തനിക്കില്ലെങ്കിൽ മറ്റാർക്കും വേണ്ട: നമ്പിനാരായണനെ ആദരിച്ചതും അപമാനിച്ചതും ബിജെപി; ലക്ഷ്യം കടുത്ത രാഷ്ട്രീയം മാത്രം; ലക്ഷ്യം തിരുവനന്തപുരം ലോക്‌സഭാ സീറ്റ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പുരസ്‌കാരം നൽകിയ കൈ കൊണ്ടു തന്നെ നമ്പിനാരായണൻ എന്ന ശത്രുവിനെ നിഗ്രഹിച്ചും ബിജെപി. പത്മപുരസ്‌കാരം നൽകിയ നമ്പിനാരായണനെ ആദരിച്ചതിന്റെ അവകാശം ഒരു വശത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റെടുക്കുമ്പോൾ, മറുവശത്ത് നമ്പിനാരായണനെ കടന്നാക്രമിക്കുകയാണ് അടുത്തിടെ മാത്രം ബിജെപിയായ മുൻ സംസ്ഥാന പൊലീസ് മേധാവി ടി.പി സെൻകുമാർ. ലക്ഷ്യം തികച്ചും രാഷ്ട്രീയം മാത്രം. തിരുവനന്തപുരത്ത് നമ്പിനാരായണൻ സ്ഥാനാർത്ഥിയാകരുത്..! ആകുന്നെങ്കിൽ അത് ബിജെപി സ്ഥാനാർത്ഥി മാത്രമാകണം.
ചാരക്കേസിൽ നമ്പിനാരായണനെ സുപ്രീം കോടതി കുറ്റവിമുക്തനാക്കിയ വിധി വന്നപ്പോൾ മുതൽ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ നമ്പിനാരായണന്റെ പേര് പറഞ്ഞു കേട്ടിരുന്നതാണ്. പ്രധാനമായും ഇടതു പക്ഷത്തെ സ്വതന്ത്ര സ്ഥാനാർത്ഥിയായി നമ്പിനാരായണൻ വരുമെന്നതായിരുന്നു സോഷ്യൽ മീഡിയയിലെ പ്രധാന പ്രചാരണം. ഇതിനിടെ പല തവണ ബിജെപിയുടെ സ്ഥാനാർത്ഥിയായി നമ്പിനാരായണൻ എത്തുമെന്ന പ്രചാരണവും ശക്തമായി. കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട നമ്പിനാരായണൻ 30 വർഷം അനുഭവിച്ച മാനസിക പീഡനത്തിനത്തിനുള്ള നഷ്ടപരിഹാരമായി സുപ്രീം കോടതി അനുവദിച്ച തുക കൃത്യമായി കൈകളിൽ എത്തിച്ച ഇടത് സർക്കാർ ഈ ചർച്ചകൾക്ക് ആവശ്യത്തിന് വെള്ളവും വളവും നൽകി. കോൺഗ്രസുമായി പൂർണമായും അകന്ന നമ്പിനാരായണൻ ഇടതുമായി കൂടുതൽ അടുക്കുന്നതായാണ് പ്രചാരണം ഉണ്ടായത്. എന്തിന് സംസ്ഥാന സർക്കാർ പത്മശ്രീയ്ക്കായി സമർപ്പിച്ചവരുടെ പട്ടികയിൽ പോലും നമ്പിനാരായണന്റെ പേരും ഉൾപ്പെട്ടു.
ഇതോടെയാണ് ബിജെപി തന്ത്രം മാറ്റിപ്പിടിച്ചത്. സംസ്ഥാന സർക്കാർ പത്മശ്രീയ്ക്ക് ശുപാർശ ചെയ്ത നമ്പിനാരായണന്റെ പേര് ബിജെപി എംപി രാജീവ് ചന്ദ്രശേഖർ വഴി പത്മഭൂഷണിലേയ്ക്ക് എത്തിച്ചത് ആദ്യത്തെ രാഷ്ട്രീയ തന്ത്രമായിരുന്നു. സിപിഎമ്മിന്റെ തലയ്ക്കു മുകളിൽ കയറി വെട്ടിയ പ്രധാനമന്ത്രി നരേന്ദ്രമോദി, ഇന്ന് തൃശൂരിൽ ഒരു പടി കൂടി കടന്നടിച്ചു. രാജ്യത്തിന്റെ അഭിമാനമായ ശാസ്ത്രജ്ഞരെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ച പാരമ്പര്യമാണ് കോൺഗ്രസിന് എന്ന് പറഞ്ഞ അദ്ദേഹം നമ്പിനാരായണനെ ആദരിച്ചത് ബിജെപി ആണെന്ന അവകാശത്തോടെ ഒരു ചുവട് മുന്നോട്ടു വച്ചു. ഇതിനിടെയാണ് നമ്പിനാരായണൻ ഇടതു സ്ഥാനാർത്ഥിയായി തിരുവനന്തപുരത്ത് എത്തുമെന്ന ചർച്ച പടർന്നത്. ഇതോടെയാണ് സെൻകുമാറിനെ ഇറക്കി ഇതിനെ വെട്ടാനുള്ള ചർച്ചയ്ക്ക് ബിജെപി തുടക്കമിട്ടത്. രാജ്യ വിരുദ്ധനാണ് സെൻകുമാർ എന്ന രീതിയിൽ അന്വേഷണ ഉദ്യോഗസ്ഥൻ തന്നെയായ സെൻകുമാറിന്റെ മൊഴി പുറത്ത് എത്തിയതോടെ ചർച്ച മുഴുവൻ ആ രീതിയിലേയ്ക്ക് മാറി. ഇനി നമ്പിനാരായണൻ ഇടത് സ്്ഥാനാർത്ഥിയായി തിരുവനന്തപുരത്ത് മത്സരിച്ചാൽ പോലും ഇവിടെ പ്രധാന എതിർ പ്രചാരകൻ സെൻകുമാർ ആകുമെന്ന് ഉറപ്പായി. ഇതിനുള്ള മറു തന്ത്രം തന്നെയാണ് ഇക്കുറി ബിജെപി സെൻകുമാറിലൂടൈ പയറ്റുന്നത്. തിരുവനന്തപുരം പിടിക്കാൻ ഇരുതല മൂർച്ചയുള്ള വാൾ തന്നെ പ്രയോഗിക്കുകയാണ് ബിജെപി ഇക്കുറി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top