നസ്രാണിയെ പിടിക്കാന്‍ ബിജെപി : ക്രൈസ്തവ സഹകരണവും വര്‍ഗീയ ധ്രുവീകരണവും മുഖ്യ അജണ്ടയായി കോഴിക്കോട് സമ്മേളനം

കോഴിക്കോട്: ക്രൈസ്തവ സഭകളുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ദേശീയ കൗണ്‍സിലില്‍ സംസ്ഥാന നേതൃത്വത്തിന്റെ റിപ്പോര്‍ട്ട്.കോഴിക്കോട് ആരംഭിക്കുന്ന സമ്പൂര്‍ണ ദേശീയ നിര്‍വാഹക സമിതി സമ്മേളനത്തില്‍ ബിജെപി ലക്ഷ്യമിടുന്നത് ബഹുമുഖ രാഷ്ട്രീയ-വര്‍ഗീയ മോഹങ്ങളാണെന്ന് വ്യക്തമായി . ന്യൂനപക്ഷങ്ങളെ സഹകരിപ്പിക്കുന്നതിനായി നേതാക്കള്‍ സഭാ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തണമെന്നും സംസ്ഥാന നേതൃത്വം തയ്യാറാക്കിയ രാഷട്രീയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. മധ്യകേരളത്തില്‍ സഭകളുമായുള്ള സഹകരണം പാര്‍ട്ടിയെ ശക്തിപ്പെടുത്തും. കുറച്ചു കാലമായിട്ട് ക്രൈസ്തവ സഭകള്‍ ബിജെപിയുമായി സൗഹാര്‍ദ നിലപാടാണ് സ്വീകരിക്കുന്നത്. ഇവരെ ബിജെപിയുമായി അടുപ്പിക്കുന്നതിന് വേണ്ട ഇടപെടലുകള്‍ കേന്ദ്രം നടത്തണം. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇക്കാര്യത്തിലുള്ള നീക്കങ്ങള്‍ സമയബന്ധിതമായി നടത്തണമെന്നും റിപ്പോര്‍ട്ടില്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നിര്‍ദേശിച്ചു.
പരമ്പരാഗതമായി സംഘപരിവാര വിരുദ്ധ പക്ഷത്ത് കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്ന കേരളത്തിലെ ന്യൂനപക്ഷ രാഷ്ട്രീയ വോട്ട് ബാങ്കില്‍ ഒരു വിഭാഗത്തെ വശത്താക്കുക എന്ന തന്ത്രമാണ് കോഴിക്കോട് സമ്മേളനത്തിന്റെ മുഖ്യ അജണ്ട. അതോടൊപ്പം, എല്‍ഡിഎഫ്-യുഡിഎഫ് പക്ഷത്തുള്ള നായര്‍, ഈഴവ വിഭാഗങ്ങളില്‍ പാര്‍ട്ടിക്ക് അനുകൂലമായ ധ്രുവീകരണവും ഈ സമ്മേളനത്തോടെ കേരളത്തില്‍ ബിജെപി പ്രതീക്ഷിക്കുന്നു.
1967ല്‍ കോഴിക്കോട് നടന്ന ജനസംഘം 14ാം ദേശീയ സമ്മേളനത്തിന്റെ പ്രമേയം കമ്മ്യൂണിസ്റ്റ്-മുസ്‌ലിം രാഷ്ട്രീയ ആധിപത്യത്തില്‍ നിന്നു കേരളത്തെ മോചിപ്പിക്കുക എന്നതായിരുന്നു. എന്നാല്‍, പ്രകടമായ ഹിന്ദുത്വ അജണ്ട മാറ്റിവച്ച് പ്രായോഗിക സമീപനം കേരളത്തില്‍ സ്വീകരിക്കുന്നു എന്നതാണ് കോഴിക്കോട് ബിജെപി സമ്മേളനത്തിന്റെ പ്രത്യേകത.ma
ന്യൂനപക്ഷ രാഷ്ട്രീയം സംഘടിതവും വ്യവസ്ഥാപിതവുമായ കേരളത്തില്‍ ഹിന്ദുത്വ ബദലായി മുന്നേറാനാവില്ലെന്ന തിരിച്ചറിവ് ബിജെപി നേതൃത്വത്തിനുണ്ട്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളിയുടെ വര്‍ഗീയതയെയും, ബിഡിജെഎസിന്റെ ജാതി സാധ്യതകളെയും ഒപ്പം കൂട്ടിയിട്ടും നാല് ശതമാനത്തോളം വോട്ട് മാത്രമാണ് ബിജെപി മുന്നണിക്ക് അധികം ലഭിച്ചത്. നിയമസഭയില്‍ ഒരു എംഎല്‍എ ലഭിച്ചുവെന്ന സാങ്കേതികത്വത്തിനപ്പുറം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കേരളത്തില്‍ ചലനമുണ്ടാക്കാനായില്ല.ഈ സാഹചര്യത്തില്‍ ന്യൂനപക്ഷ സഹകരണത്തോടെ മാത്രമെ അധികാര മുഖ്യധാരയിലെത്താനാവു എന്നതാണ് പാര്‍ട്ടിക്ക് മുമ്പിലുള്ള രാഷ്ട്രീയ സാധ്യത.

ആര്‍എസ്എസ് നേതൃത്വത്തിന്റെ കടുത്ത എതിര്‍പ്പുകള്‍ അവഗണിച്ച് ഗോവയില്‍ ക്രൈസ്തവ സഭകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അനുകൂലമായ നിലപാട് സ്വീകരിച്ച മാതൃകയില്‍ കേരളത്തിലെ ചില ക്രൈസ്തവ സഭകളുമായി രാഷ്ട്രീയ ബന്ധമുണ്ടാക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. കോഴിക്കോട് സമ്മേളനത്തിന് മുമ്പെ തന്നെ ക്രൈസ്തവ സമൂഹത്തെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ മോദി സര്‍ക്കാരും അമിത് ഷായും ആരംഭിച്ചിരുന്നു.
മത പരിവര്‍ത്തനത്തിന്റെ പേരില്‍ ആര്‍എസ്എസ് എന്നും ആക്രമിക്കാറുള്ള മദര്‍ തരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന റോമിലെ ചടങ്ങില്‍ മോദി സര്‍ക്കാര്‍ മന്ത്രിതല പ്രതിനിധി സംഘത്തെ അയച്ചത് ക്രൈസ്തവ സഭകളെ കൈയിലെടുക്കാനായിരുന്നു. ഭൂരിഭാഗവും മലയാളികളടങ്ങിയ വത്തിക്കാന്‍ സഘത്തെ നയിച്ചത് കേന്ദ്രമന്ത്രി സുഷമ സ്വരാജ് ആയിരുന്നു.
ക്രൈസ്തവ പ്രീണനത്തിന്റെ കാര്യത്തില്‍ മോദി സര്‍ക്കാരും ബിജെപിയുടെ കേന്ദ്ര-കേരള നേതൃത്വങ്ങളും അടുത്തകാലത്ത് പുലര്‍ത്തുന്ന സമീപനങ്ങളും ശ്രദ്ധേയമാണ്. യുപിഎ ഭരണകാലത്ത് കസ്തൂരി രംഗന്‍ റിപോര്‍ട്ട് അതേപടി നടപ്പിലാക്കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന നേതൃത്വം ശക്തമായി രംഗത്ത് വന്നിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഇപ്പോള്‍ കുമ്മനം രാജശേഖരന്‍ അടക്കമുള്ളവര്‍ പുലര്‍ത്തുന്ന മൗനം കേരളത്തില്‍ രൂപപ്പെട്ടേക്കാവുന്ന ബിജെപി ക്രൈസ്തവ സഹകരണ സാധ്യതകളെ കണക്കിലെടുത്താണ്.
ബിജെപി കെ എം മാണിയെ പെട്ടെന്ന് എന്‍ഡിഎയില്‍ പ്രവേശിപ്പിക്കുകയില്ല എന്നാണ് സൂചന. ക്രൈസ്തവ സഭകളെ വിശ്വാസത്തിലെടുത്ത് വഴിയൊരുക്കിയ ശേഷം മാണി കോണ്‍ഗ്രസ്സിനെ മുന്നണിയുടെ ഭാഗമാക്കാമെന്നാണ് ബിജെപി കരുതുന്നത്. സഭകളുടെ പൂര്‍ണ പിന്തുണയോടെ മാണി എന്‍ഡിഎയില്‍ എത്തിയാല്‍ മാണി കോണ്‍ഗ്രസ്സില്‍ അത് സംബന്ധിച്ച് എതിര്‍പ്പുകള്‍ ഉയരില്ലെന്നും ബിജെപി കരുതുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top