍. യോഗി ആദിത്യനാഥിന്റെ മന്ത്രിസഭയിലെ രണ്ടു മന്ത്രിമാരുടെ സാന്നിധ്യത്തിലായിരുന്നു ശ്രീവാസ്തവയുടെ ഈ വെല്ലുവിളി. ”സംസ്ഥാനം ഭരിക്കുന്നത് സമാജ്വാദി പാര്‍ട്ടി സര്‍ക്കാരല്ല. ഇവിടെ നിങ്ങളെ സഹായിക്കാന്‍ നിങ്ങളുടെ ഒരു നേതാവും വരില്ല. റോഡും അഴുക്കുചാലുകളുമെല്ലാം നിര്‍മിക്കാന്‍ തദ്ദേശസ്വയംഭരണ കേന്ദ്രങ്ങള്‍ തന്നെ വേണം. വിവേചനമില്ലാതെ ഞങ്ങളുടെ സ്ഥാനാര്‍ഥികള്‍ക്ക് നിങ്ങള്‍ വോട്ട് ചെയ്യണം. എന്റെ ഭാര്യക്ക് വോട്ട് ചെയ്തില്ലെങ്കില്‍, പിന്നെ പ്രശ്നങ്ങളുണ്ടാകുമെന്നും ശ്രീവാസ്തവ പറഞ്ഞു. മുസ്ലിംകളോട് എനിക്ക് പറയാനുള്ളത്, ഞങ്ങള്‍ക്ക് വോട്ട് ചെയ്യണം. ഞാന്‍ അപേക്ഷിക്കുകയല്ല, നിങ്ങള്‍ വോട്ട് ചെയ്താല്‍ നിങ്ങള്‍ക്ക് സമാധാനമായി ജീവിക്കാം. മറിച്ചാണെങ്കില്‍ എന്താണുണ്ടാകുകയെന്ന് നിങ്ങള്‍ മനസിലാക്കും” ശ്രീവാസ്തവ പറഞ്ഞു.

എന്നാല്‍ സംഗതി വിവാദമായതോടെ താന്‍ അത്തരത്തില്‍ പറഞ്ഞിട്ടില്ലെന്നും വോട്ടര്‍മാരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ മാത്രമാണ് ശ്രമിച്ചതെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ വിശദീകരണം. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ വലിയ അന്തരമുണ്ടെന്നും ഇതിന് ഒരവസാനം ഉണ്ടാകേണ്ടതുണ്ടെന്നും പറയാനാണ് താന്‍ ശ്രമിച്ചതെന്നും ഇനി താന്‍ ഭീഷണിപ്പെടുത്തിയതായിട്ടാണ് അവര്‍ക്ക് തോന്നിയതെങ്കിലും ഇതിനേക്കാള്‍ ആയിരംഇരട്ടി ഭീഷണിയില്‍ പറയാന്‍ തനിക്ക് അറിയാമെന്നും പറഞ്ഞ് ന്യായീകരിക്കുകയായിരുന്നു ശ്രീവാസ്തവ. ഈ മാസം ബരാബങ്കിയില്‍ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ശ്രീവാസ്തവയുടെ ഭാര്യ സാഷി ശ്രീവാസ്തവ സ്ഥാനാര്‍ഥിയാണ്. ഈ മാസം ആദ്യം മുതലാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ശ്രീവാസ്തവ ഇറങ്ങിയത്. അന്നു മുതല്‍ ഭീഷണിച്ചുവയിലായിരുന്നു ശ്രീവാസ്തവയുടെ പ്രസംഗങ്ങള്‍. എന്നാല്‍ വേദിയിലുണ്ടായിരുന്ന മന്ത്രിമാരിലൊരാളായ ഘാരാ സിങ്ങ് ചൗഹാന്‍ രണ്‍ജിതിന്റെ വാക്കുകളോട് വിയോജിപ്പു പ്രകടിപ്പിച്ചു. രണ്‍ജിതിന്റെ വാക്കുകള്‍ പാര്‍ട്ടിയുടേതെല്ലെന്നും സംഭവം പാര്‍ട്ടി ഗൗരവത്തോടെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top