
കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ അഴിമതി ആരോപണങ്ങള്‍ വിളിച്ചു പറഞ്ഞ് നടന്ന മുന്‍മുഖ്യമന്ത്രി യദെിയൂരപ്പ അബദ്ധം പിഞ്ഞ് വെട്ടിലായി. ബിജെപിയുടെ മുന്‍ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയും കേന്ദ്രമന്ത്രി എച്ച്എന്‍ അനന്ത് കുമാറുമാണ് പെട്ടിരിക്കുന്നത്. ഒരു ചടങ്ങിനിടെ വേദിയിലിരുന്ന് സ്വകാര്യ സംഭാഷണം നടത്തുന്നതിനിടെയാണ് സ്വന്തം അഴിമതിക്കഥകള്‍, മുമ്പിലിരുന്ന മൈക്ക് ഓണായിരുന്നുവെന്ന് അറിയാതെ വിളിച്ചുപറഞ്ഞാണ് ഇവര്‍ പുലിവാല്‍പിടിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താന്‍ സിദ്ധരാമയ്യ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് ആയിരം കോടി രൂപ നല്‍കിയെന്നായിരുന്നു യെദിയൂരപ്പയുടെ ആരോപണം. ഈ ആരോപണം കത്തിച്ചുനിര്‍ത്താന്‍ ഇരുവരും പദ്ധതിയിടുന്നതിനിടെയായിരുന്നു അമിളി സംഭവിച്ചത്. സിദ്ധരാമയ്യക്കെതിരെ അഴിമതി ആരോപണം രാഷ്ട്രീയമായി ഉപയോഗിക്കാമെന്നായിരുന്നു ഇരുവരുടെയും പക്ഷം. എന്നാല്‍ തങ്ങള്‍ക്ക് മുമ്പില്‍ സ്ഥാപിച്ചിരുന്ന മൈക്ക് ഓണ്‍ ആയിരുന്നുവെന്ന കാര്യം ഇരുവരും അറിഞ്ഞില്ല. പതിഞ്ഞ ശബ്ദത്തിലായിരുന്നു സംസാരമെങ്കിലും മൈക്കിന്റെ മുമ്പില്‍ ഈ രഹസ്യം പരസ്യമായി. സിദ്ധരാമയ്യക്കെതിരെ അഴിമതി ആരോപണം രാഷ്ട്രീയ ആയുധമാക്കണമെന്ന് യെദിയൂരപ്പ പറയുന്നതും കേന്ദ്രമന്ത്രി ഇത് ശ്രദ്ധപൂര്‍വം ആസ്വദിച്ച് കേള്‍ക്കുന്നതും പുറത്തുവന്ന വീഡിയോയില്‍ വ്യക്തമാണ്. അടുത്ത തെരഞ്ഞെടുപ്പിലേക്ക് കാത്തുവെക്കാവുന്ന മൂര്‍ച്ചയേറിയ ആയുധമെന്ന നിലക്കായിരുന്നു ഇരുവരുടെയും ചര്‍ച്ച.
ഇതിനിടെയാണ് നമ്മള്‍ എത്ര അഴിമതി നടത്തിയിട്ടുള്ളതാണെന്നും ഭരണത്തിലിരുന്നപ്പോള്‍ ഖനി മാഫിയകളില്‍ നിന്നു വാങ്ങിയ കോടികള്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന് നല്‍കിയിട്ടില്ലെയെന്നും യെദിയൂരപ്പ പറയുന്നത്. കോണ്‍ഗ്രസാണ് ഇരുവരുടെയും രഹസ്യ സംഭാഷണം ബിജെപിയുടെ പാളയത്തില്‍ നിന്നു തന്നെ ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് സിഡി രൂപത്തില്‍ നല്‍കിയത്. ഏതായാലും സിദ്ധരാമയ്യയെ കുടുക്കാന്‍ കുഴി കുഴിച്ച യെദിയൂരപ്പയും കേന്ദ്രമന്ത്രിയും സ്വന്തം വാരിക്കുഴിയില്‍ വീണ അവസ്ഥയിലാണ്. സ്വന്തം അഴിമതിക്കഥകള്‍ രഹസ്യമായെങ്കിലും സമ്മതിക്കുന്ന ഇരുവര്‍ക്കുമെതിരെ അന്വേഷണം നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ധൈര്യമുണ്ടോയെന്നും കോണ്‍ഗ്രസ് നേതൃത്വം ചോദിക്കുന്നു.