കണ്ണൂർ :ജിഹാദി ചുവപ്പ് ഭീകരതക്കെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ‘ജനരക്ഷായാത്ര’ സി.പി.എമ്മിന് നേട്ടമാകുന്നു.രാഷ്ട്രീയ എതിരാളികള്‍ പ്രധാനമായും മൂന്ന് സംസ്ഥാനത്ത് മാത്രം എതിരാളിയായി കാണുന്ന സി.പി.എമ്മിനെതിരെ രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും പ്രതിഷേധ മാര്‍ച്ച് നടത്തുന്ന ബി.ജെ.പി നടപടി ദേശീയ തലത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സി.പി.എമ്മിനോടുള്ള സ്വീകാര്യത വര്‍ദ്ധിപ്പിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാ, യു പി മുഖ്യമന്ത്രി ആദിത്യനാഥ് തുടങ്ങി ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേന്ദ്ര മന്ത്രി പടയും ജനരക്ഷായാത്രയില്‍ അണിനിരക്കുന്നത് സി.പി.എമ്മിനെ എത്രമാത്രം രാജ്യം ഭരിക്കുന്ന ബി.ജെ.പി ഭയക്കുന്നു എന്നതിന്റെ തെളിവായിട്ടാണ് സി.പി.എം വ്യാപകമായി പ്രചരിപ്പിക്കുന്നത്.
വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന ചെങ്കൊടി പ്രസ്ഥാനം എക്കാലത്തും കാവി പടക്ക് പേടി സ്വപ്നമാണെന്ന് സി.പി.എം ചൂണ്ടിക്കാട്ടുമ്പോള്‍ ചങ്കിടിക്കുന്നത് മുസ്ലീം ലീഗിനും കോണ്‍ഗ്രസ്സിനുമാണ്.ബി.ജെ.പിയുടെ ഈ രണ്ടും കല്‍പ്പിച്ചുള്ള നീക്കം സി.പി.എമ്മിന് നേട്ടമായി മാറുന്നത് എങ്ങനെ തടയാന്‍ പറ്റുമെന്ന ആലോചനയിലാണ് യു.ഡി.എഫ്.തിരക്കിട്ട് 16ന് കേരള ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് കേന്ദ്രകേരള സര്‍ക്കാറുകള്‍ക്കെതിരെ സ്വന്തം അണികളുടെ വികാരമെങ്കിലും ‘കത്തിച്ച്’ നിര്‍ത്തുന്നതിനു വേണ്ടി മാത്രമാണ്.ഹര്‍ത്താല്‍ വിരുദ്ധനായ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസ്സന് തന്നെ മുന്നണി നേതൃത്വത്തോട് ഹര്‍ത്താലിന്റെ ‘ പ്രസക്തി’ വ്യക്തമാക്കേണ്ട ഗതികേടാണ് ഇപ്പോള്‍ ഉള്ളത്.ഹര്‍ത്താല്‍ പ്രഖ്യാപനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേത് ആയിരുന്നുവെങ്കിലും തീരുമാനം ഹസ്സന്റേത് കൂടിയായിരുന്നു.
പെട്രോളിയം വില വര്‍ദ്ധനവിനെതിരെ കേന്ദ്രത്തെയും ജി.എസ്.ടി മൂലം ഉണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയാത്തതിന് കേരള സര്‍ക്കാറിനെയും കുറ്റപ്പെടുത്തിയാണ് ഹര്‍ത്താല്‍.അതേസമയം ദേശീയ തലത്തിലും ബി ജെ പിയുടെ ഇപ്പോഴുള്ള സി.പി.എം വിരുദ്ധ പ്രചരണവും സമരവും സി.പി.എമ്മിന് വലിയ ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്.പ്രതിപക്ഷത്ത് വീണ്ടും നിര്‍ണ്ണായക സ്ഥാനം സി.പി.എമ്മിന് മറ്റു മതേതര പാര്‍ട്ടികള്‍ കല്‍പ്പിച്ചു നല്‍കുന്ന സാഹചര്യമാണ് ഇതോടെ ഉരുതിരിഞ്ഞിരിക്കുന്നത്.ബി.ജെ.പിയും ആര്‍.എസ്.എസും ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്ന പാര്‍ട്ടി മാത്രമല്ല എതിര്‍ക്കുന്ന നേതാവും സി.പി.എമ്മില്‍ നിന്നു തന്നെയാണ്.മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബി.ജെ.പി ദേശീയ പ്രസിഡന്റും ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുമെല്ലാം റോഡിലിറങ്ങി മുദ്രാവാക്യം മുഴക്കുമ്പോള്‍ അത് രാജ്യത്തെ സംബന്ധിച്ച് അസാധാരണമായ ഒരു കാഴ്ച തന്നെയാണ്.
എല്ലാ സംസ്ഥാനങ്ങളിലും സംഘടിപ്പിച്ച മാര്‍ച്ചിന് സമാന്തരമായി ദല്‍ഹിയില്‍ സി.പി.എം കേന്ദ്ര കമ്മിറ്റി ഓഫീസായ എ.കെ.ജി ഭവനിലേക്ക് നടത്തിയ മാര്‍ച്ചിന് കേന്ദ്ര മന്ത്രി തന്നെ നേതൃത്വം കൊടുത്തത് രാഷ്ട്രീയ കേന്ദ്രങ്ങളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.ഭരണഘടനാ പരമായ ദൗത്യം നിര്‍വ്വഹിക്കേണ്ട കേന്ദ്ര മന്ത്രിമാരും മുഖ്യമന്ത്രിമാരും സംഘര്‍ഷഭരിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നത് ശരിയല്ലന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.