സ്വന്തം ലേഖകൻ
ലഖ്‌നൗ: ബിജെപി ഭരണത്തിൽ ഏറിയതോടെ യുപിയിൽ ബിജെപി എംഎൽഎമാർ ഭരണം ഏറ്റെടുത്തു. ഐപിഎസ് ഉദ്യോഗസ്ഥയെ അടക്കം നടുറോഡിൽ അപമാനിക്കുന്ന സ്ഥിതി വരെ യുപിയിൽ എത്തിയിരിക്കുന്നത്. പൊതുജന മദ്ധ്യത്തിൽ ബി.ജെ.പി എം.എൽ.എയുടെ ശകാരത്തെ തുടർന്ന് ഐ.പി.എസ് ഉദ്യോഗസ്ഥയെ പൊട്ടിക്കരഞ്ഞു. ഗോരഖ്പുർ എം.എൽ. ഡോ. രാധാ മോഹൻ ദാസ് അഗർവാളാണ് ഐ.പി.എസ് ഉദ്യോഗസ്ഥയായ ചാരു നിഗത്തെ പൊതുയിടത്തിൽവെച്ച് അപമാനിച്ചത്. ജനങ്ങളുടെയും മറ്റ് ജനപ്രതിനിധികളുടെയും മുന്നിൽ വെച്ച് എം.എൽ.എ ശകാരിച്ചതോടെ ചാരു നിഗം പൊട്ടിക്കരയുകയായിരുന്നു.
ഞായറാഴ്ച വൈകിട്ടാണ് സംഭവം. കോയിൽവാ ഗ്രാമത്തിൽ വ്യാജമദ്യ വിൽപനക്ക് പൊലീസ് കൂട്ടുനിൽക്കുന്നുവെന്നാരോപിച്ച് ഒരു സംഘം സ്ത്രീകൾ റോഡ് ഉപരോധിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. പ്രതിഷേധത്തിനിടെ സ്ഥലത്തുണ്ടായിരുന്ന പൊലീസും സ്ത്രീകളും തമ്മിൽ സംഘർഷമുണ്ടായി. സ്ത്രീകളുടെ ഭാഗത്തു നിന്ന് കല്ലേറുണ്ടായി എന്നാരോപിച്ച് പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ സ്ത്രീകൾക്ക് പരിക്കേറ്റു.
സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ എം.എൽ.എ ഡോ. രാധാ മോഹൻ ദാസ് അഗർവാൾ മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥയായ ചാരു നിഗമിനോട് തട്ടിക്കയറുകയായുരുന്നു. ‘ ഞാൻ നിങ്ങളോടല്ല സംസാരിക്കുന്നത്. നിങ്ങൾ ഒന്നും പറയേണ്ടതില്ല. മിണ്ടാതിരിക്കണം. നിങ്ങൾ നിങ്ങളുടെ പരിധി ലംഘിക്കരുത്.’ ചരുവിന് നേരെ വിരൽ ചൂണ്ടി എം.എൽ.എ രുക്ഷമായി സംസാരിക്കുകയായിരുന്നു. എന്നാൽ താനാണ് ചുമതലയുള്ള ഉദ്യോഗസ്ഥയെന്നും എന്ത് ചെയ്യണമെന്ന് തനിക്കറിയാമെന്നും ചാരു നിഗം മറുപടി നൽകി.
എം.എൽഎയുടെ ശകാരം രൂക്ഷമായതോടെ സങ്കടം സഹിക്കാനാകാതെ ചാരു നിഗം കരയുകയും തൂവാലകൊണ്ട് കണ്ണീരൊപ്പുകയുമായിരുന്നു. എം.എൽ.എ തട്ടികയറുന്നതുമായ ദ്യശ്യങ്ങൾ ചിലർ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു.
എന്നാൽ താൻ ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും സമാധാനപരമായി സമരത്തിൽ സംഘർഷമുണ്ടാക്കിയതിനാണ്? പ്രതികരിച്ചതെന്നും എം.എൽ.എ പറഞ്ഞു.
സമരം ചെയ്ത സ്ത്രീകളെ ഉദ്യോഗസ്ഥ ബലംപ്രയോഗിച്ച് നീക്കം ചെയ്തതാണ് സംഘർഷത്തിൽ കലാശിച്ചത്. പൊലീസ് സ്ത്രീകളെ അടിക്കുകയും വയോധികനെ വലിച്ചിഴക്കുകയും ചെയ്തു. ഇത് അംഗീകരിക്കാനാകില്ലെന്നും എം.എൽ.എ പറഞ്ഞു.
2013 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥയാണ് ചാരു നിഗം.