പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കൊപ്പമുള്ള മെട്രോ ട്രെയ്‌നിലെ കുമ്മനത്തിന്റെ യാത്ര വിവാദമായിരുന്നു.രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ശക്തമായതോടെ മറുപടിയുമായി കുമ്മനം തന്നെ രംഗത്തെത്തി.തന്നെ സര്‍ക്കാര്‍ വാഹനത്തിലാണ് കൊണ്ടുവന്നതെന്നും മോദിയ്‌ക്കൊപ്പം യാത്ര ചെയ്യാന്‍ അനുമതിയുണ്ടായിരുന്നുവെന്നും കുമ്മനം വ്യക്തമാക്കി.പ്രധാനമന്ത്രിയോടൊപ്പം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ യാത്ര ചെയ്തത് ഔദ്യോഗികമായി തന്നെയാണ് .യാത്ര ചെയ്യുന്നവരുടെ പ്രോട്ടോകോള്‍ പട്ടിക പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറാക്കിയവരില്‍ കുമ്മനം രാജശേഖരനുമുണ്ടായിരുന്നു. എന്നാല്‍ ഈ പട്ടിക കേന്ദ്രം സംസ്ഥാനത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിരുന്നില്ല.
കുമ്മനത്തിന്റെ യാത്രയ്‌ക്കെതിരെ ആരോപണവുമായി ഇടതുപക്ഷ നേതാക്കള്‍ വന്നതോടെ ബിജെപി നേതാക്കള്‍ പ്രതികരണവുമായും രംഗത്തു വന്നു. കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിനോടനുബന്ധിച്ച് നടന്ന മെട്രോ യാത്രയില്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കു ഗവര്‍ണര്‍ക്കുമൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ യാത്ര ചെയ്തത് സുരക്ഷാ വീഴ്ച്ചയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു.ഇത് അല്‍പ്പത്തരമാണെന്നും പരിഹസിച്ചിരുന്നു.ഇ.ശ്രീധരനെടക്കമുള്ളവരെ വേദിയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചിടത്താണ് ഒരു പഞ്ചായത്തംഗം പോലുമായിട്ടില്ലാത്ത ഒരാളെ പ്രധാനമന്ത്രിയുടെ പൂര്‍ണമായും ഔദ്യോഗികമായ പരിപാടിയില്‍ ഇടിച്ചു കയറാന്‍ അനുവദിച്ചത് എന്ന് കടകംപള്ളി പറഞ്ഞു. എന്നാല്‍ മറുപടിയുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍ എത്തി. പ്രധാനമന്ത്രിയുടെ സുരക്ഷ നോക്കാന്‍ എസ്. പി. ജിക്കറിയാം അതിന് കടകം പള്ളി വേവലാതിപ്പെടേണ്ടെന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്. പ്രധാനമന്ത്രിയുടെ പരിപാടിയില്‍ ആരു പങ്കെടുക്കണം വേണ്ട എന്നൊക്കെ തീരുമാനിക്കുന്നത് പ്രധാനമന്ത്രിയാണെന്നും വിവരക്കേട് പറയുന്നതില്‍ ഒരതിരുണ്ടെന്നും കടകം പള്ളി സുരേന്ദ്രനോട് കെ സുരേന്ദ്രന്‍ പറഞ്ഞു
പ്രധാനമന്ത്രി കുമ്മനത്തിനൊപ്പമുള്ള ചിത്രം പുറത്തുവിട്ടതും പിണറായി കുമ്മനത്തെ ഒഴിവാക്കി യാത്ര ചെയ്യുന്ന ചിത്രം പുറത്തുവിട്ടതും ശ്രദ്ധേയമായി.