സ്വന്തം ലേഖകൻ
ന്യൂഡൽഹി: രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ കുര്യൻ ബിജെപിയിലേയ്‌ക്കെന്ന പേരിൽ ദേശാഭിമാനിയിൽ വാർത്ത പ്രസിദ്ധീകരിച്ചതിൽ ഖേദം പ്രകടിപ്പിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ കുര്യന്റെ രാജ്യസഭയിലെ ചേംബറിൽ എത്തിയാണ് യെച്ചൂരി ഖേദം പ്രകടിപ്പിച്ചത്. ഇത്തരത്തിൽ വാർത്ത നൽകിയത് തിരുത്തി പത്രത്തിൽ വാർത്ത പ്രസിദ്ധീകരിക്കണമെന്നു ദേശാഭിമാനിയ്ക്കു സീതാറാം യെച്ചൂരി നിർദേശം നൽകിയിട്ടുണ്ട്. സീതാറാം യെച്ചൂരിയും കേരളത്തിൽ നിന്നുള്ള സിപിഎം എംപിയും പി.ജെ കുര്യനോടു മാപ്പുപറഞ്ഞതായുള്ള വാർത്തയാണ് ഇന്നലെ പുറത്തു വന്ന ചില പത്രങ്ങൾ പ്രസിദ്ധീകരിച്ചത്.
‘ബിജെപിയിലേയ്ക്കു ചേക്കേറൽ; കോൺഗ്രസ് നേതൃത്വം വെട്ടിൽ’ എന്ന തലക്കെട്ടിൽ കഴിഞ്ഞ ദിവസമാണ് ദേശാഭിമാനി ദിനപത്രം പി.ജെ കുര്യന്റെയും ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെയും പേരു സഹിതം പത്രത്തിൽ വാർത്ത പ്രസിദ്ധീകരിച്ചത്. ഇത് രാഷ്ട്രീയമായി വൻവിവാദമുണ്ടാക്കുകയും, മലപ്പുറം നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ വൻ രാഷ്ട്രീയ ചർച്ചയാകുകയും ചെയ്തിരുന്നു. ബിജെപിയെ സഹായിക്കുന്നതിനാണ് സിപിഎം നേതൃത്വം ഇത്തരത്തിൽ വാർത്ത ചമയ്ക്കുന്നതെന്നായിരുന്നു ദേശാഭിമാനിയിലെ വാർത്തയോട് കോൺഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ പ്രതികരണം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരു പടി കൂടി കടന്ന് മാധ്യമങ്ങളോടു ക്ഷുഭിതനാകുക കൂടി ചെയ്തു. ഇതിനിടെയാണ് ഇന്നലെ രാജ്യസഭയിൽ നേരിട്ടെത്തിയ സീതാറാം യെച്ചൂരി രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ കുര്യനോടു ഖേദം പ്രകടിപ്പിച്ചത്.
എന്നാൽ, കോൺഗ്രസ് ദേശീയ നേതൃത്വമോ, പി.ജെ കുര്യനോ ദേശാഭിമാനിയിൽ വന്ന വാർത്തയോടു പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. ഇതിനിടെയാണ് അപ്രതീക്ഷിതമായി സിപിഎം ദേശീയ ജനറൽ സെക്രട്ടറി തന്നെ വാർത്തയോടുള്ള പ്രതികരണവുമായി രംഗത്ത് എത്തിയത്. വാർത്ത അടിസ്ഥാന രഹിതമാണെന്നു സമ്മതിച്ച അദ്ദേഹം പി.ജെ കുര്യനോടു മാപ്പു പറഞ്ഞ് വാർത്ത പ്രസിദ്ധീകരിക്കണമെന്നു ദേശാഭിമാനിയോടു ആവശ്യപ്പെട്ടതായാണ് സൂചന. ദേശാഭിമാനിയിലെ ബന്ധപ്പെട്ട അധികൃതരോടു പി.ജെ കുര്യനെ നേരിൽ കണ്ട് ഖേദം പ്രകടിപ്പിക്കുന്നതിനും, പി.ജെ കുര്യന്റെ മറുപടി വ്യക്തമാക്കി പ്രസിദ്ധീകരിക്കുന്നതിനും നിർദേശം നൽകിയിട്ടുണ്ട്. യച്ചൂരിയെ കൂടാതെ കേരളത്തിൽ നിന്നുള്ള ഒരാൾ അടക്കം രണ്ട് എംപിമാർ പിജെ കുര്യനെ കണ്ട് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതോടെ മലപ്പുറം തിരഞ്ഞെടുപ്പിനു മുന്നോടിയായിയുള്ളരാഷ്ട്രീയ പ്രചാരണം മാത്രമായിരുന്നു കോൺഗ്രസ് നേതാക്കളുടെ ബിജെപി പ്രവേശനമെന്ന വാർത്തയെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ നൽകുന്ന സൂചന.