ഭോപാല്‍: സെക്സ് റാക്കറ്റ് മാഫിയ തലവനായ ബി.ജെ.പി നേതാവ് അറസ്റ്റില്‍. ബി.ജെ.പിയുടെ പട്ടികജാതി വിഭാഗമായ അനുസൂചിത് ജാതി മോര്‍ച്ചയുടെ സംസ്ഥാന മാധ്യമ കോഡിനേറ്റര്‍ നീരജ് ശാകിയയാണ് അറസ്റ്റിലായത്.
ഇയാളെ കൂടാതെ എട്ടുപേര്‍ കൂടി പൊലീസ് പിടിയിലായിട്ടുണ്ട്. ഭോപ്പാലിലെ ഇ.7 പ്രദേശത്തു നിന്നും വെള്ളിയാഴ്ചയാണ് ഇവരെ അറസ്റ്റു ചെയ്തത്. ഭോപ്പാല്‍ പൊലീസിന്റെ സൈബര്‍ സെല്ലാണ് അറസ്റ്റിനു പിന്നില്‍.
സംഭവം പുറത്തായതോടെ ഇയാള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന വാദവുമായി മധ്യപ്രദേശിലെ ബി.ജെ.പി രംഗത്തെത്തി. എന്നാല്‍ ഇയാളെ മാധ്യമ കോഡിനേറ്ററായി നിയമിച്ചുകൊണ്ടുള്ള ബി.ജെ.പിയുടെ കത്ത് സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിച്ചതോടെ പാര്‍ട്ടി ഇയാളെ പുറത്താക്കിയതായി അറിയിച്ചു. നീരജും സംഘവും ജോലി വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളെ ഭോപ്പാലില്‍ എത്തിച്ചശേഷം അവരെ പെണ്‍വാണിഭത്തിന് ഉപയോഗിക്കുകയാണ് ചെയ്തതെന്ന് പൊലീസ് പറയുന്നു.
ഇവരെ പിടികൂടിയ ഫ് ളാറ്റില്‍ നിന്നും നാലു പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. വെബ്സൈറ്റ് വഴിയാണ് റാക്കറ്റ് നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. തൊഴില്‍ സൈറ്റുകളില്‍ അപേക്ഷ നല്‍കുന്ന പെണ്‍കുട്ടികളെയാണ് പലവിധ കബളിപ്പിക്കലിലൂടെ ഇവര്‍ സെക്സ് റാക്കറ്റില്‍ എത്തിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. –
തൊഴില്‍ സൈറ്റുകളില്‍ പെണ്‍കുട്ടികള്‍ നല്‍കുന്ന ബയോഡാറ്റയില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് ഇവരുമായി ബന്ധപ്പെടുകയാണ് ചെയ്തിരുന്നത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെയും തെക്കന്‍ സംസ്ഥാനങ്ങളിലെയും പെണ്‍കുട്ടികളെയാണ് ഇവര്‍ കൂടുതലായി ഉപയോഗിച്ചിരുന്നത്. ഇവരില്‍ നിന്നും നിരവധി പെണ്‍കുട്ടികളുടെ കോണ്‍ടാക്ട് അടങ്ങിയ പുസ്തകം കിട്ടിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.