
കോഴിക്കോട് : സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ യാത്ര ഉദ്ദേശിച്ച ഗുണം ഉണ്ടാക്കിയില്ലെന്ന് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തല്‍. ദേശീയ പ്രസിഡന്റ് അമിത്ഷായുടെ സ്പോണ്സര്ഷിപ്പില് തുടങ്ങിയ യാത്ര തുടക്കത്തില്‍തന്നെ വിപരീതഫലം ഉണ്ടാക്കിയെന്നും സംസ്ഥാന നേതാക്കള്‍ ദേശീയ നേതൃത്വത്തിന് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.ദേശീയ നേതൃത്വത്തിന്റെ അമിത സമ്മര്‍ദംമൂലമാണ് യാത്രക്ക് ഈ അനുഭവമുണ്ടായതെന്ന വിശ്വാസത്തിലാണ് വലിയ വിഭാഗം നേതാക്കള്‍. യാത്ര സംസ്ഥാന നേതൃത്വത്തിനുമേല്‍ അടിച്ചേല്‍പ്പിച്ചെന്ന വികാരമാണ് ഇവര്‍ക്ക്. മെഡിക്കല്‍ കോഴ അഴിമതിയില്‍പെട്ട് സംസ്ഥാന നേതൃത്വത്തില്‍ ചേരിപ്പോര് രൂക്ഷമാണ്. ഇതിന്റെ ശക്തി കുറഞ്ഞതിനുശേഷം നവംബര്‍ അവസാനമോ ഡിസംബറിലോ ജാഥ നടത്തിയാല്‍ മതിയെന്നായിരുന്നു പൊതുവികാരം. ഇക്കാര്യം അമിത് ഷാ അടക്കമുള്ളവരെ അറിയിച്ചു. അമിത്ഷായുടെ പിടിവാശി യാത്ര ബിജെപിക്കുതന്നെ ദോഷമാക്കി.
കര്‍ണാടകയില്‍നിന്നുള്ള യുവമോര്‍ച്ച നേതാക്കളാണ് യാത്ര നിയന്ത്രിക്കുന്നത്.
യോഗങ്ങളില്‍ പ്രസംഗിക്കേണ്ട വിഷയങ്ങള്‍ തീരുമാനിക്കുന്നത് ഇവരാണ്. സംസ്ഥാന യാഥാര്‍ഥ്യങ്ങള്‍ മറന്നാണ് പ്രസംഗം തയ്യാറാക്കുന്നത്. നട്ടാല്‍ കുരുക്കാത്ത നുണ പറയുന്നത് ജനങ്ങളില്‍ വിപരീത പ്രതികരണമുണ്ടാക്കുന്നുവെന്ന് നേതാക്കള്‍ക്ക് പരാതിയുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള നേതാക്കളുടെ പ്രസംഗം പരിഭാഷപ്പെടുത്തല്‍ മറ്റൊരു പാരയാണ്. കേരളത്തെക്കുറിച്ച് ഇല്ലാത്ത കാര്യങ്ങളാണ് ഇവര്‍ വിളിച്ചുകൂവുന്നത്. കേരളത്തെക്കുറിച്ച് യുപി മുഖ്യമന്ത്രി നടത്തിയ വിലയിരുത്തല്‍ നവമാധ്യമങ്ങളില്‍ ബിജെപിക്കെതിരെ തിരിഞ്ഞുകുത്തിയതും ചര്‍ച്ചയാണ്. യുപിയിലെ ആരോഗ്യരംഗം കേരളം മാതൃകയാക്കണമെന്നായിരുന്നു ആദിത്യനാഥിന്റെ പ്രസ്താവന. ഇതിനെതിരെ ദേശീയ മാധ്യമങ്ങള്‍തന്നെ രംഗത്തെത്തിയത് യാത്രയുടെ ശോഭ കെടുത്തി.കണ്ണൂരില്‍ നാലുദിവസത്തെ പര്യടനം നിശ്ചയിച്ചതില്‍ പാകപ്പിഴയുണ്ടായെന്ന് ഒരുവിഭാഗം പറയുന്നു. സിപിഐ എം ശക്തികേന്ദ്രങ്ങള്‍ തെരഞ്ഞെടുത്ത് യാത്ര നടത്തുമ്ബോള്‍ പൂര്‍ണസമയം അമിത്ഷാ പങ്കെടുക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ യാത്രയില്‍ പങ്കെടുത്തെന്ന് വരുത്തിതീര്‍ത്തി അമിത്ഷാ സ്ഥലംവിട്ടു.