
പൊളിറ്റിക്കൽ ഡെസ്‌ക്
തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യത്തെ ബിജെപി എംഎൽഎ ആയ രാജഗോപാലിനെ വീഴ്ത്താൻ രഹസ്യതന്ത്രങ്ങളുമായി ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം. ബിജെപിയിലെ അതിരൂക്ഷമായ വിഭാഗീയതയിൽ ഔദ്യോഗിക പക്ഷത്തിനൊപ്പം നിൽക്കുന്ന രാജ ഗോപാലിനെ വീഴ്ത്താനാണ് ഇപ്പോൾ രഹസ്യ തന്ത്രങ്ങൾ അണിയറയിൽ ഒരുക്കുന്നത്.
നിലവിൽ സംസ്ഥാന ബിജെപിയുടെ ചരിത്രത്തിലെ ഏക എംഎൽഎയാണ് ഒ രാജഗോപാൽ. നിലവിൽ സംസ്ഥാനത്ത് നടക്കുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം കേന്ദ്ര സർക്കാരിനെയും ദേശീയ അധ്യക്ഷൻ അമിത്ഷായെയും സമീപിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ചു ഇവർ രേഖാമൂലം ദേശീയ അധ്യക്ഷനു നിവേദനവും നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇവർ ആർഎസ്എസ് നേതൃത്വത്തെ സമീപിച്ചിട്ടുമുണ്ട്.
സംസ്ഥാന നേതൃത്വത്തിന്റെ നിർദേശത്തെ ആർഎസ്എസ് ദേശീയ നേതൃത്വം ഗൗരവതരമെന്നാണ് കരുതുന്നത്. ഇതേ തുടർന്നു കർശന നടപടികളിലേയ്ക്കു നീങ്ങണമെന്നു കേന്ദ്ര ബിജെപി നേതൃത്വത്തിനു ആർഎസ്എസ് നിർദേശം നൽകിയിട്ടുണ്ട്. ഇതിനിടെയാണ് കേരളത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന നിർദേശത്തിനു പിന്നിൽ ബിജെപിയിലെ വിഭാഗീയതയാണെന്ന സൂചന ലഭിച്ചിരിക്കുന്നത്. ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ രഹസ്യമായി ഔദ്യോഗിക വിഭാഗത്തിനൊപ്പം പ്രവർത്തിക്കുന്ന രാജഗോപാലിനെതിരെ ഒരു വിഭാഗത്തിനു കടുത്ത അമർഷമുണ്ട്. ഇതാണ് ഇപ്പോൾ സർക്കാരിനെ അട്ടിമറിക്കുന്നതിലേയ്ക്ക് എത്തിയിരിക്കുന്നത്.