ദാദ്രി:ദാദ്രി കൊലപാതകവുമായി ബന്ധപ്പെട്ടു വിവാദ പ്രസ്ഥാവന നടത്തിയ ബിജെപി എം എല്‍ എ യുടെ പ്രസംഗത്തിന്റെ വീഡിയോ പരിശോധിക്കണമെന്ന് ജില്ലാ മജിസ്ട്രേറ്റ് . ബിജെപി എംഎല്‍എയുടെ പ്രസംഗത്തിന്റെ വീഡിയോ ടേപ്പ് പരിശോധിക്കാനാണ് ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടത്. ജില്ലാ മജിസ്ട്രേറ്റ് എന്‍ പി സിങ്ങാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്. വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന പ്രസ്താവന നടത്തിയ സംഗീത് സോമിനെതിരെ യുക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് യുപി മന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ അസം ഖാനും ആവശ്യപ്പെട്ടിരുന്നു. സംഭവ സ്ഥലത്തും തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകരോടും നടത്തിയ പ്രസ്താവനകള്‍ നിയമവിദഗ്ധരോട് പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ മജിസ്ട്രേറ്റ് വ്യക്തമാക്കി. ദാദ്രിയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണം. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇറച്ചി കഷണങ്ങള്‍ വിതറി വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതായി ജില്ലാ പൊലീസ് മേധാവി അനുരാഗ് ഠാക്കൂറും വ്യക്തമാക്കിയിട്ടുണ്ട്.
അഖ്ലഖിനെ തല്ലിക്കൊന്ന സംഭവം തീര്‍ത്തും ലജ്ജാവഹമെന്ന് അസം ഖാന്‍ പറഞ്ഞു. 1992 ബാബറി മസ്ജിദ് തകര്‍ത്തതിനു സമാനമാണ് ദാദ്രിയില്‍ നടന്നത്. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുക എന്ന സംഘപരിവാറിന്റേയും ബിജെപിയുടെയും അപ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള പാതയൊരുക്കലിന്റെ ആദ്യപടിയാണ് ദാദ്രിയില്‍ നടന്നത്. ഇന്ത്യയില്‍ വംശീയ അതിക്രമങ്ങള്‍ വര്‍ധിക്കുന്നു. ഇത്തരം പ്രശ്നങ്ങള്‍ ഒരിക്കലും ഇന്ത്യന്‍ സര്‍ക്കാര്‍ യു എന്നില്‍ റിപ്പോര്‍ട്ട് ചെയ്യില്ല. അതുകൊണ്ടുതന്നെ ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യന്‍ മുസ്ലിംകളുടെ അവസ്ഥ ബോധ്യപ്പെടുത്താന്‍ സമീപിക്കുമെന്ന് അസം ഖാന്‍ വ്യക്തമാക്കി.
അഖ്ലഖിനെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ 10ല്‍ ഏഴ് പേരും ബിജെപി ബന്ധമുള്ളവരെന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രാദേശിക ബിജെപി നേതാവ് സഞ്ജയ് റാണയുമായാണ് ഇവര്‍ക്ക് അടുത്ത ബന്ധമുള്ളത്. സഞ്ജയ് റാണയുടെ മകന്‍ വിശാല്‍ റാണയാണ് കേസിലെ പ്രധാന പ്രതികളിലൊരാള്‍.
മുഹമ്മദ് അഖ്ലഖിന്റെ കുടുംബത്തെ ആക്രമിക്കാന്‍ ആള്‍ക്കൂട്ടത്തെ പ്രേരിപ്പിക്കുന്നതിലും അക്രമാസക്തമാക്കുന്നതിലും വിശാലാണ് പ്രധാന പങ്ക് വഹിച്ചതെന്നാണ് പൊലീസ് നിഗമനം. വിവേക്, സച്ചിന്‍ എന്നീ സഹോദരന്മാരും സഞ്ജയ് റാണയുമായി ബന്ധമുള്ളവരാണ്. മറ്റ് പ്രതികളായ ശിവം, സൗരഭ്, ഗൗരവ്, സന്ദീപ് തുടങ്ങിയ യുവാക്കളും ബിസാദ ഗ്രാമത്തിലെ അയല്‍ക്കാരാണ്. ക്ഷേത്രത്തിലെ പൂജാരിയെക്കൊണ്ട് മൈക്കില്‍ അനൗണ്‍സ്മെന്റ് നടത്തിയാണ് ഇവര്‍ അഖ്ലഖ് കുടുംബത്തിനെതിരെ ആള്‍ക്കൂട്ടത്തെ ഇളക്കിവിട്ടതെന്നാണ് നിഗമനം.