ജയ്പൂര്‍: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാജ്യദ്രോഹിയാണെന്നും രാഹുലിനെ തൂക്കിലേറ്റിയോ വെടി വച്ചോ കൊല്ലണമെന്നും ബി.ജെ.പി എം.എല്‍.എ. രാജസ്ഥാനിലെ ബയ്ടൂ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയായ കൈലാഷ് ചൗധരിയാണ് ഒരു പൊതുപരിപാടിയ്ക്കിടെ വിവാദ പരാമര്‍ശം നടത്തിയത്. രാജകുമാരന്‍ എന്നാണ് രാഹുലിനെ വിശേഷിപ്പിച്ചത്.
രാഹുല്‍ഗാന്ധി ജെ.എന്‍.യു വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ചതും പ്രസംഗിച്ചതുമാണ് ബി.ജെ.പി എം.എല്‍.എയെ പ്രകോപിപ്പിച്ചത്. അഫ്‌സല്‍ ഗുരുവിനെ രക്ഷസാക്ഷിയെന്ന് വിളിച്ചും പാകിസ്ഥാന് സിന്ദാബാദ് വിളിച്ചും ഇന്ത്യയില്‍ തുടരാമെന്ന് കോണ്‍ഗ്രസുകാരുടെ രാജകുമാരന്‍ കരുതേണ്ടെന്ന് കൈലാഷ് ചൗധരി പറഞ്ഞു. ഇന്ത്യയ്‌ക്കെതിരെ സംസാരിയ്ക്കുന്നവരെയെല്ലാം കൊല്ലണമെന്നും കൈലാഷ് ചൗധരി അഭിപ്രായപ്പെട്ടു.
ബി.ജെ.പിയുടെ തനിനിറം വ്യക്തമാക്കുന്നതാണ് ചൗധരിയുടെ പ്രസ്താവനയെന്ന് രാജസ്ഥാന്‍ പി.സി.സി അദ്ധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് അഭിപ്രായപ്പെട്ടു. എം.എല്‍.എയ്‌ക്കെതിരെ നടപടി എടുക്കാന്‍ ബി.ജെ.പി തയ്യാറാകണമെന്നും സര്‍ക്കാര്‍ നിയമനടപടി സ്വീകരിയ്ക്കണമെന്നും സച്ചിന്‍ പൈലറ്റ് ആവശ്യപ്പെട്ടു.
അതേസമയം താന്‍ പറഞ്ഞ കാര്യത്തില്‍ ഉറച്ച് നില്‍ക്കുന്നതായും ഇത്തരക്കാരെ കൊല്ലുക തന്നെ വേണമെന്നും കൈലാഷ് ചൗധരി പറഞ്ഞു. താന്‍ ഒരു ദേശീയവാദിയാണെന്നും ഭാരതമാതാവിനെതിരെ വിരലുയര്‍ത്തുന്നവരെ വച്ചുപൊറുപ്പിയ്ക്കാന്‍ കഴിയില്ലെന്നും കൈലാഷ് ചൗധരി പറഞ്ഞു. ഇതിനിടെ ജെ.എന്‍.യുവില്‍ സന്ദര്‍ശിച്ച് പ്രസംഗം നടത്തിയെന്ന പേരില്‍ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് അലഹബാദിലെ ഒരു അഭിഭാഷകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രാഹുലിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.