
കൊച്ചി: സ്വകാര്യ ആശുപത്രിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച പ്രമുഖ നേതാവിനെ ബിജെപി ആര്‍എസ്എസ് നേതൃത്വം താക്കീത് ചെയ്‌തെന്ന് റിപ്പോര്‍ട്ട്. കോഴിക്കോട്ടെ പ്രശസ്ത ആശുപത്രിയെ ഭീഷണിപ്പെടുത്തിയാണ് നേതാവ് പണം തട്ടാന്‍ ശ്രമിച്ചത്.
വൃക്കരോഗിയായ ബിജെപി പ്രവര്‍ത്തകനെ ചികിത്സയ്ക്കു കയറ്റിയ സ്വകാര്യ ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ ചികിത്സാ പിഴവ് ഉണ്ടായെന്ന് ആരോപിച്ച് പണം തട്ടിയെടുക്കാനാണ് പ്രമുഖ ബിജെപി നേതാവ് ശ്രമിചിച്ചത്. എന്നാല്‍ ആശുപത്രി മേധാവിയായ വനിതാ ഡോക്ടര്‍ക്ക് ആര്‍എസ്എസ് നേതൃത്വവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഇതാണ് നേതാവിനു വിനയായത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖര്‍ അടക്കമുള്ളവര്‍ പ്രശ്നത്തില്‍ ഇടപെടുകയുണ്ടായി. നേതാവിന്റെ ശബ്ദരേഖയടക്കമുള്ള തെളിവുകളുമായി ആശുപത്രി മാനേജ്മെന്റ് പരാതിപ്പെട്ടതോടെ നടപടിയെടുക്കാന്‍ പറ്റാത്ത സാഹചര്യം ആര്‍എസ്എസിനുണ്ടാകുകയായിരുന്നു.
വൃക്കരോഗിയായ ബിജെപി പ്രവര്‍ത്തകനെ കഴിഞ്ഞമാസമാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയുടെ ഭാഗത്തുനിന്ന് ചികിത്സയില്‍ പിഴവ് ഉണ്ടായതായി ആരോപിച്ച് പ്രവര്‍ത്തകനെ പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഈ സമയത്താണ് സംസ്ഥാനത്തെ പ്രമുഖ ബിജെപി നേതാവ് സംഭവത്തില്‍ ഇടപെടുന്നത്. നേതാവ് പ്രശ്നത്തില്‍ ഇടപെട്ട് ആശുപത്രി മാനേജ്മെന്റില്‍ നിന്ന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം വാങ്ങി പ്രവര്‍ത്തകന് നല്‍കുകയും ചെയ്തു. ഒരാഴ്ച കഴിഞ്ഞ് നേതാവ് പണം ആവശ്യപ്പെട്ട് വീണ്ടും ആശുപത്രി അധികൃതരെ സമീപിക്കുകയായിരുന്നു. നേതാവ് ആശുപത്രി അധികൃതരെ വിളിച്ച് അഞ്ചു ലക്ഷം രൂപ കൂടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. പണം നല്‍കിയില്ലെങ്കില്‍ സമരം ചെയ്ത് ആശുപത്രി പൂട്ടിക്കുമെന്നും നേതാവ് ഭീഷണി മുഴക്കി.
ഇതോടെയാണ് ആശുപത്രി അധികൃതര്‍ പരാതിയുമായി ആര്‍എസ്എസ് നേതൃത്വത്തെ സമീപിച്ചത്. ആശുപത്രി മേധാവിയായ വനിതയ്ക്ക് ആര്‍എസ്എസ് നേതൃത്വവുമായുള്ള അടുപ്പമാണ് നേതാവിന് വിനയായത്. നേതാവിന്റെ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയും പരാതിയ്ക്കൊപ്പം സമര്‍പ്പിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലും ചാനല്‍ ചര്‍ച്ചകളിലും ശക്തമായി ഇടപെടുന്ന ആളാണ് പണം ആവശ്യപ്പെട്ട നേതാവെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെട്ടതോടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അടക്കമുള്ളവര്‍ പ്രശ്നത്തില്‍ ഇടപെട്ടിരുന്നു. രോഗിയായ ബിജെപി പ്രവര്‍ത്തകനു വേണ്ടിയല്ല നേതാവ് പണം ആവശ്യപ്പെട്ടതെന്ന് ആര്‍എസ്എസ് നേതൃത്വത്തിനു ബോധ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് നേതാവിനെ താക്കീത് ചെയ്തുവിടാന്‍ ആര്‍എസ്എസ് നേതൃത്വം തീരുമാനിച്ചത്.