
പാലക്കാട്: ഒറ്റപ്പാലത്ത് മാധ്യമപ്രവർത്തകരെ തിരഞ്ഞുപിടിച്ച ആക്രമിച്ച ആർഎസ്എസ് ക്രിമിനലുകളെ സംരക്ഷിക്കാൻ വ്യക്തമായ പ്രതികരണവുമായി ബിജെപി മുഖപത്രം. ആക്രമണം സിപിഎമ്മിന്റെ തലയിൽകെട്ടി വച്ചു രക്ഷപെടാനുള്ള ഗൂഡതന്ത്രമാണ് ഇപ്പോൾ ബിജെപി ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ബിജെപി മുഖപത്രം ഇപ്പോൾ സംഭവം സിപിഎമ്മിന്റെ മേൽ കെട്ടി വച്ചിരിക്കുന്നത്.
കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഒരുമണിയോടെ ഒറ്റപ്പാലം ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി പരിസരത്ത് ആർഎസ്എസ് നടത്തിയ അക്രമങ്ങളെ സിപിഎമ്മിന്റെ പേരിലാക്കി ബിജെപി മുഖപത്രം ജന്മഭൂമി മുഖപ്രസംഗം എഴുതിയിരിക്കുന്നത്. ആർഎസ്എസ്ബിജെപി പ്രവർത്തകർക്കെതിരേ കോടതി വളപ്പിൽ സിപിഐഎം നടത്തിയ ആക്രമണത്തിലാണ് മാധ്യമപ്രവർത്തകർക്ക് പരിക്കേറ്റതെന്ന് ജന്മഭൂമി പറയുന്നു. ആയുധധാരികളായ സിപിഐഎമ്മുകാരിൽനിന്നു പ്രതിരോധത്തിന് ശ്രമിച്ച ബിജെപി പ്രവർത്തകരുടെ പ്രതികരണം മാധ്യമപ്രവർത്തകർക്ക് എതിരേയെന്നു വരുത്തിത്തീർക്കാൻ ചില കേന്ദ്രങ്ങളിൽ ഗൂഢാലോചനയും നടന്നുവെന്നും പത്രം പറയുന്നു.
നെല്ലായയിൽ സിപിഎം നടത്തിയ ആക്രമണങ്ങൾക്ക് ബദലായി പോലീസ് ചാർജ്ജ് ചെയ്ത കേസിൽ ബിജെപി പ്രവർത്തകരെ ഇന്നലെ കോടതിയിൽ ഹാജരാക്കിയപ്പോൾ സിപിഐഎം ആസൂത്രിതമായി ആക്രമണം അഴിച്ചുവിടുകയായിരുന്നു. അറസ്റ്റിലായവർക്കൊപ്പം കോടതിയിലെത്തിയ ആർഎസ്എസ്ബിജെപി പ്രവർത്തകരെ സിപിഎമ്മുകാർ ആക്രമിക്കുകയും സംഭവം മാദ്ധ്യമപ്രവർത്തകരെ ബിജെപി ആക്രമിയ്ക്കലായിരുന്നുവെന്ന് പ്രചരിപ്പിക്കുകയുമായിരുന്നു. സംഭവത്തിൽ ഏഷ്യാനെറ്റ്, ലോക്കൽ കേബിൾ റിപ്പോർട്ടർമാർക്ക് പരിക്കു പറ്റി. ക്യാമറ തകർന്നു. ഏഷ്യാനെറ്റിന്റെ ശ്യാംലാലിനാണ് പരിക്ക് പറ്റിയെന്നും ജന്മഭൂമി പറയുന്നു.
പ്രശ്നങ്ങൾക്കു തുടക്കം കുറിച്ചത് ഒരു സിപിഎം പ്രവർത്തകന്റെ മകനായിരുന്നു. റിപ്പോർട്ടർ ചാനലിന്റെ ജീവനക്കാരനായ ഇയാൾ ഡ്യൂട്ടിയിലില്ലാതെ സ്ഥലത്തെത്തി മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്തുകയായിരുന്നു. കോടതി വളപ്പിൽ നേരത്തേതന്നെ ഒത്തുചേർന്നിരുന്ന സിപിഐഎം പ്രവർത്തകർക്കൊപ്പമായിരുന്നു ഇയാളുടെ ചെയ്തികൾ. അവരിൽ ചിലർ അപ്പപ്പോൾ ചിത്രങ്ങൾ ഇന്റർനെറ്റുവഴി ആർക്കോ അയച്ചുകൊടുക്കുന്നുമുണ്ടായിരുന്നു. മുമ്പ് തളിപ്പറമ്പിൽ അരിയിൽ ഷുക്കൂറിനെ പരസ്യ വിചാരണ നടത്തി സിപിഎം നേതാക്കൾ കൊലചെയ്തപ്പോൾ ഇങ്ങനെ ഫോട്ടോ തിരിച്ചറിയൽ നടത്തിയിരുന്നുവെന്നും ജന്മഭൂമി എടുത്തു പറയുന്നുണ്ട്.
പ്രവർത്തകരുടെ ചിത്രം മൊബൈൽ ഫോണിൽ പകർത്തുന്നതു ചിലർ ചോദ്യം ചെയ്തപ്പോൾ ടിവി ചാനൽ പ്രവർത്തകരാണെന്ന് അവർ അവകാശപ്പെടുകയും ക്യാമറ എവിടെ, തിരിച്ചറിയൽ കാർഡുണ്ടോ തുടങ്ങിയ മറു ചോദ്യങ്ങൾക്ക് തെറിവിളിനടത്തുകയുമായിരുന്നു. തുടർന്ന്, സംഘടിതരായെത്തിയ സിപിഎമ്മുകാർ ആർഎസ്എസ്ബിജെപി പ്രവർത്തകരെ ആക്രമിച്ചു. പ്രതിരോധിയ്ക്കാനൊരുങ്ങുമ്പോൾ ഏഷ്യാനെറ്റ്, ലോക്കൽ കേബിൾ ടിവി പ്രവർത്തകരെ പ്രതിരോധമറയായി മുന്നിൽനിർത്തി സിപിഎമ്മുകാർ ആക്രമണം തുടർന്നു.
ഏഷ്യാനെറ്റ് ക്യാമറാമാനെ മറയാക്കി ആക്രമണം നടത്തിയ സിപിഐഎമ്മുകാരോടുള്ള ആർഎസ്എസിന്റെ പ്രതികരണമാണ് പത്രപ്രവർത്തകരെ ഭീഷണിപ്പെടുത്തലെന്ന് ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതെന്നും പത്രം പറയുന്നു. കഴിഞ്ഞ ദിവസം ഷൊർണ്ണൂർ എംഎൽഎ: പി.കെ. ശശി പോലീസുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത് വൻ വിവാദവും വിമർശനവുമായപ്പോൾ അതിൽനിന്നു ശ്രദ്ധ തിരിയ്ക്കാനാണ് ഒറ്റപ്പാലം കോടതി വളപ്പിൽ സിപിഐഎം ആക്രമണം ആസൂത്രണം ചെയ്തു നടപ്പിലാക്കിയതെന്നാണ് പത്രഭാഷ്യം.