
തിരുവനന്തപുരം:കേരളത്തില്‍ മുഖ്യമന്ത്രിക്ക് ബിജെപി മന്ദിരത്തില്‍ ഓഫീസ് . ബിജെപി പുതിയതായി പണിയുന്ന ആസ്ഥാനമന്ദിരത്തില്‍ ആണ് മുഖ്യമന്ത്രിക്കായി ഓഫീസ്. ബിജെപിക്ക് കേരളത്തില്‍ മുഖ്യമന്ത്രിയുണ്ടാകുമ്പോള്‍ വിശ്രമിക്കാനും ചര്‍ച്ചകള്‍ നടത്താനുമാണ് ആ ഓഫീസ്. ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഒരാഴ്ച്ച മുമ്പ് തറക്കല്ലിട്ട കെട്ടിടത്തിന്റെ രൂപരേഖയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസുള്ളത്.ഏഴുനിലകളായിരിക്കും കെട്ടിടത്തിന് ഉണ്ടാകുക. മുഖ്യമന്ത്രിയുടെ ഓഫീസും സംസ്ഥാനപ്രസിഡന്റിന്റെയും ഓഫീസ് ഒന്നാം നിലയിലായിരിക്കും. തമ്പാനൂര്‍ അരിസ്‌റ്റോ ജംഗ്ഷനുള്ള മാരാര്‍ജി ഭവന്‍ പൊളിച്ചാണ് പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ്. തറക്കല്ലിടുന്നത് പുതിയ സര്‍ക്കാരിന് കൂടി വേണ്ടിയാണെന്ന് അമിത് ഷാ ചടങ്ങിനിടെ പറഞ്ഞിരുന്നു.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജൂണ്‍ നാലിനാണ് മടങ്ങിയത്. അവസരത്തിനൊത്ത് കേരളത്തിലെ ബിജെപി നേതൃത്വം ഉയര്‍ന്നില്ലെങ്കില്‍ സംസ്ഥാന ഘടകത്തെ തഴയുമെന്ന മുന്നറിയിപ്പ് നേതാക്കള്‍ക്ക് അമിത് ഷാ നല്‍കിയിരുന്നു.മടങ്ങിപ്പോകും മുമ്പ് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരെ വിളിച്ചും കര്‍ശന താക്കീത് അമിത് ഷാ ആവര്‍ത്തിച്ചു. ഇനി കേരളത്തില്‍ വരുന്നത് തന്റെ ജന്മദിനത്തിന്റെ അന്നാണ്. അന്നെങ്കിലും തന്നെക്കൊണ്ട് ചീത്ത പറയിപ്പിക്കരുത്. ഇനി ഒക്ടോബറിലാണ് അമിത് ഷാ കേരളത്തിലെത്തുന്നത്. തുടര്‍ന്ന് മൂന്നുമാസം കൂടുമ്പോഴെല്ലാം സന്ദര്‍ശനമുണ്ടാകുമെന്നും അദ്ദേഹം നേതാക്കളോട് വ്യക്തമാക്കി.