സ്വന്തം ലേഖകൻ
കാസർകോട്: മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പു കേസ് വിജയിച്ച് എംഎൽഎ ആകാനുള്ള കരുക്കൾ നീക്കി ബി.ജെപി നേതാവ് കെ.സുരേന്ദ്രൻ. 299 വോട്ടുകൾ കള്ളവോട്ടാണെന്നു ചൂണ്ടിക്കാട്ടി സുരേന്ദ്രൻ സമർപ്പിച്ച ഹർജിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കേസ് വിവാദമായിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പൽ കെ.സുരേന്ദ്രൻ 89 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. മുസ്ലീം ലീഗ് എംഎൽഎ അബ്ദുൾ റസാഖാണ് ഇവിടെ ജയിച്ചിരുന്നത്. മഞ്ചേശ്വരത്ത് 3000 കള്ളവോട്ട് ചെയ്തു എന്ന വാദമാണ് കെ.സുരേന്ദ്രൻ ഇപ്പോൾ ഉന്നയിക്കുന്നത്.
ഹൈക്കോടതിയിൽ നിലവിലിരിക്കുന്ന കേസിൽ കേന്ദ്ര അറ്റോർണി ജനറൽ അടക്കം ഇടപെട്ട് ബിജെപിയ്ക്കു അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്ുന്നത്. ആവശ്യമെങ്കിൽ വോട്ടിങ് യന്ത്രം തുറന്നു പരീക്ഷിക്കുന്നതടക്കമുള്ള നടപടികളിലേയ്ക്കു കടക്കുമെന്നാണ് ഇപ്പോൾ ബിജെപി കേന്ദ്ര നേതൃത്വവും തിരഞ്ഞെടുപ്പു കമ്മിഷനും പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തരത്തിൽ വോട്ടിങ് യന്ത്രം തുറന്നു പരിശോധിച്ചാൽ കള്ളവോട്ട് ചെയ്തത് ആരാണെന്നു കണ്ടെത്താൻ സാധിക്കുമെന്നാണ് ഇപ്പോൾ സുരേന്ദ്രന്റെ വാദം. ഇതേ തുടർന്നു 11 പേർക്കു കോടതി സമൻസ് അയച്ചിരുന്നു. ഇവർ കോടതിയിൽ ഹാജരായി മൊഴി നൽകിയതോടെയാണ് സുരേന്ദ്രന്റെ വാദം ശക്തിപ്പെട്ടത്.
എന്നാൽ, സുരേന്ദ്രന്റെ വാദം പൊളിക്കുന്നതിനു വേണ്ടി ആവശ്യമെങ്കിൽ എം.എൽഎയെ രാജിവയപ്പിച്ചു സുരേന്ദ്രനെ വീണ്ടും മത്സരത്തിനു ക്ഷണിക്കുന്നതിനാണ് ഇപ്പോൾ മുസ്ലീം ലീഗ് ഒരുങ്ങുന്നത്. 89 വോട്ടിന്റെ മാത്രം ലീഡുള്ള മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് നടന്നാൽ, കെ.സുരേന്ദ്രനെ 12000 വോട്ടിന്റെയെങ്കിലും ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്താൻ സാധിക്കുമെന്നാണ് മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി വിലയിരുത്തിയിരിക്കുന്നത്. ഇവിടെ സ്ഥാനാർഥിയെ മത്സരിപ്പിച്ചാൽ ഇടതു മുന്നണിയുടെയും, സിപിഎമ്മിന്റെയും പിൻതുണയുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.